Skip to main content
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ജില്ലയിലെ സമാപനത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ നിന്ന് സംഘടിപ്പിച്ച  മിനിവാക്കത്തൺ ഫ്ലാഗ് ഓഫ്  കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവഹിക്കുന്നു

ലഹരി വിപത്തിന്റെ വേരറുക്കാന്‍ പൊതുസമൂഹവും ഇടപെടലുകള്‍ നടത്തണം: മന്ത്രി വി. അബ്ദുറഹിമാന്‍

ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും യുവ തലമുറയെ രക്ഷിക്കുന്നതിന് പൊതുസമൂഹവും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ യാത്രക്ക് കല്യാശ്ശേരി പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ കൂടുതലായും രാസലഹരിക്ക് അടിപ്പെടുന്നതായുള്ള വാര്‍ത്തകളാണ് ദിവസവും പുറത്തു വരുന്നത്. പോലീസ്, എക്‌സൈസ് സംവിധാനങ്ങള്‍ പരിശോധനകളും നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ പിടികൂടി നശിപ്പിക്കുന്നതിനും ലഹരി വ്യാപനത്തിന്റെ കണ്ണികള്‍ മുറിക്കുന്നതിനും ലഹരി വ്യാപനം നടത്തുന്നവരുടെ സ്വത്ത് കണ്ടു കെട്ടുന്നതിനും ശക്തമായ ഇടപെടലാണ് നടക്കുന്നത്. കുട്ടികളെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എം. വിജിന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

പരിപാടിയുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്തുനിന്ന് മെഗാ വാക്കത്തോണും സംഘടിപ്പിച്ചു. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. സൈക്കിള്‍ റാലി, റോളര്‍ സ്‌കേറ്റിങ് എന്നിവയുടെ അകമ്പടിയോടെ കായിക താരങ്ങള്‍ ജനപ്രതിനിധികള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്ത വാക്കത്തോണ്‍ കാള്‍ടെക്‌സ്, പോലീസ് സ്റ്റേഡിയം, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലൂടെ സഞ്ചാരിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമീപിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കളരി, യോഗ എന്നിവയുടെ പ്രദര്‍ശനവും സൂംബ ഡാന്‍സും പരിപാടിയുടെ ഭാഗമായി നടന്നു. കണ്ണൂര്‍ നഗരസഭ അധ്യക്ഷന്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എല്‍.എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി എന്നിവര്‍ പങ്കെടുത്തു.

കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പോലീസ്, എക്‌സൈസ്, തദ്ദേശസ്ഥാപനങ്ങള്‍, പൊതു, ഉന്നതവിദ്യാഭ്യാസ വകുപ്പുകള്‍, പട്ടികജാതി - പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ സഹകരണത്തോടെയാണ് കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. യാത്ര മെയ് 22 ന് എറണാകുളത്ത് സമാപിക്കും.

ലഹരി വിരുദ്ധ സന്ദേശയാത്രക്ക് പഴയങ്ങാടിയിലും പുതിയതെരുവിലും ഉജ്ജ്വല സ്വീകരണം

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള  ലഹരി വിരുദ്ധ സന്ദേശ യാത്ര 'കിക്ക് ഡ്രഗ്‌സ്' ന് പഴയങ്ങാടിയില്‍ ആവേജ്വലമായ സ്വീകരണം നല്‍കി. എം വിജിന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍, ക്ലബുകള്‍, ഗ്രന്ഥാലയങ്ങള്‍, കായിക താരങ്ങള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് സാംസ്‌ക്കാരിക- സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ അണിനിരന്നാണ് സ്വീകരിച്ചത്. പഴയങ്ങാടി റെയില്‍വേ ഗ്രൗണ്ടില്‍ മന്ത്രി സ്‌പോര്‍ട്ട്‌സ് കിറ്റ് വിതരണവും നടത്തി. ചെറുകുന്ന് ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള സംഗീത ശില്പവും മാട്ടൂല്‍ മലബാര്‍ കളരി അക്കാദമിയുടെ കളരി അഭ്യാസ പ്രകടനം കണ്ണപുരം യുനൈറ്റഡ് തൈക്കോണ്ട അക്കാദമിയുടെ തൈക്കോണ്ട പ്രദര്‍ശനം എന്നിവ അരങ്ങേറി. എരിപുരം യൂണിക് സ്‌പോര്‍ട്‌സ് സെന്റര്‍, എരിപുരം സ്‌പോര്‍ട്‌സ് അക്കാദമി, മലബാര്‍ സോക്കര്‍ അക്കാദമി കണ്ണൂര്‍,  ടീം മടക്കര, ധീര മാട്ടൂല്‍, ചെറുതാഴം സെന്റര്‍ സ്‌പോര്‍ട്‌സ് സിറ്റി, യുവധാര പഴയങ്ങാടി, കൊട്ടില ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി പങ്കെടുത്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി.പി ഷാജിര്‍, ഏഴോം പഞ്ചായത്ത് പ്രസിണ്ടന്റ് പി ഗോവിന്ദന്‍,  ചെറുതാഴം  പ്രസിഡന്റ് എം ശ്രീധരന്‍ , പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ പ്രാര്‍ത്ഥന, കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്,  എം കെ രമേഷ് കുമാര്‍, പി വി വിനോദ്, മുഹമ്മദ് അഷ്‌റഫ് എ, കെ വി ബൈജു, പി വി അബ്ദുള്ള, മുന്‍ കായിക താരങ്ങളും കോച്ചുകളുമായ എസ് വി നിസാര്‍, എ സി മുഹമ്മദലി, സിയാസ്, ടാര്‍സന്‍ മാടായി, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ രഞ്ജിത്ത് മാസ്റ്റര്‍  തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പുതിയതൊരു ഹൈവേ ജംഗ്ഷനില്‍ കെ.വി സുമേഷ്  എംഎല്‍എ യുടെ നേതൃത്വത്തില്‍  ആവേജ്വലമായ സ്വീകരണം നല്‍കി. ഹൈവേയില്‍ ജനപ്രതിനിധികളും സ്‌പോര്‍ട്‌സ് അക്കാദമികള്‍, ക്ലബുകള്‍, ഗ്രന്ഥാലയങ്ങള്‍, കായിക താരങ്ങള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് സാംസ്‌ക്കാരിക- സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ അണിനിരന്നാണ് സ്വീകരിച്ചത്. അഴീക്കോട് മണ്ഡലത്തില്‍ നടന്ന പരിപാടി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കായിക താരം ബിനീഷ് കിരണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് കെ സി ജിഷ, പഞ്ചായത്ത് പ്രസിണ്ടന്റുമാരായ പി ശ്രുതി, കെ അജീഷ്, എ വി സുശീല തുടങ്ങിയവര്‍ പങ്കെടുത്തു.
 

date