ജില്ലയിലെ ആദ്യ വനിതാ ദഫേദാര്‍ ചുമതലയേറ്റു
വെള്ള ചുരിദാറിനു കുറുകെ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെല്‍റ്റും തലപ്പാവും ധരിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ. സിജിയാണ് ആദ്യ വനിതാ ദഫേദാര്‍.
മാഞ്ഞാലി തുവയൂര്‍ തെക്ക് സ്വദേശിനിയാണ് അനുജ. ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കലക്ടറുടെ ദഫേദാര്‍. 20 വര്‍ഷമായി സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടര്‍ ഓഫീസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും ഹാജരാകണം. ഭര്‍ത്താവ് വിനീഷും മക്കളായ കാശിനാഥും കൈലാസനാഥും പൂര്‍ണ പിന്തുണയുമായുണ്ട്.
- Log in to post comments