വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റം വനംവകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രന്‍ ഇന്ന് (മെയ് 8) ഉദ്ഘാടനം ചെയ്യും
പാലക്കാട് ഡിവിഷനില്‍ സ്ഥാപിക്കുന്ന ഏര്‍ലി വാര്‍ണിങ് സിസ്റ്റം ഇന്ന് (മെയ് 8) വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ ഒന്‍പതിന് പാലക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലാണ് പരിപാടി. ജനവാസ മേഖലയിലേക്ക് വന്യ മൃഗങ്ങള്‍ ഇറങ്ങുന്നതിന് മുമ്പ്, വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങള്‍ എത്തുമ്പോള്‍ തന്നെ മുന്‍കൂട്ടി അറിവ് ലഭിക്കുന്നതിനായി സ്ഥാപിക്കുന്നതാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം. ഏത് പ്രതികൂല കാലാവസ്ഥയിലും രാത്രിയിലും പകലും പ്രവൃത്തിക്കുന്നതും 500 മുതല്‍ 1200 മീറ്റര്‍ വരെ ദൂര പരിധിയില്‍ സഞ്ചാരപഥത്തിലുള്ള ആന, പുലി മുതലായ വന്യജീവികളുടെ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിയുന്നതുമായ അത്യാധുനിക തെര്‍മ്മല്‍ ക്യാമറകളും, നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള പെരിമീറ്റര്‍ ഇന്റ്‌റുഷ്യന്‍ ഡിറ്റെക്ഷന്‍ സാങ്കേതിക വിദ്യയാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം. ഈ സംവിധാനം ഉപയോഗിച്ച് വന്യജീവികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ഒരു കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെത്തിക്കാനും നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് പ്രാദേശിക ജനങ്ങളെ അറിയിക്കാനും സാധിക്കും. പാലക്കാട് ഡിവിഷന് കീഴിലെ യഥാക്രമം ഒലവക്കോട്, വാളയാര്‍ റെയ്ഞ്ച് പരിധികളിലെ പരുത്തിപ്പാറ, മായാപുരം എന്നിവിടങ്ങിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരിപാടിയില്‍ എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
- Log in to post comments