തീർത്ഥാടകർ വെള്ളിയാഴ്ച രാവിലെ മുതൽ എത്തിത്തുടങ്ങും. ആദ്യ വിമാനം കരിപ്പൂരിൽ നിന്നും ശനിയാഴ്ച പുലർച്ചെ 1.10 ന്. ഹജ്ജ് ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. ഹജ്ജ് ക്യാമ്പ് 2025- ഒരുക്കങ്ങൾ പൂർണ്ണം;
തീർത്ഥാടകർ വെള്ളിയാഴ്ച (9.05.2025) മുതൽ എത്തിത്തുടങ്ങും.
ദേശ, ഭാഷ, വർണ്ണങ്ങൾക്കപ്പുറം ഒരേ മനസ്സും, ഒരേ മന്ത്രവുമായി വിശുദ്ധ ഗേഹം ലക്ഷ്യമാക്കി നീങ്ങുന്ന ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി ഹജ്ജ് ക്യാമ്പുകൾ. തീർത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും പ്രയാസ രഹിതമായി യാത്രായാക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കങ്ങളും കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ ഇരു കെട്ടിടങ്ങളും പൂർണ്ണ സജ്ജമായിട്ടുണ്ട്.
വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചത് മുതൽ തീർത്ഥാടകരുടെ പുറപ്പെടൽ വരെയുള്ള വിവിധ തലങ്ങളിലുള്ള എല്ലാ പ്രവർത്തനങ്ങളും സുഗമവും തീർത്ഥാടക സൗഹൃദവുമാക്കുന്നതിന് സംസ്ഥാന സർക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ സമയബന്ധിതമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 16194 പേരാണ് വിവിധ എംബാർക്കേഷൻ പോയന്റുകൾ വഴി ഈ വർഷം യാത്രയാവുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 348 പേരും ഇതിൽ ഉൾപ്പെടും. ആകെ തീർത്ഥാടകരിൽ 6630 പേർ പുരുഷന്മാരും 9564 പേർ സ്ത്രീകളുമാണ്. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 5393 പേരും കൊച്ചി വഴി 5990, കണ്ണൂർ വഴി 4811പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 24 പേർ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർത്ഥാടകരിൽ 512 പേർ അറുപത്തിയഞ്ച് വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 2311 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്. ആദ്യ രണ്ട് വിഭാഗങ്ങൾക്ക് നേരിട്ട് അവസരം ലഭിച്ചിരുന്നു.
അവസാന വർഷം (2024) ൽ 18200 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്.
കോഴിക്കോട് നിന്നും മെയ് 10 ന് പുലർച്ചെ 01.10 ന് നാണ് ആദ്യ വിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പർ വിമാനത്തിൽ 172 പേർ പുറപ്പെടും. ഇതിൽ 77 പേർ പുരുഷന്മാരും 95 പേർ സ്ത്രീകളുമാണ്. സഊദി സമയം പുലർച്ചെ 4.35 ന് സഊദിയിലെത്തും. അതേ ദിവസം വൈകുന്നേരം 4.30 ന് പുറപ്പെടുന്ന വിമാനം രാത്രി എട്ട് മണിക്ക് സഊദിയിലെത്തും.
ആദ്യ വിമാനത്തിലേക്കുള്ള തീർത്ഥാടകർ വെള്ളിയാഴ്ച രാവിലെ 9 മണിക്കും രണ്ടാമത്തെ വിമാനത്തിലെ തീർത്ഥാടകർ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കും ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം.
കരിപ്പൂർ എയർപോർട്ടിലെ പില്ലർ നമ്പർ അഞ്ചിലാണ് തീർത്ഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകൾ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും. എയർപോർട്ടിൽ തീർത്ഥാടകരുടെ ലഗേജുകൾ കൈമാറുന്നതിനും മറ്റു സഹായങ്ങൾക്കുമായി പ്രത്യേക വോളണ്ടിയർമാരുടെ സേവനം ലഭ്യമാകും. യാത്രയാക്കാനെത്തുന്നവർക്ക് ഹജ്ജ് ഹൗസിൽ വിശാലമായ പന്തൽ സൗകര്യവും ഉണ്ട്. തീർത്ഥാടരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങൾക്കുമായി എയർപോർട്ടിലും ഹജ്ജ് ക്യാമ്പിലും പോലീസ് സേനയെയും പ്രത്യേകമായി വിന്യസിക്കും. തീർത്ഥാടകർ നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ തന്നെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഹജ്ജ് ക്യാമ്പിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാർത്ഥന എന്നിവക്കായി ഇരു കെട്ടിടങ്ങളിലും വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് പാസ്പോർട്ട് ഉൾപ്പടെയുള്ള യാത്രാരേഖകളും യാത്രാ നിർദ്ദേശങ്ങളും ഹജ്ജ് സെൽ മുഖേന ക്യാമ്പിൽ വെച്ച് നൽകും. വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് തീർത്ഥാടകരെ ഹജ്ജ് ഹൗസിലെ അസംബ്ലി ഹാളിൽ ഒരുമിച്ച് കൂട്ടി അവസാനഘട്ട നിർദ്ദേശങ്ങൾ നൽകും. തുർന്ന് പ്രത്യേക ബസിൽ എയർപോർട്ടിൽ എത്തിക്കും. എയർപോർട്ടിൽ തീർത്ഥാടകരുടെ എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിന് കുടുതൽ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്. പുറപ്പെടൽ ഹാളിൽ കൂടുതൽ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ വിമാനത്തിലും യാത്രയാവേണ്ട തീർത്ഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയ ക്രമം ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ബന്ധപ്പെട്ട ഹജ്ജ് ഇൻസ്പെക്ടർമാർ മുഖ്യ അപേക്ഷകനെ ഫോൺ
വിളിച്ചും വിവരം അറിയിക്കും. തീർത്ഥാടകരുടെ സേവനത്തിനായി അനുഗമിക്കുന്ന വോളണ്ടിയർമാർ ഒരുക്കങ്ങൾക്കായി യാത്രയുടെ രണ്ട് ദിവസം മുന്നേ തന്നെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 106 ഇത്തവണ തീർത്ഥാടകരുടെ സേവനത്തിനായി യാത്രയിൽ അനുഗമിക്കുക. വോളണ്ടിയർ അനുപാതം കുറക്കുന്നതിന് വേണ്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ നിരന്ത ഇടപെടലുകളുടെ ഫലമായാണ് സേവനത്തിനായി കൂടുതൽ പേർക്ക് അവസരം ലഭിച്ചത്. വോളണ്ടിയർമാർക്കുള്ള പ്രത്യേക റെസിഡൻഷ്യൽ ട്രൈനിങ്ങ് കഴിഞ്ഞ മാസം ഹജ്ജ് ഹൗസിൽ നടത്തിയിരുന്നു. ആവശ്യാനുസരണം ഹജ്ജ് കമ്മിറ്റി അംഗങ്ങളുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ പ്രത്യേക മീറ്റിങ്ങുകളും ചേരുന്നുണ്ട്.
