Skip to main content

ജില്ലയിലെ വായ്പ വിതരണത്തില്‍ വര്‍ദ്ധനവ്* *മൂന്നാം പാദത്തില്‍ നല്‍കിയത് 6315 കോടി*

ജില്ലയിലെ വായ്പ വിതരണത്തില്‍ വര്‍ദ്ധനവെന്ന് ജില്ലാതല ബാങ്കിങ് അവലോകന സമിതി. മൂന്നാം പാദത്തില്‍ ജില്ലയിലെ വിവിധ ബാങ്കുകള്‍  മുഖേന 6315 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി.  മുന്‍ഗണനാ വിഭാഗത്തില്‍ 4828 കോടി രൂപയും മറ്റു വിഭാഗത്തില്‍ 1486 കോടി രൂപയുമാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പ ഇനത്തില്‍ 3662 കോടിയും നോണ്‍ ഫാര്‍മിംഗ് സെക്ടര്‍ (ലഘു-സൂക്ഷമ- ഇടത്തര) വിഭാഗത്തില്‍ 803 കോടി രൂപയും മറ്റു മുന്‍ഗണനാ വിഭാഗത്തില്‍ 364 കോടി രൂപയും വിതരണം ചെയ്തു. മൊത്തം വായ്പയില്‍ 2023 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് 10456 കോടി രൂപയില്‍ നിന്നും 11544 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. വായ്പാ വിതരണത്തില്‍ 10 ശതമാനം വര്‍ദ്ധനവും നിക്ഷേപത്തില്‍ എഴ് ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. വായ്പ നിക്ഷേപ അനുപാതം 131 ശതമാനമാണ്. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ ആര്‍ ആര്‍. ഡെപ്യൂട്ടി കളക്ടര്‍  ബിജുകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അലോകന യോഗത്തില്‍  2025-26 സാമ്പത്തിക വര്‍ഷത്തെ പൊട്ടന്‍ഷല്‍ ലിങ്ക് ക്രെഡിറ്റ് പ്ലാന്‍ പ്രകാശനം ചെയ്തു. കനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍  ആനന്ദ് നായക്, ആര്‍.ബി.ഐ ലീഡ് ജില്ലാ ഓഫീസര്‍ ഇ.കെ രഞ്ജിത്ത്,  കേരള ഗ്രാമീണ്‍ ബാങ്ക് റീജണല്‍ മാനേജര്‍  ടി.വി സുരേന്ദ്രന്‍, ലീഡ് ബാങ്ക് മാനേജര്‍ ടി. എം മുരളീധരന്‍, നബാര്‍ഡ് ഏ.ജി.എം ആര്‍. ആനന്ദ്, ലീഡ് ജില്ലാ ഓഫീസര്‍ പി.എം രാമകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, വിവിധ ബാങ്ക് പ്രതിനിധികള്‍, സിഎഫ്എല്‍എഫ്എല്‍സി കോ-ഓര്‍ഡിനേറ്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.  

date