രാജസ്ഥാന്‍ രുചിക്കൂട്ടുമായി 'ലാല്‍ മാസ് ചിക്കന്‍'
കോഴിക്കോട് ബീച്ചില്‍ കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ സരസ് മേളയുടെ ഫുഡ്കോര്‍ട്ടില്‍ ചിക്കന്‍ കൊണ്ടൊരു അത്യുഗ്രന്‍ വിഭവമുണ്ട്, രാജസ്ഥാനില്‍നിന്നെത്തിയ 'ലാല്‍ മാസ് ചിക്കന്‍'. അവിടെ ഉല്‍പാദിപ്പിക്കുന്ന പ്രത്യേക മുളക്‌പൊടി ഉപയോഗിച്ച് തയാറാക്കുന്ന ലാല്‍ മാസ് ചിക്കന്‍ ഭക്ഷണപ്രേമികള്‍ക്ക് പുത്തന്‍ രുചിയനുഭവമാണ് സമ്മാനിക്കുന്നത്.
ഇതിന് പുറമെ തേങ്ങപ്പൊടിയും നെയ്യും തൈരും ചേര്‍ത്ത് തയാറാക്കുന്ന വൈറ്റ് ചിക്കനും ഇവിടെ കിട്ടും. ബട്ടര്‍ ചേര്‍ത്ത് തയാറാക്കുന്ന റൈസാണ് ഈ ചിക്കന്‍ വിഭവങ്ങളുടെ കോമ്പോയായി ലഭിക്കുക. രണ്ട് കോമ്പോകള്‍ക്കും വില 100 രൂപ വീതമാണ്. മധുരപലഹാരമായ റസ്ബെറി, കാഞ്ചി ബട എന്നിവയും ഇവിടെയുണ്ട്.
രാജസ്ഥാനിലെ ഗുഡകട്‌ല ഗ്രാമത്തില്‍നിന്ന് വര്‍സ, നവ്ദീപ്, ദിലീപ് സിങ്, പിഹു എന്നിവരാണ് രാജസ്ഥാനി വിഭവങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ മേളയിലെത്തിയിരിക്കുന്നത്. സഹേലി സ്വയംസഹായ സംഘം അംഗങ്ങളായ ഇവര്‍ രണ്ടാം തവണയാണ് സരസ് മേളയുടെ ഭാഗമാകുന്നത്. പുതുരുചികള്‍ പരീക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ തനത് വിഭവങ്ങള്‍ ആസ്വദിക്കണമെന്നുള്ളവര്‍ക്കും നേരേ കോഴിക്കോട് ബീച്ചിലെ കുടുംബശ്രീ സരസ് മേളയിലേക്ക് വരാം.
- Log in to post comments