എന്റെ കേരളം: ഉദ്ഘാടനം മെയ് എട്ടിന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ജനകീയ സര്‍ക്കാരിന്റെ വികസനക്കുതിപ്പിന്റെ അടയാളപ്പെടുത്തലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കും. ജനകീയ സര്‍ക്കാരിന്റെ വികസനക്കുതിപ്പിന്റെ അടയാളപ്പെടുത്തലാകും മേളയെന്ന് രജിസ്ട്രേഷന്, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതികമായി ഉയര്‍ന്ന നിലവാരത്തില്‍ തയ്യാറാക്കിയ ശീതീകരിച്ച പവലിയനിലാണ് മേള നടക്കുക. കേരളം കൈവരിച്ച സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ അടുത്തറിയാം. സെമിനാറുകള്‍, ഭക്ഷ്യമേള, കലാസാംസ്കാരിക പരിപാടികള്‍ എന്നിവയെല്ലാം ഇതോടനുബന്ധിച്ച് ശ്രദ്ധേയമാകുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന സമ്മേളനം മെയ് എട്ടിന് വൈകിട്ട് നാലുമണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കും. കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ രജിസ്ട്രേഷന്, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മെയ് 14 ബുധന്‍ വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും.
പവലിയന്, വ്യത്യസ്തങ്ങളായ 251 സ്റ്റാളുകള്‍
ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശന മേളക്കായി 52000 ചതുരശ്ര അടിയിലാണ് പവലിയന് ക്രമീകരിക്കുന്നത്. 2500 ചതുരശ്ര അടിയില്‍ ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം പവലിയന് ഒരുക്കും. വിനോദസഞ്ചാരം, പൊതുമരാമത്ത്, കൃഷി, കായികം, കിഫ്ബി, സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ക്കായി പ്രത്യേക ഏരിയയും ഒരുക്കിയിട്ടുണ്ട്. 1500 ചതുരശ്ര അടിയില്‍ കേരള ഫിലിം കോര്‍പ്പറേഷന്റെ മിനിതിയേറ്റര്‍, 16,000 അടിയില്‍ ഫുഡ് കോര്‍ട്ട്, സ്റ്റേജ്, പോലീസ് വകുപ്പിന്റെ ഡോഗ്ഷോ, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനങ്ങളും സജ്ജമാക്കുന്നുണ്ട്. കാരവന് ടൂറിസം, അഗ്നിശമന രക്ഷാസേനയുടെ ഡെമോണ്സ്ട്രേഷന്, വനം വകുപ്പിന്റെ സര്‍പ്പ ആപ്പിന്റെ ലൈവ് ഡെമോണ്സ്ട്രേഷന് എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്മാരുടെ ലൈവ് ഡെമോണ്‍സ്ട്രേഷനും ഒരുക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 100 വാണിജ്യ സ്റ്റാളുകളുമടക്കം 251 സ്റ്റാളുകളാണ് മേളയിലെ പ്രധാന ആകര്‍ഷണം. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ശീതീകരിച്ച സ്റ്റാളുകളാണ് തയ്യാറാക്കുന്നത്. വാണിജ്യ സ്റ്റാളുകളില്‍ വകുപ്പുകള്‍ക്ക് പുറമെ എംഎസ്എംഇകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.
