ജല്‍ജീവന്‍ മിഷന്‍: പൈപ്പിടല്‍ കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ല വികസന സമിതി നിര്‍ദേശം
ജില്ലയില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായ പൈപ്പിടല്‍ പ്രവൃത്തി കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശം. സച്ചിന്‍ദേവ് എംഎല്‍എയാണ് ഈ ആവശ്യം ഉന്നയിച്ചത്. രണ്ട് കോടി രൂപ ചെലവില്‍ തോണിക്കടവില്‍ നടക്കുന്ന ടൂറിസം പ്രവൃത്തികളുടെ ഡിപിആര്‍ തയാറാക്കല്‍ നടപടികള്‍ വേഗത്തിലാക്കണം. കിലയുടെ നേതൃത്വത്തില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ മോണിറ്റര്‍ ചെയ്യാന്‍ ജില്ലാതലത്തില്‍ നടപടികള്‍ വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
തരംമാറ്റം അപേക്ഷയിലെ കാലതാമസം ഒഴിവാക്കി തീര്‍പ്പ് കല്‍പ്പിക്കാന്‍ ടാര്‍ഗറ്റുകള്‍ നിശ്ചയിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നിര്‍ദേശിച്ചു. ദേശീയപാത വികസനത്തിനായി പൂനൂര്‍ പുഴയില്‍ കെട്ടിയ ബണ്ട് പൊളിക്കാത്തതിനാല്‍ കണ്ണാടിക്കല്‍ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യമുണ്ടെന്നും പരിഹരിക്കാന്‍ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വടകര റവന്യു ടവര്‍ തുടര്‍പ്രവൃത്തികളിലെ തടസ്സങ്ങള്‍ നീക്കി നടപടികള്‍ സുഗമമാക്കണമെന്ന് കെ കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. ദേശീയപാതയില്‍ ചോറോട് ഭാഗത്ത് സര്‍വീസ് റോഡ് അനുവദിക്കുന്നത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.
കുറ്റിക്കാട്ടൂര്‍, പെരുവയല്‍ വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിട നിര്‍മാണത്തിന് സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പിടിഎ റഹീം എംഎല്‍എ ആവശ്യപ്പെട്ടു. ഒളവണ്ണ തൊണ്ടിലക്കടവ് പാലം അപ്രോച്ച്, മാമ്പുഴപ്പാലം, പെരിങ്ങളം, ചെത്തുകടവ്-മെഡിക്കല്‍ കോളേജ് റോഡ് നവീകരണം, കുന്ദമംഗലം ബൈപ്പാസ് എന്നീ പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദേശിച്ചു.
സംസ്ഥാന പ്ലാന്‍ പദ്ധതികളില്‍ ജില്ല മികച്ച മുന്നേറ്റമുണ്ടാക്കിയതായി ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ അറിയിച്ചു. സംസ്ഥാനത്ത് തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനായതില്‍ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. തദ്ദേശ സ്ഥാപന ഫണ്ട് ചെലവഴിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ഓര്‍മിപ്പിച്ചു.
യോഗത്തില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ് അധ്യക്ഷനായി. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി പി സുധീഷ് സംസാരിച്ചു. മാര്‍പ്പാപ്പയുടെയും ചരിത്രകാരന്‍ എംജിഎസ് നാരായണന്റെയും വേര്‍പാടില്‍ യോഗം അനുശോചിച്ചു.
- Log in to post comments