അറിയിപ്പുകള്‍
ഗതാഗത നിയന്ത്രണം
സംസ്ഥാനപാത 38ല്‍ ഉള്ളിയേരി മുതല്‍ കരുവന്നൂര്‍ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 03) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സംസ്ഥാനപാത 38ല്‍ കല്ലോട് മുതല്‍ പാലേരി വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 03) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
തണ്ണീര്‍പന്തല്‍-ഇളയിടം-അരൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തണ്ണീര്‍പന്തലില്‍നിന്ന് അരൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ അമ്പലക്കണ്ടിമുക്ക് കുമ്മന്‍കോട് ഹെല്‍ത്ത്സെന്റര്‍ വഴി പോകണം.
എംഎ ആന്ത്രോപോളജി കോഴ്‌സ്
കണ്ണൂര്‍ സര്‍വകലാശാല ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ എംഎ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ മെയ് 15നകം അപേക്ഷിക്കണം. ഫോണ്‍: 0497-2715261, 0497-2715286.
വിവരങ്ങള്‍ നല്‍കണം
കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ്വെയറിലൂടെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2706133.
സെക്യൂരിറ്റി നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. പ്രായപരിധി: 56 വയസ്സില്‍ താഴെ. താല്‍പര്യമുള്ളവര്‍ മെയ് അഞ്ചിന് രാവിലെ ഒമ്പതിന് അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2355900.
അഭിമുഖം ഒമ്പതിന്
ജില്ലയില്‍ സൈനിക ക്ഷേമ വകുപ്പില്‍ വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭടന്മാര്‍ മാത്രം, കാറ്റഗറി നമ്പര്‍: 706/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മെയ് ഒമ്പതിന് പിഎസ്‌സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് രേഖകള്‍ സഹിതം ഹാജരാകണം. പരിഷ്‌കരിച്ച ബയോഡാറ്റ (Appendix-28 A) പിഎസ്‌സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495 2371971.
ലഹരിവിരുദ്ധ ക്യാമ്പയിന്‍: മാരത്തോണ്‍ എട്ടിന്
'സ്പോര്‍ട്സ് ആണ് ലഹരി' എന്ന സന്ദേശമുയര്‍ത്തി കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായ പ്രചാരണ പരിപാടി മെയ് എട്ടിന് ജില്ലയില്‍ പര്യടനം നടത്തും. ജില്ലയില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി അന്ന് രാവിലെ ആറിന് അടിവാരം മുതല്‍ താമരശ്ശേരി ചുരം വരെ മാരത്തോണ്‍ സംഘടിപ്പിക്കും. ജില്ലയിലെ പുരുഷ-വനിതാ കായിക താരങ്ങള്‍ക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 7500, മറ്റു 7 സ്ഥാനക്കാര്‍ക്ക് 2000 രൂപ വീതം എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും. പങ്കെടുക്കുന്നവര്‍ മെയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം http://registrations.keralakayikakshamathamission.com എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495-2722593, 8078182593.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയുള്ള ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയില്‍ കടല്‍ പട്രോളിങ്, കടല്‍രക്ഷാ പ്രവര്‍ത്തനം എന്നിവക്കായി ബോട്ടുകള്‍ വാടകക്ക് ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 13ന് ഉച്ചക്ക് 2.30നകം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് അസി. ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0495-2414074, 9496007052.
വയര്‍മാന്‍ എഴുത്തുപരീക്ഷ എട്ടിന്
ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് വയര്‍മാന്‍ എഴുത്തുപരീക്ഷ മെയ് എട്ടിന് നടക്കും. വെള്ളിമാട്കുന്ന് ഗവ. ലോ കോളേജാണ് കോഴിക്കോട് ജില്ലയിലെ അപേക്ഷകരുടെ പരീക്ഷാകേന്ദ്രം. ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0495 2950002.
- Log in to post comments