ലഹരിക്കെതിരെ ഗോളടിച്ച് പോകാം; കളിയും കാര്യവുമായി കായിക വകുപ്പിന്റെ സ്റ്റാള്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യത്യസ്ത അനുഭവമൊരുക്കി ശ്രദ്ധേയമാവുകയാണ് കായിക വകുപ്പിന്റെ സ്റ്റാള്‍. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ കളിക്കാവുന്ന 14 വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. 'കായികമാണ് ലഹരി, അറിവാണ് ലഹരി' സന്ദേശം ഉള്‍പ്പെടുത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അമ്പെയ്യാനും ഗോളടിക്കാനും ബോള്‍ ബാസ്കറ്റ് ചെയ്യാനും കളിക്കാനും കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ആവേശത്തോടെ മുന്നോട്ടുവരുന്നുണ്ട്.
ഇലക്ട്രിക് ബ്ലസ് വയര്‍ ഗെയിം, ത്രോയിങ് ടാര്‍ഗറ്റ്, ബാസ്കറ്റ് ബോള്‍, സോഫ്റ്റ് ആര്‍ച്ചറി, സ്വിസ് ബോള്‍, ബാഡ്മിന്റണ്‍, പുഷ് അപ്പ്, ഹൂല ഹൂപ്സ്, സ്കിപ്പിങ് റോപ്, ഫുട്ബാള്‍ ഷൂട്ടിങ്, ട്വിസ്റ്റ് റൊട്ടേഷന്‍ തുടങ്ങിയ കായിക ഇനങ്ങളാണ് ഒരുക്കിയത്. കായിക വകുപ്പ് കൈവരിച്ച നേട്ടങ്ങളും മറ്റും എല്‍ഇഡി സ്ക്രീനിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരാളുടെ ഉയരവും തൂക്കവും പരിശോധിച്ച് ബോഡി മാസ് കണക്കാക്കാനും 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്ന ചാര്‍ട്ടും സ്റ്റാളിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്.
- Log in to post comments