ജീവിതമാണ് ലഹരി സന്ദേശം ഇന്ററാക്റ്റീവ് ഗെയിമുകളിലൂടെ പകർന്ന് എക്സൈസ്
'മയക്കുമരുന്നല്ല; ജീവിതം തന്നെയാണ് ലഹരി' എന്ന് വെറുതെ പറഞ്ഞു പോകുകയല്ല എക്സൈസ് വകുപ്പ്. ഇന്ററാക്റ്റീവ് ഗെയിമുകളിലൂടെ ജീവിതത്തിന്റെ രസം യുവജനങ്ങളിൽ എത്തിക്കുന്ന സ്റ്റാൾ ആണ് എന്റെ കേരളം പവലിയനിൽ 'വിമുക്തി' പദ്ധതിയുടെ ബാനറിൽ എക്സൈസ് ഒരുക്കിയിട്ടുള്ളത്.
യുവജനതയിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് ലഹരിയെ തുടച്ചുനീക്കി ജീവിതമെന്ന പോസിറ്റീവ് ലഹരിയിലേക്കെത്തിക്കുകയാണ് സ്റ്റാളിലൂടെ. ഡാറ്റ് ബോർഡ്, ത്രോ ബോൾ, പസ്സിൽ എന്നീ ഗെയിമുകളാണ് ഇതിനായി തയാറാക്കിയത്. ത്രോ ബോളിൽ മിന്നുന്ന പ്രകടനം നടത്തുന്ന കുട്ടികൾക്ക് സമ്മാനവുമുണ്ട്.
പ്രായഭേദമന്യേ ആരെയും ആകർഷിക്കുന്ന സ്റ്റാളിൽ നോ ടു ഡ്രഗ്സ് സിഗ്നേച്ചർ ക്യാമ്പയിൻ, സെൽഫി കോർണർ എന്നിവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒൻപത് വർഷക്കാലത്തെ മയക്കുമരുന്ന് കേസുകൾ, കേസുകളിൽ നടപ്പിലാക്കിയ ഉയർന്ന ശിക്ഷകളുടെ പത്രകുറിപ്പുകൾ, ചിത്രങ്ങൾ, വീഡിയോ എന്നിവയ്ക്ക് പുറമെ മയക്കുമരുന്ന് ഉപയോഗത്തിലൂടെ സമൂഹത്തിന് സംഭവിക്കുന്ന വിപത്ത് സംബന്ധിച്ച് സന്ദർശകർക്ക് ബോധവത്കരണവും നൽകുന്നു. ജീവിതം എന്നത് ഉന്നം തെറ്റാതെ നിശ്ചിത പരിധിക്കുള്ളിൽ തീർക്കേണ്ട ലക്ഷ്യമാണെന്ന സന്ദേശമാണ് ഡാറ്റ് ബോർഡ് ഗെയിമിലൂടെ പ്രചരിപ്പിക്കുന്നത്. ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയെന്ന പ്രചോദനത്തോടെ ഐ ലവ് മൈ ലൈഫ് ഏരിയയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
- Log in to post comments