Skip to main content
പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണം സംബന്ധിച്ച യോഗത്തില്‍ ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ. സംസാരിക്കുന്നു.

പ്രളയക്കെടുതി പുനരധിവാസം പ്രവര്‍ത്തനങ്ങള്‍  അവലോകനം ചെയ്തു

 

പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം അവലോകനം ചെയ്തു. പ്രകൃതി ദുരന്തത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും വീടും സ്ഥലവും നഷ്ടമായവര്‍ക്കുമുള്ള സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് യോഗം തീരുമാനിച്ചു. വീടുനിര്‍മ്മാണവും സ്ഥലം വാങ്ങുന്നതും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി നവംബര്‍ ഏഴിനകം പഞ്ചായത്ത് ബ്ലോക്ക് തലത്തിലുള്ള യോഗം ചേരും. യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി, റവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ അസി.എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതുവരെ ജിയോ ടാഗ് പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തവരെ ഉള്‍പ്പെടുത്തുന്നതിനും സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ട 1597 പേരില്‍ സമ്മതപത്രം നല്‍കിയ 164 പേരില്‍  42 പേര്‍ക്കാണ് ആദ്യഗഡു നല്‍കിയിട്ടുള്ളത്. ഗുണഭോക്താക്കളുടെ സമ്മതപത്രം വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപടി ത്വരിതപ്പെടുത്തും. യോഗത്തില്‍  എം.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date