Skip to main content

പശ്ചാത്തല വികസന മേഖലയിൽ സാധ്യമായതെല്ലാം സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കി- മന്ത്രി മുഹമ്മദ്‌ റിയാസ്

പശ്ചാത്തല വികസന മേഖലയിൽ ആവശ്യമായ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടു നടപ്പിലാക്കിയാണ് കഴിഞ്ഞ ഒൻപത് വർഷം സർക്കാർ മുൻപോട്ട് പോയതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. നവീകരിച്ച ഈങ്ങാപ്പുഴ കാക്കവയൽ റോഡ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനു ആറ്, എട്ട് വളവുകളിലെ വീതി വർധിപ്പിക്കാൻ 38 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ലക്കിടി- അടിവാരം റോപ്പ് വേക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും പി.പി.പി മോഡലിൽ തയ്യാറാവുന്ന പദ്ധതി ടൂറിസം-പശ്ചാത്തല വികസന മേഖലയിൽ വലിയ നേട്ടമുണ്ടാക്കുമെന്നും  മന്ത്രി പറഞ്ഞു.

പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലകളെയും കക്കാട് ഇക്കോ ടൂറിസത്തെയും വനപർവ്വം ബയോഡൈവേഴ്സിറ്റി പാർക്കിനെയും നാഷണൽ ഹൈവേ 766 മായി ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ കാക്കവയൽ റോഡ്‌ രണ്ട് ഘട്ടങ്ങളിലായി നാലു കോടി രൂപ മുടക്കിയാണ് നിർമിച്ചത്.
2.670 കിലോമീറ്റർ നീളവും അഞ്ചര മീറ്റർ വീതിയുമാണുള്ളത്. 105 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി, റോഡിന്റെ ഇരുവശത്തുമായി  നീളത്തിൽ ഡ്രൈനേജ്, ഏഴു കലുങ്കുകൾ, ആവശ്യമായ ഭാഗങ്ങളിൽ സ്ലാബ് എന്നി നൽകികൊണ്ട് ബി എം, ബി സി നിലവാരത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. റോഡ്‌ സുരക്ഷ സംവിധാനങ്ങൾക്കാവശ്യമായ റോഡ്‌ മാർക്കിങ്ങുകളും സുരക്ഷ ക്രമീകരങ്ങൾ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.

 ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷിജു ഐസക്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കെ പി സുനീർ, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അമൽ രാജ്, ഡെന്നി വർഗീസ്, അമ്പുടു ഗഫൂർ, ബിജു ചേരപ്പനാൽ, റോഡ്സ് സുപ്രണ്ടിങ് എഞ്ചിനീയർ പി കെ മിനി, സംഘാടക സമിതി കൺവീനർ എം ഇ ജലീൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ ആർ ജൽജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം റിപ്പോർട്ട്‌ അവതരിപ്പിച്ചു.
 

date