Skip to main content

ചാറ്റ് ജിപിടിയുടെ കാലത്ത് കോഴ്സ് തെരഞ്ഞെടുക്കുന്നത് ഏറെ പ്രധാനമെന്ന് സെമിനാർ

 

നിർമിതി ബുദ്ധിയുടെയും ചാറ്റ് ജിപിടിയുടെയും കാലത്ത് വിദ്യാർത്ഥികൾ  കോഴ്സുകൾ തെരഞ്ഞെടുക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് കരിയർ ഗൈഡൻസ് സെമിനാർ. എന്റെ കേരളം മേളയുടെ സമാപന ദിവസം സംസ്ഥാന പിന്നാക്ക വികസന വകുപ്പും
എച്ച്സിഎല്ലും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പ്ലസ് ടു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറാകുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട വിവിധ കോഴ്സുകളെ കുറിച്ചാണ് ക്ലാസുകൾ എടുത്തത്. കരിയർ രംഗത്ത് വലിയ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. നിർമിതി ബുദ്ധി, റോബോട്ടിക്സ്, ഡാറ്റ സയൻസ്, മെഷീൻ ലേണിങ് തുടങ്ങിയ പുതു മേഖലകൾ വന്നതോടെ കരിയർ  മേഖല വലിയ മാറ്റങ്ങൾക്ക്
വിധേയമായി. തൊഴിൽ മേഖലകളെ കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പം മാറി. വിദ്യാർത്ഥികൾക്ക് സ്വയം വിഷയങ്ങൾ തെരഞ്ഞെടുക്കാൻ ഇന്ന് സാധിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല വലിയ  മാറ്റങ്ങൾക്ക് വിധേയമാവുന്നു.  നഴ്സിങ്  ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻട്രൻസ് വരുന്നു.

കരിയർ രംഗത്ത് മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, ഫാർമസി, ജേണലിസം, സൈക്കോളജി, സോഷ്യൽ വർക്ക്, നിയമ പഠനം, സിഎ, എസിസിഎ, സിഎംഎ, ബിസിനസ്‌ മാനേജ്മെന്റ്, ബയോ ടെക്നോളജി, മൈക്രോബയോളജി, ബയോ സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിവ ഇന്ന് ഒരുപാട് സാധ്യതകൾ ഉള്ള മേഖലയാണ്.

രാജ്യത്തെ പ്രീമിയം വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയവ വിദ്യാർഥികളെ സംബന്ധിച്ച് തൊഴിൽ സാധ്യതയും കരിയർ സാധ്യതയും  ഉയർത്തുന്ന സ്ഥാപനങ്ങളാണ്. നിർമിതി ബുദ്ധി പഠനവും അനിവാര്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾ വിദേശ പഠനങ്ങൾക്ക് താല്പര്യപ്പെടുമ്പോൾ  കൃത്യമായ  അവബോധത്തോടെ വേണം കോഴ്സുകളെ സമീപിക്കാനെന്നും സെമിനാർ അഭിപ്രായപ്പെട്ടു. കോഴ്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യത്തിലെ ഭാഷ കൈകാര്യം ചെയ്യാൻ പഠിക്കുകയെന്നത്  പ്രാധാന്യമർഹിക്കുന്നതാണ്. കൗൺസിലിങ് സൈക്കോളജിസ്റ്റും കരിയർ കൗൺസിലറുമായ പി ഒ മുരളീധരൻ, എച്ച്സിഎൽ ടെക്‌നോളജീസ് ക്ലസ്റ്റർ ഹെഡ് ടിന സി ഷെറി എന്നിവർ ക്ലാസുകൾ നയിച്ചു.

 

--

date