Skip to main content

നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

*സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 

നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി   പാതിരപ്പള്ളി  കാമിലോട്ട് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ആലപ്പുഴ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  
വികസനം ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം നടക്കേണ്ടതോ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതോ അല്ല. വികസനം സര്‍വ്വതല സ്പര്‍ശിയും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായിരിക്കണം എന്നതാണ് ഈ സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട്.  അതിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായിരിക്കും നവകേരളം. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടെയും സഹായവും പിന്തുണയും സഹകരണവുമുണ്ടാകണം. നവംബര്‍ ഒന്നിന്  ഇന്ത്യയിലെ  അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണന്നും മുഖ്യമന്ത്രി പറഞ്ഞു. 
നവകേരളം സൃഷ്ടിക്കുകയെന്നാല്‍ നമ്മുടെ നാടിനെ ലോകത്തിലെ വികസിത രാഷ്ട്രങ്ങളുടേതിന് തുല്യമായ ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ്. ആ കാര്യത്തില്‍ നാം കുറെയേറെ മുന്നേറിയിട്ടുണ്ട്. ഇനിയും മുന്നേറേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. 
2021 മെയ് മാസത്തിലാണ് രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. നാലു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ ഘട്ടത്തില്‍ ഇതു പോലുള്ള ജില്ലാതലയോഗങ്ങള്‍ എല്ലാ ജില്ലകളിലും നടക്കുകയാണ്. ഇത് ആറാമത്തെ ജില്ലയിലാണ് ഈ പരിപാടി നടക്കുന്നത്. 2016 ല്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായാണ് ഈ സര്‍ക്കാരിനെ കാണേണ്ടത്. 2021ല്‍ സമീപകാല കേരള ചരിത്രം തിരുത്തികൊണ്ടാണ് ജനങ്ങള്‍ ഈ സര്‍ക്കാരിന് തുടര്‍ഭരണം സമ്മാനിച്ചത്. അങ്ങനെ നോക്കിയില്‍ 2016 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കി പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2016 സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളോട് പറഞ്ഞതും അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ പ്രതീക്ഷിച്ചതുമായ കാര്യങ്ങള്‍ എത്ര കണ്ട് നടപ്പായി എന്ന വിലയിരുത്തല്‍ സ്വാഭാവികമായി നടന്നു. അങ്ങനെ ജനങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചു. ജനങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ എല്‍ ഡി എഫിനും സര്‍ക്കാരിനും ഏറ്റെടുക്കുവാനും പൂര്‍ത്തികരിക്കാനും കഴിഞ്ഞതുകൊണ്ടാണ് അത് സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
2016 ല്‍ കേരളം എന്തായിരുന്നു എന്ന് നമുക്കറിയാം.  2016 ല്‍ വലിയ തകര്‍ച്ച നമ്മുടെ നാടിന് സംഭവിച്ചിരുന്നു. ആ തകര്‍ച്ച ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സംഭവഗതികളുടെ ഭാഗമായി ഉണ്ടായതല്ല. 2016 ന് ശേഷം ഒരു പാട് മഹാമാരികളും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് നമ്മുടേത്. അത്തരം വലിയ തോതിലുള്ള തിരിച്ചടികള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ലാത്ത കാലമാണ് 2016 ല്‍ അവസാനിച്ച കാലം. പക്ഷേ തകരാത്ത ഒരു മേഖലയും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ജനങ്ങള്‍ കടുത്ത നിരാശയിലായിരുന്നു. ഇനി ഇതിനൊന്നും മാറ്റം ഉണ്ടാകില്ല എന്ന് ജനങ്ങള്‍ കരുതി. അപ്പോഴാണ് എല്‍ ഡി എഫ് 600 ഇനങ്ങളുള്ള ഒരു പ്രകടന പത്രിക ജനങ്ങളുടെ മുമ്പില്‍ വെച്ചത്. ആ 600 കാര്യങ്ങളില്‍ അന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെല്ലാമുണ്ടായിരുന്നു. അതിന് പരിഹാരം കാണുമെന്ന് വാഗ്ദാനമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അത് ജനങ്ങള്‍ ഏറ്റെടുത്തു. തുടര്‍ന്നാണ് എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന വാക്യം ഒരു പൊതുഅഭിപ്രായമെന്ന നിലയില്‍ ഉയര്‍ന്നു വന്നത്. സര്‍ക്കാര്‍ അന്ന് പറഞ്ഞ വാക്ക് തീര്‍ത്തും  അന്വര്‍ത്ഥമാക്കിയെന്ന് ഇന്ന് അഭിമാനപൂര്‍വ്വം പറയാന്‍ സാധിക്കും. 
