പാവറട്ടി തിരുനാളിന് എല്ലാ സൗകര്യങ്ങളും ഒരുക്കും - മന്ത്രി കെ. രാജൻ
പാവറട്ടി തിരുനാളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി സുഗമമായി തിരുനാളിൽ പങ്കെടുക്കുന്നതിന് എല്ലാവർക്കും സാഹചര്യം ഒരുക്കുമെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പാവറട്ടി തിരുനാൾ സുരക്ഷ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്സവങ്ങളിലെല്ലാം ജനപങ്കാളിത്തം വർധിച്ചുവരികയാണ്. കൃത്യമായ മാലിന്യ സംസ്കരണം ഉറപ്പുവരുത്തി ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനും ആഘോഷങ്ങളെ ലഹരിമുക്തമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മെയ് ഒമ്പത്, പത്ത്, 11 തിയതികളിലാണ് 149-ാ മത് പാവറട്ടി തിരുനാൾ. തിരുനാളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈക്കൊണ്ട പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം ആവശ്യമായ സുരക്ഷാ മുൻകരുതലുകളും ചർച്ച ചെയ്തു. പി.ഡബ്ല്യു.ഡി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവിഭാഗം, എക്സൈസ്, കെ.എസ്.ഇ.ബി, ഫയർ ആൻഡ് റെസ്ക്യൂ, വാട്ടർ അതോറിറ്റി തുടങ്ങിയ അടിയന്തര സേവനങ്ങൾ ഒരുക്കുന്ന വകുപ്പുകളെ ഏകോപിപ്പിച്ച് തിരുനാൾ ദിവസങ്ങളിൽ പ്രത്യേക കൺട്രോൾ റൂം തുറക്കുവാൻ മന്ത്രി നിർദ്ദേശം നൽകി. ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യത ഉറപ്പുവരുത്താനും, ആവശ്യമായ ഗതാഗത നിയന്ത്രണം, പാർക്കിംഗ്, ആംബുലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സേവനം, എമർജൻസി കൗണ്ടർ, മെഡിക്കൽ റൂം, സമീപപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
പാവറട്ടി പള്ളിയിൽ ചേർന്ന തിരുനാൾ സുരക്ഷാ അവലോകനയോഗത്തിൽ മുരളി പെരുനല്ലി എം.എൽ.എ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം റെജീന, പാവറട്ടി തീർത്ഥാടനകേന്ദ്രം റെക്ടർ റവ. ഫാ ആന്റണി ചെമ്പകശ്ശേരി, പാവറട്ടി തീർത്ഥാടനകേന്ദ്രം ട്രസ്റ്റി ഒ.ജെ ഷാജൻ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments