മുഖ്യമന്ത്രിക്ക് നേരിട്ട് ചിത്രം നൽകി, ആൽഫിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം
പതിനൊന്നുകാരനായ ആൽഫി പിൻഹീറോക്ക് ഇത് സ്വപ്ന സാക്ഷാത് കാരം. താൻ വരച്ച ചിത്രങ്ങളിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കാണാനും, മുഖ്യമന്ത്രിയ്ക്ക് ചിത്രം സമ്മാനിക്കാനും ആൽഫിക്ക് സാധിച്ചു. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കാക്കനാട് കിൻഫ്ര കൺവൻഷൻ സെന്റെറിൽ നടന്ന ജില്ലാതല അവലോകന യോഗമായിരുന്നു വേദി.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി സംവദിച്ച മുഖ്യമന്ത്രി ആൽഫിയെ കാണുകയും, സമ്മാനം ഏറ്റുവാങ്ങി അഭിനന്ദിക്കുകയും ചെയ്തു.
ഞാറക്കൽ സെൻ്റ് മേരിസ് സ്കൂളിലെ എഴാം ക്ലാസുകാരനായ ആൽഫിക്ക് ചിത്രരചനയിൽ പരിശീലനം ഒന്നും തന്നെയില്ല. സ്വന്തമായി സ്വരൂപിച്ച ശൈലിയിലാണ് ചിത്രരചന. സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളാണ് പ്രചോദനം. ഇതുവരെ ചിത്രങ്ങൾ രണ്ട് വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വൈപ്പിൻ നായരമ്പലം ചിനിക്കപ്പറമ്പിൽ ഗിൻസ് പിൻഹിറോയുടെയും ജിൻസിയുടെയും മകനാണ്.ആൽത്തിയ, ആന്റിയ എന്നിവർ സഹോദരങ്ങൾ.
- Log in to post comments