Skip to main content
പുതിയതെരുവിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണം സംബന്ധിച്ചുള്ള  ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ കെ വി സുമേഷ് എംഎൽഎ സംസാരിക്കുന്നു

*പുതിയതെരു ഗതാഗത പരിഷ്കരണം വിജയകരമായി തുടരുന്നുവെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം* *പെർമനന്റ് ഡിവൈഡർ വേണമെന്ന ആവശ്യം പരിശോധിക്കും*

പുതിയതെരുവിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണം ജനങ്ങൾക്കും നാടിനും ഏറെ പ്രയോജനകരമായതിനാൽ പരിഷ്കരണം തുടരുമെന്ന് കെ.വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. പുതിയ ദേശീയപാതയുടെ പണിപൂർത്തിയായതിനു ശേഷം മാത്രമേ പുതിയതെരുവിലെ താൽക്കാലിക ഗതാഗത പരിഷ്കരണത്തിൽ അന്തിമതീരുമാനം എടുക്കാൻ കഴിയൂ എന്ന് നേരത്തെ യോഗം വിലയിരുത്തിയിരുന്നു. അതിനാലാണ് താൽക്കാലിക ട്രാഫിക് പരിഷ്കരണം പുതിയതെരുവിൽ ഏർപ്പെടുത്തിയത്.

സംസ്ഥാനത്തെ ഒമ്പത് റെഡ് സോണുകളിൽ ഒന്നായ പുതിയതെരു ഗതാഗത പരിഷ്കരണത്തെ തുടർന്ന് ഗ്രീൻ സോണിൽ തന്നെ തുടരുകയാണെന്നും ആർടിഒ അറിയിച്ചു. ഹോട്ടൽ മാഗ്നെറ്റിനടുത്ത് ബസ്റ്റോപ്പ് അനുവദിച്ചതിനാൽ ആളുകൾക്ക് ദീർഘ ദൂരം നടന്ന് ബസ് കയറേണ്ട സാഹചര്യം ഇല്ലെന്നും പരിഷ്കരണം തുടരണമെന്ന ആവശ്യമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നതെന്നും യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ അറിയിച്ചു.

താൽകാലിക ഡിവൈഡറുകൾ മാറ്റി പെർമനന്റ് ഡിവൈഡറുകൾ വേണമെന്ന ആവശ്യം പരിശോധിക്കാൻ ആർ.ടി.ഒ, സി ഐ,  പി.ഡബ്ലു.ഡി, എൻ.എച്ച് , നാഷണൽ ഹൈവേ അതോറിറ്റി, വിശ്വ സമുദ്ര എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ചു. സംഘം ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ബസ് ബേ യുടെ നിർമാണത്തിന് തടസ്സമായി നിൽക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ ഉചിതമായ സ്ഥലം കണ്ടെത്തുന്നതിന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ ടി കെ ലതയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയും നിശ്ചയിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ ഷിജു, ഷജിത്ത് കുമാർ എന്നിവരും സമിതിയിലുണ്ടാകും. സിറ്റി റോഡ് പദ്ധതിയുടെ ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യാനും തുടർന്ന് റിപ്പോർട്ട് തയ്യാറാക്കി മെയ് ഒൻപതിന് ചേരുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിയിൽ സമർപ്പിക്കാനും തീരുമാനിച്ചു. പുതിയതെരു ടൗണിലൂടെ കാൽനടയാത്രക്ക് തടസ്സം സൃഷ്ടിക്കുന്ന അനധികൃത നിർമ്മാണം പരിശോധിക്കാൻ പഞ്ചായത്ത്, പിഡബ്ല്യുഡി എൻ എച്ച്, എൻ എച്ച് എ ഐ, എഞ്ചിനീയറിംഗ് വിഭാഗത്തോട് നിർദേശം നൽകി. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ വന്ന പരാതികൾ ഗ്രാമ പഞ്ചായത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറാനും യോഗം തീരുമാനിച്ചു.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ശശീന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ മോളി, ആർ ടി ഒ ഉണ്ണികൃഷ്ണൻ, സി ഐ ടി പി സുമേഷ്, എസ് ഐ വിപിൻ, കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ ലത, എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ, വിശ്വാസമുദ്ര പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date