ഇന്നുവരെ നമ്മുടെ രാജ്യത്ത് എവിടെയും സ്വീകരിച്ചിട്ടില്ലാത്ത, ഒരുപക്ഷേ ലോകത്തുതന്നെ ജനാധിപത്യം നടപ്പായ രാജ്യങ്ങളില്‍ പോലും ചെയ്യാത്ത കാര്യമാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയതിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത്. ജനങ്ങളുടെ മുന്നില്‍ പ്രകടനപത്രികയിലൂടെ പറയുന്ന കാര്യങ്ങള്‍ എത്ര കണ്ട് നടപ്പായി എന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ പരിശോധിക്കുന്ന പതിവ് രീതി മാറ്റി ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് പൂര്‍ണ്ണ രീതിയില്‍ വിലയിരുത്തുവാന്‍  പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇങ്ങനെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറങ്ങിയപ്പോള്‍  2016ലെ പ്രകടനപത്രികയില്‍ പറഞ്ഞ 600 ഇനങ്ങളില്‍ വിരലില്‍ എണ്ണാവുന്നവ ഒഴിച്ച് ബാക്കി മുഴുവനും നടപ്പാക്കിയ സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറി. അത് നമ്മുടെ നാട്ടിലെ വിവിധ മേഖലകളിലുള്ള വികസനത്തിന്റെ സാക്ഷ്യപത്രങ്ങളായി ഇന്നും നിലകൊള്ളുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പൊതുവിദ്യാഭ്യാസ, ആരോഗ്യമേഖലകളെ വലിയ തകര്‍ച്ചയില്‍ നിന്ന് മികച്ച രീതിയില്‍ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിനായി. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്ന് കേന്ദ്ര ഗവണ്‍മെന്റിലെ നേതൃത്വത്തിലുള്ള നിതി ആയോഗ് സാക്ഷ്യപ്പെടുത്തി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഈ ഒന്നാം സ്ഥാനം കേരളത്തിന് നിലനിര്‍ത്താനായി.  അതുപോലെതന്നെ ആരോഗ്യരംഗവും വലിയ രീതിയില്‍ ശേഷി ആര്‍ജിച്ചു. രാജ്യവും ലോകവും കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ പകച്ചു നിന്നപ്പോള്‍ കോവിഡിന് മുന്നില്‍ മുട്ടുകുത്തി വീഴാത്ത ഏക പ്രദേശമായി കേരളത്തെ ലോകം നോക്കി കണ്ടു. കോവിഡിനെ പ്രതിരോധിച്ച ലോകത്തിലെ തന്നെ അപൂര്‍വ്വം  പ്രദേശങ്ങളില്‍ ഒന്നായി കേരളം മാറി. അതിന് കേരളത്തെ പ്രാപ്തമാക്കിയത് നമ്മുടെ ആരോഗ്യരംഗത്തിന്റെ നേട്ടങ്ങളാണ്. കാര്‍ഷിക, വ്യവസായരംഗങ്ങള്‍ വലിയ രീതിയില്‍ അഭിവൃദ്ധിപ്പെട്ടു. കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിച്ചു. നെല്‍കൃഷിയുടെ വ്യാപനം വലിയ തോതില്‍ ഉണ്ടായി. വ്യവസായരംഗത്തും വലിയ മാറ്റം സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ രാജ്യത്തെതന്നെ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഈ നേട്ടങ്ങളെല്ലാം യാദൃശ്ചികമായി സംഭവിച്ചതല്ല. യാദൃശ്ചികമായി സംഭവിക്കുമായിരുന്നുവെങ്കില്‍ അത് നേരത്തെ സംഭവിക്കണമായിരുന്നു. 