Skip to main content

തൃശ്ശൂർ പൂരം:എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി- വി.എൻ. വാസവൻ;   അവലോകനയോഗം ചേർന്നു

തൃശ്ശൂർ പൂരം ഏറ്റവും ഭംഗിയായി വിജയകരമായി നടത്തുന്നതിന് വേണ്ടി സർക്കാരും ജില്ലാഭരണകൂടവും കോർപ്പറേഷനും ദേവസ്വങ്ങളും എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂരം മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിളിച്ചുചേർത്ത യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ, ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി  സുരേഷ് ഗോപി, മേയർ എം.കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, എ.ഡി.എം. മുരളി ടി., സബ് കളക്ടർ അഖിൽ വി. മേനോൻ തുടങ്ങിയവർ രാമനിലയത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

പൂരം മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങളിലെടുത്ത തീരുമാനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഭംഗിയായി നടപ്പിലാക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു. വനിതാ പൊലീസ് ഉൾപ്പെടെ നാലായിരത്തോളം പൊലീസുകാരെ വിന്യസിക്കും. പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഈ ദിവസങ്ങളിൽ  ലഹരിയുടെ വ്യാപനം തടയുന്നതിന് എക്സൈസും പൊലീസും സംയുക്തമായി നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

അധിക ഗതാഗതസംവിധാനം ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി.ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും. മെയ് ആറിന് തൃശ്ശൂർ വഴി കടന്നു പോകുന്ന എല്ലാ ട്രെയിനുകൾക്കും ഇവിടെ സമയബന്ധിതമായി സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി- തൃശ്ശൂർ ദേശീയപാതയിൽ അടിപ്പാത നിർമാണപ്രവർത്തനങ്ങൾ പൂരം ദിനത്തിൽ നിർത്തിവയ്ക്കാൻ എൻ.എച്ച്.എ.ഐയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂർ കോർപ്പറേഷൻ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റി. ശുചിത്വമിഷനുമായി സഹകരിച്ച് പൂരം കഴിഞ്ഞ് നഗരത്തിൽ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. കോർപ്പറേഷന്റെ കീഴിലുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കി. കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കി.

ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജിയും ചേർന്ന് സ്ക്വാഡ് രൂപീകരിച്ച് പരിശോധനകൾ നടത്തിവരുന്നു. ആനകളുടെ പരിപാലനത്തിനായി ആനപരിപാലനസംഘവും വെറ്ററിനറി ഡോക്ടർമാരുടെ സംഘവും പൂർണ സജ്ജരാണ്.

മതസ്പർദ്ധയുണർത്തുന്നതും രാഷ്ട്രീയപ്രേരകവുമായ ചിഹ്നങ്ങൾ, കൊടികൾ,  മുദ്രാവാക്യങ്ങൾ തുടങ്ങിയ യാതൊന്നും പൂരത്തിന്റെ ഭാഗമായി ഉപയോഗിക്കരുതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ഫയർഫോഴ്സിന്റെ വനിതാ, പുരുഷ ഉദ്യോഗസ്ഥരെയും കൃത്യനിർവഹണത്തിന് നിയോഗിക്കും. ഡി.എം.ഒയുടെ നേതൃത്വത്തിൽ ആംബുലൻസോടു കൂടിയ മെഡിക്കൽ ടീം സജ്ജമാണെന്നും മന്ത്രി വി.എൻ. വാസവൻ പറ‌ഞ്ഞു.

വെടിക്കെട്ട് കാണുന്നതിന് വേണ്ട സുരക്ഷാ സംവിധാനങ്ങളും പൊലീസ് നടപ്പിലാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. രാത്രി പൂരം കടന്നുപോയതിന് ശേഷം മാത്രമേ പൊലീസ് വെടിക്കെട്ടിനായുള്ള നിയന്ത്രണം കൊണ്ടുവരികയുള്ളൂ. ഉഷ്ണതരംഗം കണക്കിലെടുത്ത് ആവശ്യത്തിന് വേണ്ട സ്ട്രക്ചറുകളും ആംബുലൻസുകളും തയ്യാറാക്കിയിട്ടുണ്ട്. ഡി.എം.ഒ.യുടെ സ്റ്റിക്കർ പതിപ്പിച്ച ആംബുലൻസുകൾക്കു മാത്രമേ പൂര നഗരിയിലേക്കു പ്രവേശനമുണ്ടാകൂവെന്നും മന്ത്രി പറഞ്ഞു.

ഇത്തവണയും ടൂറിസ്റ്റുകൾക്ക് പൂരം ആസ്വദിക്കുവാൻ ഗ്യാലറി ഒരുക്കിയിട്ടുണ്ട്. മെയ് ആറിന് ഉച്ചയ്ക്ക് 12 വരെ ഡി.ടി.പി.സി ഓഫീസിൽ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി രജിസ്റ്റർ ചെയ്യുന്നവർക്ക് കുടമാറ്റം കാണാൻ സൗകര്യമൊരുക്കും.  പൂരം കളറാക്കാൻ സർക്കാരും ജില്ലാഭരണകൂടവും സർവസജ്ജമാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.

പൂരം ഏറ്റവും ഭംഗിയായി നടപ്പിലാക്കുന്നതിന് തെളിമയാർന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദുവും പറഞ്ഞു. ആവശ്യമായ നിയമോപദേശങ്ങൾ തേടിയശേഷമാണ് ഓരോ നടപടിയും സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

date