ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്‍; ജീവനക്കാരുടെ ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം
ജീവിതശൈലിയില്‍ വ്യായാമത്തിനു പ്രാധാന്യം നല്‍കി ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തി മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 'ഗെറ്റ് സെറ്റ് തൃശ്ശൂര്‍' പദ്ധതിക്ക് കീഴില്‍ ആരംഭിക്കുന്ന 'ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്' തുടക്കമായി.
കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഔദ്യോഗിക ലോഞ്ചും പോസ്റ്റര്‍ പ്രകാശനവും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു. എല്ലാ ചൊവ്വാഴ്ചയും ഓഫീസ് പ്രവര്‍ത്തന സമയത്തിന് ശേഷം അനക്‌സ് ഹാളില്‍ നടക്കുന്ന ഫിറ്റ്‌നസ് ട്രെയിനിങ് ക്ലാസുകളില്‍ പങ്കെടുത്ത് പുതിയ അറിവുകളും വ്യായാമ രീതികളും ജീവിതത്തില്‍ പകര്‍ത്തി, ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ജില്ലാ കളക്ടര്‍ ആശംസിച്ചു.
ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്റെ ഔദ്യോഗിക ലോഞ്ചിനുശേഷം കിസാര്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച്) പ്രധിനിധി ഡോ. മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് ട്രെയിനിങ് ക്ലാസും പ്രാഥമിക വ്യായാമ മുറകളുടെ പരിശീലനവും നടന്നു. ജീവനക്കാരുടെ ശാരീരിക മാനസിക ഉന്മേഷത്തിനായി ആയുഷ് മന്ത്രാലയത്തിന് കീഴില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള വൈ-ബ്രേക്ക് (Y-Break) (യോഗ ബ്രേക്ക്) പ്രോട്ടോകോളിന്റെ ഭാഗമായി ഓഫീസ് സമയത്തിന്റെ ചെറിയ ഇടവേളകളില്‍ ചെയ്യാനാകുന്ന യോഗാ രീതികളും പരിചയപ്പെടുത്തി.
ചടങ്ങില്‍ എഡിഎം ടി. മുരളി, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ സി.എസ് സ്മിതാറാണി, എം.എസ് ജ്യോതി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അജിതകുമാരി, സീനിയര്‍ സൂപ്രണ്ട് സി.പി ശ്രീകല തുടങ്ങിയവരും സിവില്‍സ്റ്റേഷനിലെ ജീവനക്കാരും വ്യായാമ പരിശീലനത്തില്‍ പങ്കെടുത്തു.
- Log in to post comments