Skip to main content
മോക്ഡ്രില്ലുമായി മായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം

ജില്ലയില്‍ അഞ്ചിടങ്ങളില്‍ മോക്ക്ഡ്രില്‍: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല 

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് ജില്ലയിലെ അഞ്ചിടങ്ങളില്‍ മോക്ഡ്രില്‍ നടക്കും. ആറിടങ്ങളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള സൈറനുകള്‍ മുഴങ്ങും. ഈ സമയത്ത് ജനങ്ങള്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

ജില്ല മുഴുവനും എയര്‍റെയ്ഡ്, തകര്‍ന്ന കെട്ടിട്ടങ്ങള്‍ക്കുള്ളില്‍ പരിശോധന, പരിക്ക് പറ്റിയവരെ ഒഴിപ്പിക്കല്‍ എന്നിവയുടെ മോക്ക്ഡ്രില്‍ തളിപ്പറമ്പ് എല്‍. ഐ. സി കോംപ്ലക്‌സിലാണ് നടക്കുക. ഡ്രില്ലിന്റെ ഭാഗമായി താല്‍കാലിക ആശുപത്രി പയ്യന്നൂര്‍ റവന്യു ടവറില്‍ സജ്ജമാക്കും. കെട്ടിട്ടത്തിലെ തീയണക്കുന്നതിന്റെ മോക്ക്ഡ്രില്‍ തലശ്ശേരി ഗാര്‍ഡന്‍സ് അപ്പാര്‍ട്‌മെന്റിലും പരിശോധന, രക്ഷപ്പെടുത്തല്‍ എന്നിവ സെന്റ് തെരേസാസ് സ്‌കൂളിലും നടക്കും. ആളുകളെ ഒഴിപ്പിക്കുന്ന  മോക്ക്ഡ്രില്‍ ഇരിട്ടി താലൂക്ക് സിവില്‍ സ്റ്റേഷനിലും നടക്കും.

ജില്ലയിലെ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവയെ ബ്ലാക്ക്ഔട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേവല്‍ അക്കാഡമി, ഗയില്‍ പ്ലാന്റുകള്‍, എയര്‍പോര്‍ട്ട്, കന്റോണ്മെന്റ് ഇവയോട് ചേര്‍ന്ന പഞ്ചായത്തുകളില്‍ മോക്ക്ഡ്രില്ലിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കും. അടിയന്തിര സാഹചര്യം നേരിടാന്‍ ഇവിടങ്ങളില്‍ പോലീസ്, അഗ്‌നിശമനസേന, ആംബുലന്‍സുകള്‍ എന്നിവ സജ്ജമായിരിക്കും. 

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കലക്ട്രറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി, ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ്,  വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date