സംരംഭക പരിശീലന പരിപാടി നടത്തി കുടുംബശ്രീ
ബിസിനസ് മേഖലയിലെ നൂതന സാധ്യതകളെ പരിശീലിപ്പിക്കുന്ന കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ കെ ടിക് (കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസസ് ഇന്നവേഷന്‍ സെന്റര്‍) നടത്തിവരുന്ന ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയുടെ മൂന്നാം ഘട്ടം നടന്നു. ജില്ലയിലെ സംരംഭക തല്‍പരരായ യുവാക്കള്‍ക്ക് പരിശീലനം നല്‍കി അവരുടെ ആശയങ്ങളെ വികസിപ്പിച്ച് പിന്തുണ നല്‍കുകയാണ് കെ ടിക് പദ്ധതിയുടെ ലക്ഷ്യം. 18നും 40 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് പരിശീലനം. ജില്ലയിലെ 14 ഉന്നതികളില്‍ നിന്നും 50 പേര്‍ പങ്കെടുത്തു. പരിശീലനത്തിന് നേതൃത്വം നല്‍കിയത് കെ ടിക് ഇന്‍ക്യുബേറ്റര്‍മാരായ എന്‍ യു നിഷ അലീന, ജ്യോതിര്‍മായി എന്നിവരാണ്. കുടുംബശ്രീ അസി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എ അനീസ , സാമൂഹ്യ വികസനം പ്രോഗ്രാം മാനേജര്‍ കെ സിന്ധുഷമോള്‍ എന്നിവരും പങ്കെടുത്തു.
മൂന്നാം ഘട്ട പരിശീലനത്തിന് മുന്നോടിയായി ഗുണഭോക്താക്കള്‍ കെ ടിക് ആനിമേറ്റര്‍മാരുടെ പിന്തുണയോടെ അഞ്ചു സംരംഭങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് 300 രൂപ സ്‌റ്റൈപ്പന്റും 300 രൂപ യാത്ര ബത്തയും നല്‍കി. ജില്ലയില്‍ നിന്ന് 50 നൂതന സംരംഭങ്ങള്‍ ആരംഭിക്കാന്‍ കെ ടിക് പദ്ധതി ലക്ഷ്യമിടുന്നു.
- Log in to post comments