കുട്ടികളെ കായികമായും മാനസികമായും ഉന്മേഷമുള്ളവരായി നിലനിര്‍ത്താന്‍ കഴിയണം; മുഖ്യമന്ത്രി പിണറായി വിജയന്‍
കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിന്‍ 'കിക്ക് ഡ്രഗ്സ് 'ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു
ഇതൊരു ആദ്യ ചുവടുവയ്പ്പ് മാത്രമാണെന്നും കുഞ്ഞുങ്ങളിലേക്ക് ലഹരി എന്ന വിപത്ത് എത്തിച്ചേരുന്ന മാര്‍ഗങ്ങളെല്ലാം തടയുക എന്നത് വളരെ ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും നിര്‍വഹിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിന്‍ 'കിക്ക് ഡ്രഗ്സ് 'ന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളെ കായികമായും മാനസികമായും ഉന്മേഷമുള്ളവരായി നിലനിര്‍ത്തുക എന്നത് ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്.രാവിലെ സ്‌കൂളില്‍ എത്തി വൈകിട്ട് തിരിച്ചു പോകുന്ന സമയമാകുമ്പോള്‍ വാടിത്തളരുന്ന അവസ്ഥ കുട്ടികള്‍ക്ക് ഉണ്ടാകും. ആ ഘട്ടത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന ഉന്മേഷദായകമായ കായിക പരിപാടികള്‍ കൂട്ടായി നടത്തിയാല്‍ കുട്ടികള്‍ക്ക് ഉണര്‍വ് പകരാന്‍ സാധിക്കും. അവരുടെ ക്ഷീണവും മടുപ്പും മാറും. അത്തരത്തില്‍ ഉഷാറായ നിലയില്‍ കുട്ടികള്‍ വീടുകളിലേക്ക് മടങ്ങണം. അങ്ങനെ വന്നാല്‍ അരുതാത്ത ശീലങ്ങള്‍ പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കുട്ടികളെ സ്വാധീനിക്കാന്‍ സാധിക്കില്ല. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ് സൂംമ്പാ ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സ്‌കൂളുകളില്‍ ആവിഷ്‌ക്കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. ഇത് അങ്ങേയറ്റം മാതൃകാപരമായ ഒരു പരിപാടിയായിരിക്കും.
എല്ലാ സ്‌കൂളുകളിലും ഇതുപോലെയുള്ള പരിപാടികളും, അതോടോപ്പം കലാ-സാഹിത്യ പരിപാടികളും സംഘടിപ്പിക്കാനാകണം. കുട്ടികള്‍ക്ക് സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ കളിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ നാട്ടിലും വീടിനടുത്തുമൊക്കെ ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. അതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമൂഹവും വലിയതോതില്‍ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഈ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും ആവശ്യം വേണ്ട ബോധവല്‍ക്കരണം ലഭിക്കണം. അധ്യാപകര്‍ക്കും ഇതിനാവശ്യമായ പരിശീലനങ്ങള്‍ നല്‍കാനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു വരുന്നത്. അങ്ങനെ 'നോ ടു ഡ്രഗ്സ്' എന്നത് അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കാനും നമുക്ക് 'ജീവിതമാണ് ലഹരി' എന്നതില്‍ ശക്തമായി ഊന്നിനില്‍ക്കാനും ഉതകുന്ന അവസ്ഥയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹിമാന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തൃക്കരിപ്പൂര്‍ എം.എല്‍.എ എം രാജഗോപാലന്‍, ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു, കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖന്‍ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അബ്ബാസ് ബീഗം, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി ,സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, ഇന്റര്‍നാഷണല്‍ കബഡി താരം ജഗദീഷ് കുമ്പള തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രദീപന്‍ എ.വി നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഖേലോ ഇന്ത്യ സ്റ്റുഡന്റ്‌സ് നടത്തിയ ഫെന്‍സിങ്, ചെറുവത്തൂര്‍ കൈരളി പൂരക്കളി സംഘം അവതരിപ്പിച്ച പൂരക്കളിയും ചെറുവത്തൂര്‍ കൈരളി കളരി സംഘം കളരിപ്പയറ്റും, യോഗ അസോസിയേഷന്‍ നടത്തിയ യോഗ, തൈക്കൊണ്ടോ അസോസിയേഷന്‍ നടത്തിയ തൈക്കൊണ്ടോ, ലഹരിക്കെതിരെ നൃത്ത ശില്‍പം, സൂമ്പഡാന്‍സ് എന്നിവ അരങ്ങേറി.
- Log in to post comments