വ്യവസായ സാധ്യതകള്‍ക്ക് പുതുവെളിച്ചം; 'എന്റെ കേരളം: സ്റ്റാര്‍ട്ടപ്പുകളുടെ നാട് -സെമിനാര്‍' എട്ടിന്
രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ അരങ്ങേറുന്ന മെഗാ എക്സിബിഷന്‍ വ്യവസായ സാധ്യതകള്‍ക്കുള്ള വാതിലുകള്‍ തുറക്കാനൊരുങ്ങുകയാണ്. ഉദ്ഘാടന ദിനമായ മെയ് എട്ടിന് രാവിലെ 10 മണിക്ക് എന്റെ കേരളം: സ്റ്റാര്‍ട്ടപ്പുകളുടെ നാട്' എന്ന വിഷയത്തില്‍ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍, പ്രതീക്ഷകളും സാധ്യതകളും നിറക്കുന്ന പ്രധാന ആകര്‍ഷണമായി മാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമുള്ള സെമിനാര്‍ മൂന്ന് സെഷനുകളിലായാണ് നടക്കുക. ആദ്യ സെഷനില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അസിസ്റ്റന്റ് മാനേജര്‍ ജി. അരുണ്‍ സെമിനാര്‍ അവതരിപ്പിക്കും. വിജയകരമായി സംരംഭം നടത്തിയ സോഫ്റ്റ് ഫ്രൂട്ട് സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍ അംജാദ് അലി തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കും. തളിപ്പറമ്പ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. സുനില്‍ വ്യവസായ വകുപ്പിന്റെ പദ്ധതികളും വിവിധ സേവനങ്ങളും വിശദമാക്കും. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭം ആരംഭിച്ചിട്ടുള്ളവര്‍ക്കും പുതിയ അവസരങ്ങളെയും സര്‍ക്കാര്‍ സഹായങ്ങളെയും കുറിച്ച് സമഗ്രമായ ബോധവല്‍ക്കരണം നല്‍കുക എന്നതാണ് ഈ സെമിനാറിന്റെ പ്രധാന ലക്ഷ്യം. ലൈസന്‍സ് ലഭ്യമാക്കല്‍, പ്രോത്സാഹന പദ്ധതികള്‍, സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ വിശദമായി അവതരിപ്പിക്കപ്പെടും. വ്യവസായ ലോകത്തേക്ക് അതിജീവനശേഷിയോടെ കടന്നുവരാന്‍ ആഗ്രഹിക്കുന്ന ചെറുസംരംഭകര്‍ക്കും പുതിയ ചിന്തധാരകള്‍ക്കും പുതിയ സംരംഭങ്ങളുടെ തുടക്കം കുറിക്കാനുള്ള മികച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും സെമിനാര്‍ ഉറച്ച പിന്തുണയായി മാറും. പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സി അജിമോന്‍ അധ്യക്ഷനാകും. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഇ ആര്‍ നിധിന്‍, ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസര്‍ ശരത് ശശിധരന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. എം സുര്‍ജിത് എന്നിവര്‍ പങ്കെടുക്കും.
- Log in to post comments