Skip to main content

അഞ്ചുചങ്ങല പട്ടയ പ്രശ്നം പരിഹരിച്ചു

# ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും: മന്ത്രി കെ രാജന്‍#

പാറശ്ശാല മണ്ഡലത്തിലെ അഞ്ചുചങ്ങല പ്രദേശത്തെ പട്ടയ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.  പ്രദേശത്തെ 1000 ത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. നെയ്യാര്‍ ഡാം റിസര്‍വോയറിന് ചുറ്റുമായി കള്ളിക്കാട്, അമ്പൂരി, വാഴിച്ചാല്‍ വില്ലേജുകളിലായി താമസിക്കുന്ന ആയിരത്തിലധികം വരുന്ന ആളുകളുടെ പട്ടയം എന്ന സ്വപ്നമാണ് സര്‍ക്കാര്‍ സാക്ഷാത്ക്കരിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഇവരുടെ ഭൂമി ബിടിആറില്‍ റവന്യൂ ഭൂമിയ്ക്ക് പകരം ക്ലാമല റിസര്‍വ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതായിരുന്നു പട്ടയം നല്‍കാനുള്ള തടസ്സമായി നിലനിന്നിരുന്നത്. വനം വകുപ്പ് വനഭൂമി എന്ന അവകാശ വാദവും ഉന്നയിച്ചിരുന്നു. കൂടാതെ ഇറിഗേഷന്‍ വകുപ്പും സ്ഥലത്ത് അവകാശ വാദം ഉന്നയിച്ചു. തര്‍ക്കം മൂലം പട്ടയം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയായി.

റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ വനം, ഇറിഗേഷന്‍ വകുപ്പ് മന്ത്രിമാര്‍, സ്ഥലം എംഎല്‍എ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സ്ഥലം സര്‍വ്വെ ചെയ്യുവാന്‍ തീരുമാനിക്കുകയും സര്‍വ്വെ പൂര്‍ത്തിയായപ്പോള്‍  റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തുകയും ചെയ്തു. വനം വകുപ്പ്  അവകാശ വാദം ഉപേക്ഷിക്കുകയും ചെയ്തതോടെ അഞ്ചുചങ്ങല പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങളുടെ സ്വപ്‌നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്.  

പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രനാണ് ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പട്ടയം നല്‍കുന്നതിന് ബിടിആറില്‍ സ്ഥലത്തിന്‍റെ ഇനം മാറ്റേണ്ടതുണ്ട്. ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരികയും സര്‍ക്കാരിന്‍റെ സവിശേഷ അധികാരം ഉപയോഗിച്ച് ബിടിആറില്‍ പ്രസ്തുത പ്രദേശത്തിന്‍റെ സ്റ്റാറ്റസ് സംബന്ധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തുന്നതിനും തുടര്‍ന്ന് അര്‍ഹരായ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും റവന്യൂ മന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നൽകി.

date