സമകാലിക വിഷയങ്ങളില്‍ സെമിനാറുകള്‍
മേളയുടെ ഭാഗമായി കാലിക പ്രസക്തമായ നിരവധി സെമിനാറുകളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. മെയ് എട്ടിന് രാവിലെ 10 ന് വ്യവസായ വകുപ്പിന്റെ സെമിനാര്‍ സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസ, ഒന്‍പതിന് ഉച്ചക്ക് രണ്ട് മുതല്‍ സാമൂഹ്യനീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദം സെമിനാര്‍. 10 ന് രാവിലെ 10 മുതല്‍ രണ്ട് വരെ വിവിധ വകുപ്പിന്റെ നേതൃത്വത്തില്‍ രാസാലഹരിക്കെതിരെയുള്ള ശില്പശാല. 11 ന് രാവിലെ 10 മുതല്‍ 12 വരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എന്റെ കേരളം സ്ത്രീപക്ഷ കേരളം വിഷയത്തില്‍ വനിതാസംഗമം നടക്കും സംഗമത്തില്‍ സംരംഭകത്വ സാധ്യതകളും സാമ്പത്തിക സ്രോതസുകളും എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും. 13 ന് രാവിലെ 10 മുതല്‍ ജലവിഭവ വകുപ്പിന്റെ ജല സുരക്ഷാ സെമിനാര്‍, 11.30 മുതല്‍ സിവില്‍ സര്‍വീസ് അക്കാഡമിയുടെ സിവില്‍ സര്‍വീസ് പരീക്ഷ അറിയേണ്ടതെല്ലാം സെമിനാര്‍, 14 ന് രാവിലെ 10 മണി മുതല്‍ പിന്നാക്ക വിഭാഗ വകുപ്പിന്റെ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം. 11.30 മുതല്‍ മൃഗസംരക്ഷണ വകുപ്പ് പാലുല്പാദനത്തില് സ്വയം പര്യാപ്തത കിടാവ് മുതല്‍ കിടാവ് വരെ വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും.
കലാ-സാംസ്കാരിക പരിപാടികള്‍
മേളയോടനുബന്ധിച്ച് ഉദ്ഘാടന ദിവസമായ മെയ് എട്ടിന് രാത്രി ഏഴ് മണിക്ക് പണ്ഡിറ്റ് രമേഷ് നാരായണ്‍ നയിക്കുന്ന 'ഒരു നറു പുഷ്പമായ്'-മെഹ്ഫില്‍ ഖയാലും ഗസലും സിനിമാ സംഗീതവും കൈകോര്‍ക്കുന്ന മേളനം അരങ്ങേറും. മെയ് ഒമ്പതിന് രാത്രി ഏഴ് മണി മുതല്‍ കൊച്ചിന് കോക് ബാന്‍ഡ് പരിപാടി അവതരിപ്പിക്കും. മെയ് 10 ന് രാത്രി ഏഴ് മണിക്ക് റാസ നയിക്കുന്ന റൂഹ് രംഗ് മെഹ്ഫില്‍, 11 ന് മാഹി നാടകപ്പുര അവതരിപ്പിക്കുന്ന നാടകം പാലസ്തീന് കോമാളി, 12 ന് പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട് എന്നിവ അരങ്ങേറും. മെയ് 13ന് ഫോക് ലോര്‍, തദ്ദേശീയ കലാ പരിപാടികളുടെ ഭാഗമായി താളം തിരുവാതിര സംഘത്തിന്റെ തിരുവാതിര, മേരി ലാന്റ് ഹൈസ്കൂള്‍ മടമ്പം അവതരിപ്പിക്കുന്ന മാര്‍ഗം കളി, ജാബിര്‍ പാലത്തുങ്കരയും സംഘവും ഒരുക്കുന്ന കോല്‍ക്കളി, ദഫ് മുട്ട്, പരിചമുട്ട്, കാളയാട് ചെമ്പുക്കാവ് രാമചന്ദ്രന് ഒരുക്കുന്ന മാന്‍പാട്ട്, കോല്‍ക്കളി, കുണിയന്‍ പറമ്പത്ത് പൂരക്കളി സംഘത്തിന്റെ പൂരക്കളി, പയ്യമ്പള്ളി കളരി സംഘത്തിന്റെ കളരിപ്പയറ്റ് മുതലായവ അരങ്ങേറും. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസം മെയ് 14 ന് പന്തളം ബാലനും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും വേദിയിലെത്തും. മേള ദിവസങ്ങളില്‍ കേരളോത്സവം, സര്‍വകലാശാല കലോത്സവം എന്നിവയില്‍ ജേതാക്കളായവരുടെ വിവിധ പരിപാടികളും അരങ്ങേറും. ഭിന്നശേഷി വിഭാഗക്കാരുടെ ഗാനമേള, വനിതാ സിവില്‍ സര്‍വീസ് ഓഫീസര്‍മാരുടെ ഫ്യൂഷന്‍ ഡാന്‍സ്, ട്രാന്‍സ് ജെന്റേഴ്സിന്റെ നൃത്തപരിപാടി, താവം ഗ്രാമ വേദിയുടെ നാടന്‍പാട്ട്, ചെറുതാഴം ചന്ദ്രന്റെ പഞ്ചവാദ്യം, സജീവന് ഇടയിലക്കാട് അവതരിപ്പിക്കുന്ന മലയാള ഗസല്‍, എന്നിവ നടക്കും.
