Skip to main content

സ്വരപുഷ്പങ്ങള്‍ പെയ്തിറങ്ങും സംഗീത സായാഹ്നം; 'ഒരു നറുപുഷ്പമായ്' പണ്ഡിറ്റ് രമേഷ് നാരായണ്‍ 'എന്റെ കേരള'ത്തില്‍

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സൗന്ദര്യവും ചലച്ചിത്രഗാന സൗകുമാര്യവും മലയാളികള്‍ ഹൃദയത്തിലേറ്റിയ സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ എന്റെ കേരളം വേദിയില്‍ അരങ്ങുണര്‍ത്തും. സംഗീത പ്രേമികളുടെ മനംകവരാന്‍ ഉദ്ഘാടന ദിവസമായ മെയ് എട്ടിന് രാത്രി ഏഴ് മണിക്ക് 'ഒരു നറു പുഷ്പമായ്'-മെഹ്ഫില്‍ ഖയാലും ഗസലും സിനിമാ സംഗീതവും കൈകോര്‍ക്കും. മക്കളായ മധുവന്തി നാരായണനും മധുശ്രീ നാരായണനും പണ്ഡിറ്റ് രമേശ് നാരായണോടൊപ്പം സംഗീത വേദിയെ ധന്യമാക്കും. ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായണ്‍ ഗര്‍ഷോം, ഇലയും മുള്ളും, മഗ്രിബ്, മേഘ മല്‍ഹാര്‍, മകള്‍ക്ക്, അന്യര്‍, ശീലാബതി എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കണ്ണൂരിലെ 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയില്‍ കൂത്തുപറമ്പില്‍ ജനിച്ച സംഗീതജ്ഞന്‍ തന്നെ കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ മേളയ്ക്ക് തിളക്കമേറും. കണ്ണൂരിന്റെ കലാകാശത്ത് സംഗീതത്തിന്റെ അസുലഭ വിരുന്നൊരുക്കുന്ന പരിപാടിക്കായി നാട് ഒരുങ്ങിക്കഴിഞ്ഞു.
 
തുടര്‍ന്ന് മെയ് ഒന്‍പതിന് രാത്രി ഏഴ് മുതല്‍ വേദിയെ കിടിലം കൊള്ളിക്കാന്‍ കൊച്ചിന്‍ കോക് ബാന്‍ഡ് പരിപാടി അവതരിപ്പിക്കും. മെയ് 10 ന് രാത്രി ഏഴിന് റാസ നയിക്കുന്ന റൂഹ് രംഗ് മെഹ്ഫില്‍, മെയ് 11 ന് മാഹി നാടകപ്പുര അവതരിപ്പിക്കുന്ന നാടകം പാലസ്തീന്‍ കോമാളി, മെയ് 12 ന് പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട് എന്നിവയും അരങ്ങേറും. മെയ് 13 ന് ഫോക് ലോര്‍ തദ്ദേശീയ കലാ പരിപാടികളുടെ ഭാഗമായി താളം തിരുവാതിര സംഘത്തിന്റെ തിരുവാതിര, മടമ്പം മേരി ലാന്റ് ഹൈസ്‌കൂള്‍ അവതരിപ്പിക്കുന്ന മാര്‍ഗം കളി, ജാബിര്‍ പാലത്തുങ്കരയും സംഘവും ഒരുക്കുന്ന കോല്‍ക്കളി, ദഫ് മുട്ട്, പരിചമുട്ട്, കാളയാട് ചെമ്പുക്കാവ് രാമചന്ദ്രന്‍ ഒരുക്കുന്ന മാന്‍പാട്ട്, കോല്‍ക്കളി, കുണിയന്‍ പറമ്പത്ത് പൂരക്കളി സംഘത്തിന്റെ പൂരക്കളി, പയ്യമ്പള്ളി കളരി സംഘത്തിന്റെ കളരിപ്പയറ്റ് മുതലായവ അരങ്ങേറും. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസം മെയ് 14 ന് പന്തളം ബാലനും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും വേദിയിലെത്തും. പ്രസ്തുത ദിവസങ്ങളില്‍ കേരളോത്സവം, സര്‍വകലാശാല കലോത്സവം എന്നിവയില്‍ ജേതാക്കളായവരുടെ വിവിധ പരിപാടികളും ഭിന്നശേഷി വിഭാഗക്കാരുടെ ഗാനമേള, വനിതാ സിവില്‍ സര്‍വീസ് ഓഫീസര്‍മാരുടെ ഫ്യൂഷന്‍ ഡാന്‍സ്, ട്രാന്‍സ് ജെന്റേഴ്സിന്റെ നൃത്തപരിപാടി, താവം ഗ്രാമ വേദിയുടെ നാടന്‍പാട്ട്, ചെറുതാഴം ചന്ദ്രന്റെ പഞ്ചവാദ്യം, സജീവന്‍ ഇടയിലക്കാട് അവതരിപ്പിക്കുന്ന മലയാള ഗസല്‍ എന്നിവയും നടക്കും.

date