സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷം: എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ (മെയ് ഏഴ്) തുടക്കമാവും വൈകീട്ട് 3 ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഏഴു മുതല്‍ 13 വരെ കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേളയ്ക്ക് നാളെ (മെയ് ഏഴ്) തുടക്കമാവും. വൈകീട്ട് മൂന്നിന് കായിക-ന്യൂന പക്ഷ-ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ കോട്ടക്കുന്നിലെ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. പി. ഉബൈദുള്ള എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം പിമാര്‍, എം എല്‍ എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകുന്നേരം ഏഴിന് ഷഹബാസ് പാടുന്നു സംഗീത പരിപാടി നടക്കും.
മേളയുടെ രണ്ടാം ദിനമായ മെയ് എട്ടിന് രാവിലെ 10.30ന് കുടുംബശ്രീയുടെ 'വനിതകള്‍ക്കുള്ള ഊര്‍ജ്ജസംരക്ഷണ പരിശീലന പരിപാടി നടക്കും. ഉച്ചയ്ക്ക് രണ്ടിന് മോട്ടോര്‍ വാഹന വകുപ്പിന്റെ 'റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മെയ് എട്ടിന് വൈകുന്നേരം ഏഴിന് നാടന്‍പാട്ട് കലാകാരനായ അതുല്‍ നറുകരയും സംഘവും നയിക്കുന്ന ഫോക്ലോര് ലൈവും നടക്കും.
മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ജനറൽ കൺവീനർ ജില്ലാ കളക്ടര്‍ വി.ആര്.വിനോദ്, ജില്ലാ പോലിസ് മേധാവി ആര്. വിശ്വനാഥ്, കൺവീനർ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ 90 ഓളം വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയാണ് കോട്ടക്കുന്നില്‍ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ സര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു നല്കുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്‍ ഇ ഡി വാളുകളില്‍ തത്സമയ പ്രദര്‍ശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും. കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷന്.
കോട്ടക്കുന്നില്‍ രണ്ട് എസി ഹാംഗറുകളും ഒരു നോണ്‍ എസി ഹാംഗറുമടക്കം ആകെ 45,192 ച. അടിയില്‍ ശീതീകരിച്ച രണ്ട് ഹാംഗറുകള്‍ ഉള്‍പ്പെടെ 70,000 ച. അടി വിസ്തൃതിയിലുള്ള പ്രദര്‍ശന നഗരിയാണ് ഒരുങ്ങുന്നത്. വിപുലമായ സജ്ജീകരണങ്ങളുടെ ആണ് പ്രദര്‍ശന വിപണന മേള നടക്കുന്നത്. 90 ഓളം സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 150 ഓളം സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാകുന്ന സര്‍വീസ് സ്റ്റാളുകള്‍, 2000 ച. അടിയില്‍ പി.ആര്.ഡിയുടെ എന്റെ കേരളം ഒന്നാമത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദര്‍ശനം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദര്‍ശന പവലിയന്, ഐ.ടി വകുപ്പിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോര്‍ട്സ് സോണ്‍, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകള്‍, മിനി തിയേറ്റര്‍ എല്ലാം ശീതീകരിച്ച ഈ പന്തലിനകത്തുണ്ട്. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും. ഭക്ഷ്യമേള, പുസ്തകമേള തുടങ്ങിയവയും ഉണ്ടാകും.
കോട്ടക്കുന്നിലേക്കുള്ള ഡി ടി പി സി യുടെ പ്രവേശന ടിക്കറ്റും പാർക്കിംഗ് ഫീയും ഒഴിവാക്കി പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം 10 വരെയാണ് പ്രദർശനം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല യോഗം മെയ് 12 ന് രാവിലെ 10.30 മുതല്‍ 12.30 വരെ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ മേഖലകളിലെ പ്രതിനിധികളും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമടക്കം 1200 ഓളം പേര് യോഗത്തില്‍ പങ്കെടുക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നാഷണല്‍ വാട്ടര്‍ വെയ്സ്, ദുരന്തനിവാരണം, നോര്‍ക്ക, പോലീസ്, വിജിലന്‍സ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ഐടി മിഷന്, റവന്യൂ, ആരോഗ്യം, ഫോറസ്റ്റ്, സപ്ലൈകോ, വൈദ്യുതി, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കെ ഫോണ്‍, കെ സ്മാര്‍ട്ട് തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മികവാര്‍ന്ന സ്റ്റാളുകള്‍ മേളയ്ക്ക് മാറ്റു കൂട്ടും.