2016 ന് ശേഷം ഉണ്ടായ നേട്ടങ്ങളും യാദൃശ്ചികം അല്ല. എല്ലാത്തിലും സര്‍ക്കാരിന്റെതായ പങ്കുണ്ട്. ഏതൊരു നാടും മുന്നോട്ടുപോകുന്നത് സര്‍ക്കാര്‍ സര്‍ക്കാരിന്റെ  പങ്ക് കൃത്യമായി നിര്‍വഹിക്കുമ്പോഴാണ്. 2016ന് മുമ്പുണ്ടായിരുന്ന ഉണ്ടായിരുന്ന സര്‍ക്കാര്‍ ആ പങ്ക് കൃത്യമായി നിര്‍വഹിച്ചില്ല. ഇതിന്റെ ഭാഗമായാണ് ഓരോ മേഖലയും തകര്‍ന്നത്.  എന്നാല്‍ നാടിന്റെ ഓരോ പുരോഗതിക്കും ഇടതുപക്ഷ  സര്‍ക്കാര്‍ കൃത്യമായി ഇടപെടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായാണ് 2016 ന് ശേഷം മാറ്റമുണ്ടായത്. നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധ പ്രധാനമാണ്. ആ പ്രതിബദ്ധതയുള്ളവര്‍ക്ക് കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനാവും. പ്രതിബദ്ധത ഇല്ലെങ്കില്‍ കാര്യങ്ങള്‍ നിഷേധാത്മകമായ നിലയില്‍ വളര്‍ന്നുവരും. നമ്മുടെ നാടിന് കാലാനുസൃതമായ പുരോഗതി നേടാന്‍ കഴിയാതിരുന്ന ഘട്ടം 2016ല്‍ അവസാനിച്ചു. 
ഇന്ന് നമ്മുടെ ദേശീയപാതയുടെ പ്രവര്‍ത്തികള്‍ വലിയ രീതിയില്‍ നടക്കുകയാണ്. അടുത്തുതന്നെ പൂര്‍ത്തിയാകും. അത് പൂര്‍ത്തിയായാല്‍ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ഇപ്പോഴേ മനസ്സില്‍ കാണുകയാണ് ജനങ്ങള്‍. 2016 ന് മുന്നേ ഉണ്ടായ കാലഘട്ടത്തില്‍ ഈ വികസനങ്ങളൊന്നും നടക്കില്ല എന്ന അവസ്ഥയായിരുന്നു. സാധാരണഗതിയില്‍ വ്യക്തികള്‍ വികസനങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിച്ചു എന്ന് വരാം. എന്നാല്‍ സര്‍ക്കാര്‍ വികസനത്തിനൊപ്പമാണ് നില്‍ക്കേണ്ടത്. എന്നാല്‍ 2016ല്‍ അവസാനിച്ച സര്‍ക്കാരിന്റെ കാലത്ത് അതിന് കഴിഞ്ഞില്ല. അതുകൊണ്ടാണവര്‍ തഴയപ്പെട്ടത്. ദേശീയപാതയ്ക്കായി 45 മീറ്റര്‍ വീതിയില്‍ സ്ഥലം എടുക്കുന്ന വിഷയത്തിലും ഗെയില്‍ സിറ്റി ഗ്യാസ് പദ്ധതി വന്നപ്പോഴും തടസ്സപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായി. ദേശീയപാത വികസനം പോലെ തന്നെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കാന്‍ വന്ന ഗെയിലും നാടുവിട്ടുപോയി.  2016ല്‍ അതെ ഗെയിലുകാരോട് സര്‍ക്കാര്‍ തിരിച്ചുവരാന്‍ പറഞ്ഞു. അവരെ കൊണ്ട് തന്നെ പണികള്‍ നടത്തിച്ചു. ഇപ്പോള്‍ സിറ്റി ഗ്യാസ് പൈപ്പിലൂടെ പ്രവഹിക്കുകയാണ്. അതുപോലെതന്നെ ഇടമണ്‍ - കൊച്ചി പവര്‍ ഹൈവേ കോട്ടയത്തെത്തിയപ്പോള്‍ നിന്നുപോയി. പവര്‍ഗ്രിഡ് കോര്‍പ്പറേഷനാണ് ആ പ്രവര്‍ത്തി ഏറ്റെടുത്തത്. അവരും പദ്ധതി ഉപേക്ഷിച്ചു തിരിച്ചുപോയി. 2016ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ അവരെ തിരിച്ചു വിളിച്ച് പണി പൂര്‍ത്തിയാക്കാന്‍ പറഞ്ഞു. ഗവണ്‍മെന്റ് ഉറച്ചുനിന്ന് പദ്ധതി പൂര്‍ത്തിയാക്കി. ഇവിടെയാണ് സര്‍ക്കാരുകളുടെ വ്യത്യാസം.  വികസനം വേണ്ടിടത്ത് അത് തടയുന്ന നിലപാട് ഒരുകാലത്തും സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ല. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതിനും നിരവധി തടസ്സങ്ങള്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നു. ലോകത്തിലെ തന്നെ അപൂര്‍വമായ വന്‍ തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. നാടിന്റെ വികസനത്തിന് ഒഴിവാക്കാന്‍ കഴിയാത്തതാണ് ഇത്തരം നിലപാടുകള്‍-മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാട് ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന  കാലയളവാണ് കഴിഞ്ഞുപോയത്. നിപ്പയും ഓഖിയും 2018ലെ മഹാപ്രളയവും 2019ല്‍ ഉണ്ടായ അതിരൂക്ഷമായ കാലവര്‍ഷക്കെടുതിയും ലോകത്തെ ആകെ വിറങ്ങലിപ്പിച്ച കോവിഡ് മഹാമാരിയും എല്ലാം നമുക്ക് ഏറ്റുവാങ്ങേണ്ടിവന്നു. ഒരു നാട് തകരാന്‍ വേണ്ടത്ര വലിയ ആഘാതങ്ങളാണ് ഈ കുറഞ്ഞ കാലയളവില്‍ കേരളം നേരിട്ടത്. ഇതു പോലുള്ള പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ ബാധ്യതപ്പെട്ടവരാണ് കേന്ദ്ര സര്‍ക്കാര്‍. പക്ഷേ സഹായിച്ചില്ല. നിര്‍ഭാഗ്യകരമായ സമീപനമായിരുന്നു അത്. സഹായിക്കാന്‍ മുന്നോട്ടുവന്ന രാഷ്ട്രങ്ങളെപ്പോലും തടഞ്ഞു. ഇതെല്ലാം നമ്മുടെ അനുഭവത്തിലുള്ള കാര്യങ്ങളാണ്. സഹായം ലഭിക്കാതിരുന്നപ്പോള്‍ തലയില്‍ കൈവെച്ച് കരയുകയല്ല ചെയ്തത്. നമ്മുക്ക് അതീജീവിക്കണമായിരുന്നു. അതിനാല്‍ അത്തരം നടപടികളിലേക്ക് നാം കടന്നു. രാജ്യവും ലോകവും നമ്മുടെ അതിജീവനത്തെ ആശ്ചര്യത്തോടെ നോക്കികണ്ടു. നമ്മുടെ നാടിന്റെ ഐക്യവും ജനങ്ങളുടെ ഒരുമയുമാണ് നമ്മുടെ അതിജീവനത്തിന്റെ ഏറ്റവും വലിയ കരുത്ത്. അസാധ്യം എന്ന് കരുതിയ പലതും സാധ്യമാക്കുവാന്‍ നമുക്ക് കഴിഞ്ഞു.
