അത്യാധുനിക ആശയങ്ങളുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ പവലിയൻ ഐറിസൊരു അനുഭവം
കേരള ചരിത്രത്തെപ്പറ്റി ഗഹനമായ ഒരു ക്ലാസ്സ് നടക്കുകയാണ്. എന്നാൽ ക്ലാസ്സെടുക്കുന്ന അധ്യാപികയാവട്ടെ ഒരു റോബോട്ടും. ഇന്ത്യയിലെ ആദ്യത്തെ എ.ഐ. അധ്യാപികയായ ഐറിസിനെ എന്റെ കേരളം പ്രദർശനമേളയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ പവിലിയനിൽ പരിചയപ്പെടാം. കുട്ടികൾക്കുള്ള സംശയങ്ങൾ ലളിതമായി പറഞ്ഞുകൊടുക്കാൻ ഐറിസിനാവും. മേക്കർലാബ്സ് എഡ്യൂടെക് വികസിപ്പിച്ചെടുത്ത ഐറിസ് വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായ പഠന അനുഭവങ്ങൾ പകർന്ന് നൽകി പരമ്പരാഗത അധ്യാപനരീതികളെ പരിവർത്തനം ചെയ്യുകയാണ്.
ഡ്രോണിന്റെ മാസ്മരികലോകത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുന്ന ഡ്രോൺ എക്സ്പീരിയൻസ് സെന്ററും ഇവിടെ സജ്ജമാണ്. ഫ്യൂസിലേജ് ഇന്നോവേഷൻസ് ഒരുക്കിയ ഈ സെന്ററിനോടൊപ്പം പാടങ്ങളിൽ അനായാസമായി മരുന്നു തളിക്കാനായി ഉപയോഗിക്കുന്ന അഗ്രികൾച്ചറൽ ഡ്രോണിന്റെയും സർവെയിലൻസ് ഡ്രോണിന്റെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ജെൻ എ.ഐ. എക്സ്പീരിയൻസ് സെന്ററിലാവട്ടെ ശബ്ദത്തിലൂടെ വീഡിയോ നിര്‍മ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കല്‍, പുതുതലമുറ വാക്കുകളുടെ വിശകലനം എന്നിവ എങ്ങനെ കൃത്യമായി ചെയ്യാമെന്നുള്ള കൃത്യമായ വഴികാട്ടലാണ്. യുഎസ്. വിസ ഇന്റർവ്യൂ തയ്യാറെടുപ്പുകൾ എ.ഐ.യുടെ സഹായത്തോടെ ചെയ്യാൻ സഹായകമാകുന്ന വിസമോങ്ക്സ് എന്ന ഫോറിൻ അഡ്മിറ്റ്സ് കമ്പനിയുടെ ഇന്റർവ്യൂ പ്ലാറ്റ്ഫോമും ഇവിടെ ശ്രദ്ധയാകർഷിക്കുകയാണ്.
ഹോളോഗ്രാം, റബർ കർഷക മേഖലയിലെ പാൽ സംഭരണം അനായാസമാക്കുന്ന ബാഗുകൾ, ഓർഗാനിക് പ്രോഡക്ട്സ്, ബയോബ്രിക്സ്, തുണിസഞ്ചികൾ, ഫാം ഓട്ടോമേഷൻ എന്നിവയുടെ വിപുലമായ പ്രദർശനവും ഇവിടെയുണ്ട്.
ഭാവിയുടെ സാങ്കേതികവിദ്യയെ തൊട്ടറിയാനായി ജനങ്ങൾക്കായി മേളയിൽ ഒരുങ്ങിയിരിക്കുന്നത് എട്ട് സ്റ്റാർടപ്പുകളാണ്.
- Log in to post comments