പിണറായി സർക്കാരിന്റെ കാലത്ത് ഗോത്ര വിഭാഗങ്ങൾ വലിയ നേട്ടം കൈവരിച്ചു: മന്ത്രി സജി ചെറിയാൻ
#നെയ്യാർഡാം റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് നടത്തി#
പിണറായി സർക്കാരിന്റെ ഒൻപത് വർഷക്കാലത്ത് ഗോത്രവിഭാഗങ്ങൾ സാമൂഹികമായും സംസ്‍കാരികമായും സാമ്പത്തികമായും വലിയ പുരോഗതി കൈവരിച്ചുവെന്ന് മത്സ്യബന്ധന സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ. റിസർവോയറുകളുടെ സമീപത്ത് അധിവസിക്കുന്ന ഗോത്ര വിഭാഗക്കാർക്ക് ജീവനോപാധി പ്രദാനം ചെയ്യുന്നതിനും, ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയായ റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ തുടക്കത്തിൽ വനംവകുപ്പിന്റെ അനുമതിക്ക് തടസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തുടർചർച്ചകളിലൂടെ അവ പരിഹരിച്ചു. സാമ്പത്തികമായി ഗോത്രവിഭാഗങ്ങളെ പരിപോഷിപ്പിക്കുന്ന പദ്ധതിയിൽ നിന്നുള്ള ലാഭം പദ്ധതിയുടെ വിപുലീകരണത്തിനും ഗോത്രവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി ഉപയോഗിക്കണമെന്നും അങ്ങനെ ഈ പദ്ധതി തുടർന്നുപോയാൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മത്സ്യവകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനം മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രദേശങ്ങൾ വന്യജീവി സംരക്ഷണ നിയപ്രകാരമുള്ള സംരക്ഷിത മേഖല ആയതിനാൽ വനം വകുപ്പിന്റെകൂടെ അനുമതിയോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പദ്ധതി നിർവ്വഹണത്തിലെ ഓരോ ഘട്ടവും ആദ്യം ആരംഭിച്ച യൂണിറ്റ് എന്ന നിലയിൽ നെയ്യാറിൽ പരീക്ഷണ വിധേയമാക്കി വിജയിപ്പിച്ചതിന് ശേഷമാണ് ഇടുക്കി, പീച്ചി റിസർവ്വോയറുകളിൽ നടപ്പിലാക്കിയത്. ആയതുകൊണ്ടു തന്നെ കൂടുതൽ വനാന്തർഭാഗത്തുളള പീച്ചിയിലും, ഇടുക്കിയിലും യാതൊരുവിധ പ്രതിബന്ധങ്ങളും കൂടാതെ പദ്ധതി നിർവ്വഹിക്കാൻ സാധിച്ചിട്ടുണ്ട്.
ഈ പദ്ധതിപ്രകാരം തെരഞ്ഞെടുത്ത 14 ഗുണഭോക്താക്കൾക്ക് കേജ് മാനേജന്റ്, കരിമീൻ, വരാൽ എന്നീ മത്സ്യങ്ങളുടെ പരിപാലനത്തെപ്പറ്റിയും ഒക്കെ പ്രത്യേക പരിശീലനം നൽകിയിരുന്നു. 100 ഹൈ ഡെൻസിറ്റി പൊളി എത്തിലിൻ ഫ്ലോട്ടിങ് കേജുകൾ റീസർവോയറുകളിൽ പദ്ധതിപ്രകാരം സ്ഥാപിച്ചു. നെയ്യാർ റീസർവോയറിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കരിമീൻ, വരാൽ എന്നീ മത്സ്യങ്ങൾ വളർത്താൻ തീരുമാനിക്കുന്നത്.
ഒരു കിലോ കരിമീനിന് 450 രൂപയും ഒരു കിലോ വരാലിന് 350 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന വില.
സി കെ ഹരീന്ദ്രൻ എം. എൽ. എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മത്സ്യഫെഡ് ഡയറക്ടർ സഫ്ന നസറുദ്ദീൻ, വൈൽഡ്‌ലൈഫ് വാർഡൻ വിനോദ് എന്നിവർ മുഖ്യാതിഥികളായി. എ.ഡി.എ.കെ എം.ഡി ഇഗ്നേഷ്യസ് മൺഡ്രോ റിപ്പോർട്ട് അവതരിപ്പിച്ചു. പെരുംകടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments