സ്നേഹ വീട് പദ്ധതി ; അഞ്ചാമത്തെ വീടിന്റെ താക്കോൽ ദാനം ടോവിനോ തോമസ് നിർവഹിച്ചു
വ്യവസായ മന്ത്രി പി രാജീവ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി സ്നേഹ വീടിന്റെ അഞ്ചാമത്തെ വീടിന്റെ താക്കോൽദാനം പ്രമുഖ ചലച്ചിത്ര താരം ടോവിനോ തോമസ് നിർവഹിച്ചു.കൊങ്ങോർപ്പിള്ളി ആശാരിപ്പറമ്പിൽ ശ്രീജയ്ക്കായി നിർമ്മിച്ച വീടിന്റെ താക്കോലാണ് ഇന്ന് കൈമാറിയത്.
മണ്ഡലത്തിലെ എല്ലാവർക്കും വീട് എന്ന ആശയത്തിൽ നിന്നാണ് സ്നേഹ വീട് എന്ന പദ്ധതി രൂപം കൊണ്ടതെന്നും ഇതുവരെ 14 വീടുകളുടെ കല്ല് ഇടൽ പൂർത്തിയായെയെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു .
കുടുംബനാഥയായ വിധവകളായവരും നിർധനരുമുൾപ്പെടെയുള്ളവർക്ക് വീടുകൾ നിർമ്മിക്കുന്നതിന് പ്രത്യേകമായി കളമശ്ശേരി മണ്ഡലത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് സ്നേഹവീട്. ആദ്യ ഘട്ടത്തിൽ 30 വീടുകളാണ് നിർമ്മിക്കുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവ്വഹണം. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തുന്നുണ്ട്.
ഒരാൾക്ക് 8 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുനിർമ്മാണം. 500 ച. അടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്.
ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി.ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പാറപ്പിള്ളി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ ,ആലങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ,വാർഡ് മെമ്പർ ജോബ് കുറുപ്പത്ത് സുഡ്ഗമി മാനേജർ സജി മാത്യു എന്നിവർ പങ്കെടുത്തു.
- Log in to post comments