*കൗതുകമായി എ.ഐ സ്മാര്‍ട്ട് സിറ്റി*
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സ്റ്റാളില്‍ പള്ളിക്കുന്ന് ലൂര്‍ദ്മാത എല്‍.എം.എച്ച്.എസ്.എസ് സ്‌കൂളിലെ എം.ആര്‍ അമന്‍ അഫ്ലഹ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച എ.ഐ സ്മാര്‍ട്ട് സിറ്റി കൗതുകമാവുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കണ്ടെത്തല്‍, നാടിറങ്ങുന്ന വന്യ മൃഗങ്ങളെ കണ്ടെത്തുക, അപകടങ്ങള്‍ ഒഴിവാക്കുക തുടങ്ങി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് അമന്‍ അഫ്ലഹ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ് കണ്ടുപിടിച്ചത്. ഉരുള്‍പൊട്ടല്‍ നിര്‍വചിക്കുന്നതിന് തയ്യാറാക്കിയ എ.ഐ സംവിധാനം അപകട വിവരങ്ങള്‍ രണ്ട് ദിവസം മുന്‍പെ ആളുകളിലേക്ക് എത്തിക്കും. വനമേഖലയില്‍ നിന്നും ജനവാസ മേഖലയിലേക്കെത്തുന്ന അപകടകാരികളായ വന്യ മൃഗങ്ങളെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കും. പരിശീലനം ലഭിച്ച എ ഐ മോഡലുകള്‍ ഉപയോഗിച്ചുള്ള ക്യാമറ വന്യമൃഗങ്ങളെ കണ്ടെത്തി വനം വകുപ്പിന്റ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമത്താല്‍ ആളുകള്‍ മരണപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് എ.ഐ സ്മാര്‍ട്ട് സിറ്റിയുടെ ലക്ഷ്യമെന്ന് അഫ്ലഹ് പറഞ്ഞു. ചുരം റോഡിലൂടെ അപകടകരമായി വരുന്ന വാഹനങ്ങള്‍ എ.ഐ സംവിധാനത്തിന്റെ സഹായത്തോടെ അറിയാന്‍ സാധിക്കും. സുരക്ഷിതമായ ഡ്രൈവിങ്, ജാഗ്രത സ്ലോ, ഹാര്‍ഡ്സ്റ്റോപ്പ് എന്നിങ്ങനെ ക്യാബിനില്‍ മുന്നറിയിപ്പ് നല്‍കാന്‍ ഇതിലൂടെ കഴിയും, ഇത് ഓട്ടോപൈലറ്റ് ചെയ്യാനും വേഗത നിലനിര്‍ത്താനും സഹായിക്കും.
- Log in to post comments