എയർ ഇന്ത്യാ എക്സ്പ്രസിന്റെ 173 പേർക്ക് സഞ്ചരിക്കാവുന്ന മുപ്പത്തിയൊന്ന് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. പരമാവധി മൂന്ന് വിമാനങ്ങളാണ് ഒരു ദിവസം സർവ്വീസ് നടത്തുക. അവസാന ദിവസമായ മെയ് ഇരപത്തി രണ്ടിന് ഒരു സർവ്വീസാണുള്ളത്. ജൂൺ 25 മുതൽ മുതൽ ജൂലൈ 10 വരെ വരെയുള്ള ദിവസങ്ങളിൽ മദീന വഴിയാണ് കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ.
• കണ്ണൂർ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവ്വഹിക്കും.
ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂർ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും 9.5.2025 വെളളിയാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ എയർപോർട്ടിൽ പുതിയ കാർഗോ കോംപ്ലക്സിലാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.
ചടങ്ങിൽ ബഹു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കെ.കൈ ശൈലജ ടീച്ചർ എം.എൽഎൽ യാത്ര രേഖകൾ കൈമാറും. ബഹു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സ്പീകർ എ.എൻ ഷംസീർ, എം.പി മാർ, എം.എൽ.എമാർ, തുടങ്ങി മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
കണ്ണൂരിൽ നിന്നും ആദ്യ വിമാനം മെയ് പതിനൊന്നിന് ഞായറാഴ്ച പുലർച്ചെ നാലിന് 171 തീർത്ഥാടകരുമായി യാത്ര തിരിക്കും. മെയ് 29 വരെ 29 സർവ്വീസുകളാണ് കണ്ണൂരിൽ നിന്നും ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
കരിപ്പൂർ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കും. രാത്രി പത്ത് മണിക്ക് ആദ്യ സംഘം എയർപോർട്ടിലേക്ക് പുറപ്പെടും
കരിപ്പൂരിൽ ഇന്ന് (ബുധനാഴ്ച) ഹജ്ജ് ക്യാമ്പ് വോളണ്ടിയർമാർക്കു ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിന് വോളണ്ടിയർമാരുടെ പ്രത്യേക സംഗമം നടത്തി. വിവിധ സമിതികളിൽ സേവനം ചെയ്യുന്നവർ റിപ്പോർട്ട് ചെയ്യേണ്ട സമയക്രമം, സേവന ഇടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിവരിച്ചു നൽകി, ആശ്യമായ ഉപദേശ നിർദ്ദേശങ്ങൾ കൈമാറുകയും ചെയ്തു. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് വോളണ്ടിയർമാരുടെ സേവനം ക്രമീകരിച്ചിട്ടുള്ളത്.
എയർപോർട്ടിൽ തീർത്ഥാടകരുടെ യാത്രാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഹജ്ജ് കമ്മിറ്റി, എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, ഇമിഗ്രേഷൻ, സി.ഐ.എസ്.എഫ്, എയർ ഇന്ത്യ എക്സ്പ്രസ്സ് തുടങ്ങിയ വിവിധ ഏജൻസികളുടെ സംയുക്ത യോഗം ഹജ്ജ് ഹൗസിൽ ചേർന്നു. എയർപോർട്ടിലെ വിവിധ ഒരുക്കങ്ങൾ, സജ്ജീകരണങ്ങൾ വിലയിരുത്തി.
ചടങ്ങിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, മെമ്പർമാരായ അഡ്വ.പി മൊയ്തീൻ മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, അസിറ്റന്റ് സെക്രട്ടറി ജാഫർ കക്കൂത്ത്, ഹജ്ജ് സെൽ സ്പെഷൽ ഓഫീസർ യു.അബ്ദുൽ കരീം ഐ.പി.ഐസ് (റിട്ട), സെൽ ഓഫീസർ കെ.കെ.മൊയ്തീൻ കുട്ടി ഐ.പി.എസ്, വിവിധ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നോഡൽ ഓഫീസർമാർ സംബന്ധിച്ചു.
- Log in to post comments