Skip to main content

സ്വരാജ് മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം*

 

 

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച്  സ്വരാജ് മാധ്യമ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.  അച്ചടി മേഖലയിലെ മികച്ച രണ്ട് വാര്‍ത്തയ്ക്കും ടെലിവിഷന്‍ രംഗത്തെ ഒരു വാര്‍ത്തയ്ക്കുമാണ് പുരസ്‌ക്കാരം. 25000 രൂപയും പ്രശസ്തി പത്രവും മൊമന്റോയും അവാര്‍ഡായി നല്‍കും. മാലിന്യമുക്തം നവകേരളം ക്യാമ്പെയിനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്തതുമായ വാര്‍ത്തകള്‍ക്കാണ് അവാര്‍ഡ്.   ക്യാമ്പെയിന്‍ ആരംഭിച്ചതു മുതല്‍ 2025 ജനുവരി 31 വരെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും  ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ അവാര്‍ഡിന് പരിഗണിക്കും. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാനാവൂ. അവാര്‍ഡുകള്‍ക്കായി വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ അസല്‍ കട്ടിങ്ങിന് പുറമെ മൂന്ന് പകര്‍പ്പുകളും  അയയ്ക്കണം. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍ മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത അഞ്ചുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കണം. ഓരോ എന്‍ട്രിയോടൊപ്പവും ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം/ടെലിവിഷന്‍ ചാനല്‍ എന്നിവയുടെ പേര്, തിയതി, മാധ്യമ പ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ നല്‍കണം. അവാര്‍ഡിന് അയയ്ക്കുന്ന എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്റര്‍, മറ്റ് അധിക്യതരുടേയോ സാക്ഷ്യപത്രം നല്‍കണം. കവറിന് പുറത്ത് സ്വരാജ് മാധ്യമപുരസ്‌ക്കാരം-2025 അപേക്ഷ  എന്ന്  രേഖപ്പെടുത്തണം. എന്‍ട്രികള്‍  ഫെബ്രുവരി 12 നകം  ചീഫ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ്, എല്‍.എസ്ജി.ഡി. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, സ്വരാജ് ഭവന്‍, നന്തന്‍കോട്, തിരുവനന്തപുരം 695003 വിലാസത്തില്‍ ലഭിക്കണം.  lsgdpr2024@gmail.com ലും എന്‍ട്രികള്‍ അയക്കാം. ഫോണ്‍- 9582836228

date