മഹാപ്രളയം പണത്തിന് വലിയ ക്ഷാമം സൃഷ്ടിച്ചു. സര്‍ക്കാര്‍ ജീവനക്കാരോട് ചില്ലറ ദിവസത്തെ  ശമ്പളം വായ്പയായി ചോദിച്ചു. പക്ഷെ അതിനെ ചിലര്‍ എതിര്‍ത്തു. അതിനെതിരെ കേസിന് പോയി. കേന്ദ്രം നമ്മെ പൂര്‍ണമായും അവഗണിക്കുമ്പോഴും ആവശ്യമായ സഹായങ്ങള്‍ നല്‍കാതിരിക്കുമ്പോഴും അതിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷത്തിന് ശബ്ദം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ആ ഘട്ടത്തില്‍ ശത്രുത മനോഭാവം സ്വീകരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിനോട് ഒപ്പം ചേരുവാന്‍ കേരളത്തിലെ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത് എന്താണ്. ഇത്തരം ഒരുപാട് ദുരനുഭവങ്ങള്‍ നമുക്കുണ്ട്. നമ്മുടെ തനത്, ആഭ്യന്തര, പ്രതിശീര്‍ഷ വരുമാനങ്ങള്‍ മികച്ച രീതിയില്‍ വര്‍ദ്ധിച്ചതിനാലാണ് നമുക്ക് അതിനെയെല്ലാം അതിജീവിക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി. കഴിഞ്ഞ ഒമ്പത് വർഷമായി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാർ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തെ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധികളെയും പ്രയാസങ്ങളെയും തരണം ചെയ്തുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇക്കാലയളവിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങൾക്കാണ് ആലപ്പുഴ ജില്ല സാക്ഷ്യം വഹിച്ചത്. ആയിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രവർത്തികമാക്കാൻ സർക്കാരിന് സാധിച്ചു. കാൽനൂറ്റാണ്ടെടുത്താൽ പൂർത്തിയാക്കാൻ കഴിയാത്തത്ര വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒമ്പത് വർഷക്കാലം കൊണ്ട് നടപ്പിലാക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു തുറമുഖ പദ്ധതി ഒരു സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്. അത് ഈ സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമായാണ് ലോകം മനസ്സിലാക്കുന്നത്. വികസന പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ട ജനവിഭാഗങ്ങളെയും സർക്കാർ ചേർത്തുനിർത്തുകയാണ്. ജനാധിപത്യത്തിന്റെ ഒരു പുതിയ മുഖം മുഖ്യമന്ത്രി നമ്മുക്കുമുമ്പിൽ അവതരിപ്പിച്ചിരിക്കുകകയാണ്. ജനാധിപത്യമെന്നത് അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന പ്രക്രിയയായാണ് പലപ്പോഴും നമ്മൾ കാണുന്നത്. ആ രീതിയിൽ മാറ്റമുണ്ടായിരിക്കുകയാണ്. ജനാധിപത്യ പ്രക്രിയിൽ ജനങ്ങൾക്ക്‌ ഇടപെടാൻ തെരഞ്ഞെടുപ്പ് വേളയിൽ മാത്രമല്ല അല്ലാതെയും അവസരം ഉണ്ടാകണമെന്നുള്ളതാണ് സർക്കാരിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തില്‍ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്ന അഞ്ഞൂറിലധികം പേരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ഫീഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ദലീമ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, യു പ്രതിഭ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലയുടെ ചാർജുള്ള സ്പെഷ്യൽ ഓഫീസർ ഡോ. ശർമിള മേരി ജോസഫ്, എഡിഎം ആശാ സി എബ്രഹാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

date