'എന്റെ കേരളം' പ്രദര്‍ശന വിപണന മേള: ഏഴു ദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍
മെയ് ഏഴുമുതല്‍ 13 വരെ മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികമായ 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയില്‍ എല്ലാ ദിവസവും ഏഴു മുതല്‍ പത്തുമണി വരെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.
ഉദ്ഘാടന ദിനമായ മെയ് ഏഴിന് വൈകുന്നേരം ഏഴിന് പ്രശസ്ത ഗായകന് ഷഹബാസ് അമന്റെ 'ഷഹബാസ് പാടുന്നു' എന്ന പരിപാടി നടക്കും. മെയ് എട്ടിന് നാടന്‍പാട്ട് കലാകാരനായ അതുല്‍ നറുകരയും സംഘവും നയിക്കുന്ന ഫോക്ലോര് ലൈവ്, മെയ് ഒമ്പതിന് സൂഫിഗായകരായ സമീര്‍ ബിന്‍സിയും ഇമാമും നയിക്കുന്ന സൂഫി സംഗീത നിശ, മെയ് 10ന് വയനാട്ടിലെ 'ഉണര്‍വ്' നയിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും എന്നിവ നടക്കും. മെയ് 11ന് പെണ്‍കുട്ടികളുടെ അക്രോബാറ്റിക് ഫയര്‍ ഡാന്‍സ്, മെയ് 12ന് കണ്ണൂര്‍ ഷെരീഫും ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, 13ന് പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും മെഗാ മ്യൂസിക്കല്‍ നൈറ്റ് എന്നിവയും അരങ്ങേറും.
മേളയെ സമ്പന്നമാക്കാന്‍ വിവിധ വകുപ്പുകളുടെ സെമിനാറുകളും
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യത്യസ്ത വകുപ്പുകളുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. മെയ് എട്ടിന് രാവിലെ കുടുംബശ്രീയുടെ 'വനിതകള്‍ക്കുള്ള ഊര്‍ജ്ജസംരക്ഷണ പരിശീലന പരിപാടി'യോടെയാണ് സെമിനാറുകള്‍ക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് രണ്ടിന് മോട്ടോര്‍ വാഹന വകുപ്പിന്റെ 'റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മെയ് ഒന്‍പതിന് രാവിലെ 10.30ന് ആയുര്‍വേദ വകുപ്പ് നയിക്കുന്ന 'സ്ത്രീരോഗം-പ്രതിരോധവും പ്രതിവിധിയും ആയുര്‍വേദത്തിലൂടെ', 'ഗര്‍ഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുര്‍വേദത്തിലൂടെ' എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് 'സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം' എന്ന വിഷയത്തില്‍ ആരോഗ്യവകുപ്പ് നടത്തുന്ന സെമിനാര്‍ ഉണ്ടായിരിക്കും. പത്താം തിയതി കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് രാവിലെ 10.00ന് 'കാര്‍ഷിക മേഖല-നവസംരഭകത്വ സാധ്യതകള്‍', 11.30 ന് 'കാര്‍ഷിക മലപ്പുറം-ശക്തിയും പ്രതീക്ഷയും'എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നയിക്കും. മെയ് 11ന് രാവിലെ 11ന് പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്കുന്ന 'ഗുണമേന്മാ വിദ്യാഭ്യാസവും തുല്യനീതിയും-മലപ്പുറം മാതൃകകള്‍', ഉച്ചയ്ക്ക് രണ്ടിന് 'ഒന്നാം ക്ലാസിന്റെ മികവുകള്‍' എന്നീ സെമിനാറുകള്‍ നടക്കും. മെയ് 12ന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഉണ്ടായിരിക്കും. എക്സൈസ് വകുപ്പിന്റെ 'ലഹരിക്കെതിരെ ഒരുമിച്ച്' എന്ന ബോധവല്‍ക്കരണ സെമിനാര്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കും. സമാപന ദിനമായ മെയ് 13ന് രാവിലെ 10.30ന് വ്യവസായ വകുപ്പിന്റെ 'ബാങ്കേഴ്സ് മീറ്റ്- സംരഭകര്‍ക്കുള്ള ധനസഹായ പദ്ധതി'കളെക്കുറിച്ചുള്ള ക്ലാസ് ആണ് നടക്കുന്നത്.
- Log in to post comments