രുചി വൈവിധ്യങ്ങളുമായി ഫുഡ് കോർട്ട്
ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയാണ് കുടുംബശ്രീ ഭക്ഷ്യമേള. പ്രഭാതഭക്ഷണം മുതല്‍ ഉച്ച ഭക്ഷണം, ലഘു ഭക്ഷണങ്ങള്‍ തുടങ്ങി ഏത് സമയത്തും കുടുംബശ്രീ ഭക്ഷ്യമേളാ സ്റ്റാളില്‍ ഭക്ഷണം ലഭ്യമാണ്. രാത്രിയിലും കുടുംബശ്രീ തനതു ഭക്ഷണങ്ങള്‍ ആസ്വദിക്കാനുള്ള സജ്ജീകരണങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. അട്ടപ്പാടി വനസുന്ദരി ചിക്കന്‍, വയനാട്, കാസര്‍ഗോഡ്, കൊല്ലം,തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങളും ഉണ്ടാകും. ഫുഡ് കോര്‍ട്ടില്‍ വിവിധ മാംസ വിഭവങ്ങള്‍, തലശ്ശേരി ദം ബിരിയാണി, പാല്‍ക്കപ്പ, വിവിധ മല്‍സ്യ വിഭവങ്ങള്‍, സ്നാക്സ്, സര്‍ബത്തുകള്‍, ഐസ്ക്രീം തുടങ്ങി നൂറില്‍ അധികം വിഭവങ്ങളാണുള്ളത്.
മത്സരങ്ങളില്‍ പങ്കെടുത്ത് മേളയുടെ ഭാഗമാകാം
മേളയോടനുബന്ധിച്ച് ചിത്ര രചന, ക്വിസ് മത്സരങ്ങളുടെ ജില്ലാതല മത്സരം മെയ് 12 ന് നടത്തും. രാവിലെ 10 ന് ചിത്രരചനാ മത്സരവും ഉച്ചക്ക് രണ്ടിന് ക്വിസ് മത്സരവും നടക്കും. അന്നേദിവസം രാവിലെ പത്തിന് പൊതുജനങ്ങള്‍ക്കായി മുഖത്തെഴുത്ത് മത്സരവും നടത്തും. മേളയുടെ ഭാഗമായി ജില്ലാതല സംഘാടക സമിതി 'എന്റെ കേരളം' എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് സെല്‍ഫി, റീല്‍സ്, ഫോട്ടോഗ്രാഫി മത്സരങ്ങളും സംഘടിപ്പിക്കും. മിക്സ്ഡ് വോളിബോള്‍ മത്സരങ്ങള്‍ മെയ് ആറിന് വൈകിട്ട് നാലിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ്, ജയില്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഒമ്പതിന്
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് ഒമ്പതിന് രാവിലെ 10.30 മുതല്‍ 12.30 വരെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ വിവിധ മേഖലയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 ലധികം വ്യക്തികളെ മുഖ്യമന്ത്രി നേരില്‍ കണ്ട് സംവദിക്കും. രജിസ്ട്രേഷന്, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, ട്രേഡ് യൂണിയന് /തൊഴിലാളി പ്രധിനിധികള്‍,യുവജനത, സാംസ്കാരിക കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമുദായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡോ.വി.ശിവദാസന്‍ എം.പി, കെ.വി.സുമേഷ് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്, എ.ഡി.എം സി പദ്മചന്ദ്രകുറുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി.വിനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- Log in to post comments