കാർഷികവൃത്തിയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ അനിവാര്യം -മന്ത്രി കെ രാജൻ.
മൂവാറ്റുപുഴ കാർഷികോത്സവത്തിന് തുടക്കമായി
കാർഷികവൃത്തിയെകുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ കാലഘട്ടത്തിൻ്റെ അനിവാര്യതയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ . ഇ.ഇ. സി മാർക്കറ്റിൽ നടക്കുന്ന മൂവാറ്റുപുഴ കാർഷികോത്സവം 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പാരമ്പര്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് കൃഷി. കർഷകരുടെ മുന്നിലുള്ളത് പരിമിതമായ സാധ്യതകളാണ്. കാർഷികോല്പന്നങ്ങൾ മൂല്യവർദ്ധത ഉൽപ്പന്നങ്ങൾ ആക്കാൻ കഴിയും എന്നുള്ള ബോധ്യം കർഷകരിൽ ഉണ്ടാക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മാത്യു കുഴൽനാടൻ എം.എൽ.എ പരിപാടിയിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ,ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ്, മുൻ എംഎൽഎ ബാബു പോൾ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, കേരള ബാങ്ക് ജനറൽ മാനേജർ ജോളി ജോൺ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർലി സക്കറിയ. ഫിനാൻസ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, മുനിസിപ്പൽ കൗൺസിലർമാർ- ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു.
കൃഷിവകുപ്പ്, ജില്ലാ ഭരണകൂടം, ഡി.റ്റി. പി.സി, കുടുംബശ്രീ, മൂവാറ്റുപുഴ നഗരസഭ, ഗ്രാമപഞ്ചായത്തുകൾ എന്നിവരുടെ സഹകരണത്തോടെയാണ്കാർഷിക വ്യാപാര വിപണനമേള മൂവാറ്റുപുഴ കാർഷികോത്സവ് - 2025 ഒരുക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന മേളയോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അരങ്ങേറുന്ന. മേളയോട് അനുബന്ധിച്ച് ഊട്ടി മോഡൽ പുഷ്പമേള, കൃത്രിമ വനം, വളർത്തോമനകളുടെ സംഗമം, അക്വേറിയം ടണൽ റൈഡ്, കാർഷിക പ്രദർശനം, സർക്കാർ- അർധ സർക്കാർ സ്റ്റാളുകൾ, വ്യാപാര വിപണന മേള, നഴ്സറി സസ്യപ്രദർശനവും വിൽപ്പനയും തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ ആസ്ട്രോ ഫിസിക്സ് പവിലിയൻ, കുടുംബശ്രീ ഭക്ഷ്യമേള, ഫുഡ് വ്ലോഗർ കോർണർ, വിപുലമായ കലാസന്ധ്യകൾ, അമ്യൂസ്മെൻറ് കാർണിവൽ, ഇൻസ്റ്റലേഷനുകൾ, സെൽഫി കോർണറുകൾ, ഭാഗ്യ പരീക്ഷണ നറുക്കെടുപ്പുകൾ തുടങ്ങിയ പരിപാടികളും അരങ്ങേറും. ഇവയ്ക്ക് പുറമേ കാർഷിക മത്സരങ്ങൾ കാർഷിക സെമിനാറുകൾ ലോക റെക്കോർഡ് ശ്രമങ്ങൾ 9 ദിനം കർഷക അവാർഡുകൾ കാർഷിക വാരാഘോഷം എന്നിവയും നടക്കും.
- Log in to post comments