മിന്നും റോഡുകളുടെ കഥയുമായി പി.ഡബ്ലിയു.ഡി സ്റ്റാൾ
രാജ്യാന്തര നിലവാരമുള്ള റോഡുകളുമായി കുതിക്കുന്ന ഇടുക്കിയുടെ വികസനത്തിൻ്റെ നേർസാക്ഷ്യമാണ് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ. വിഎച്ച് എസ് എസ് മൈതാനത്ത് സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുമരാമത്ത് വകുപ്പ് ഒരുക്കിയ സ്റ്റാൾ.
ഹൈവേ വികസന പദ്ധതികളോടൊപ്പം സംസ്ഥാന റോഡുകളും ഗ്രാമീണ റോഡുകളായ ചെമ്മണ്ണാർ ഗ്യാപ്പ് റോഡ്,രാജാക്കാട് മൈലാടുംപാറ പുപ്പാറ റോഡ്, മൂന്നാർ ഗ്യാപ്പ് റോഡ്, തുടങ്ങിയ ഇടുക്കിയിലെ റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. കൂടാതെ ഏന്തയാർ പാലം,മാങ്ങാത്തൊട്ടി പാലം,ശാന്തി പാലം ഗ്രാമീണ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളും നവീകരിക്കപ്പെടുന്നു.
തൊടുപുഴ താലൂക്ക് ഹോസ്പിറ്റൽ ന്യൂ ബ്ലോക്ക്,പി. എസ്. സി ഓഫീസ് കട്ടപ്പന,പബ്ലിക് ഹെൽത്ത് സെൻ്റർ പൈനാവ് എന്നിവ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ കീഴിൽ നിർമ്മിക്കപ്പെട്ടവയാണ്.
ഗുണനിലവാരം ഉറപ്പുവരുത്തുന്ന ത്രീ ടയർ ക്വാളിറ്റി സിസ്റ്റം, റോഡുകൾ അപകടകരഹിതമാക്കി നിലനിർത്തുന്ന റണ്ണിങ് കോൺട്രാക്ട് സിസ്റ്റം തുടങ്ങി ആധുനിക രൂപകല്പനയിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമ്മിതികളാണ് പൊതുമരാമത്ത് വകുപ്പ് ഇടുക്കിക്ക് സമർപ്പിച്ചിരിക്കുന്നത്.
വിനോദസഞ്ചാരത്തിന് പ്രധാന്യം നൽകുന്നതോടെ പതിനായിരക്കണക്കിന് സഞ്ചാരികൾക്കായി സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് സർക്കാർ.
വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡുകൾ മെച്ചപ്പെട്ടതോടെ വിനോദ കേന്ദ്രങ്ങളിലെ സന്ദർശക പ്രവാഹം ഇരട്ടിയാകുന്ന സാഹചര്യമാണിപ്പോൾ.
മേള മേയ് 5 ന് സമാപിക്കും.
ഫോട്ടോ: എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാൾ.
- Log in to post comments