Skip to main content

ജില്ലാതല കുട്ടി ഗവേഷക സംഗമം അഞ്ച് മുതൽ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം കണ്ണൂര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് അഞ്ച്, ആറ് തീയതികളില്‍ സ്ട്രീം അക്കാദമിക് പ്രോജക്ടുകളുടെ ജില്ലാതല അവതരണം മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ നടക്കും. ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികൾ അവതരണത്തിന്റെ ഭാഗമാകും. ലോകത്ത് ഏറെ ചര്‍ച്ച ചെയ്യുന്ന സ്റ്റെം പഠനത്തിന്റെ രീതിശാസ്ത്രം അനുസരിച്ചാണ് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. കുട്ടികള്‍ക്ക് ഗവേഷണത്തില്‍ ഉള്‍പ്പെടെ ദിശാബോധം നല്‍കുന്നതിന് വിവിധ ഘട്ടങ്ങളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ശാസ്ത്ര സാമൂഹിക പഠനകേന്ദ്രത്തില്‍ പല ഘട്ടങ്ങളായി അധ്യാപകരുടെ നേത്യത്വത്തില്‍ ശില്‍പശാലകള്‍ നടത്തിയാണ് സ്ട്രീം തനത് പ്രോജക്ടിന്റെ രീതിശാസ്ത്രം വികസിപ്പിച്ചത്. ഓരോ ഉപജില്ലയില്‍ നിന്നും മൂന്ന് പ്രോജക്ടുകളാണുള്ളത്. വിവിധ വിദ്യാലയങ്ങളിലെ 30 കുട്ടികള്‍, അധ്യാപകരായ ഗൈഡുകള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രോജകട് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയത്. സര്‍വകലാശാലകള്‍, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കോളേജ് റിസര്‍ച്ച് സെന്ററുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ടാണ് പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായുള്ള പഠനയാത്രകള്‍ ഉള്‍പ്പെടെ അധ്യാപകരും, കുട്ടികളും ചേര്‍ന്ന് സംഘടിപ്പിച്ചിരുന്നു.  

പരിപാടിയുടെ ഒന്നാം ദിവസം പ്രബന്ധങ്ങളുടെ അവതരണം നടക്കും. വിവിധ സെഷനുകളിലായി ജനപ്രതിനിധികള്‍, അക്കാദമിക് വിദഗ്ധർ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അവതരണത്തിന്റെ ഭാഗമായി പാനല്‍ ചര്‍ച്ചകളും തുറന്ന സംവാദങ്ങളും നടക്കും. പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പിലെ സെമിനാര്‍ കോംപ്ലക്‌സില്‍ രജിസ്റ്റര്‍ ചെയ്യണം.

 

date