എന്റെ കേരളം മേളയിൽ പ്രധാന ആകർഷണമായി സ്റ്റാർട്ട് അപ്പ് മിഷന്റെ റോബോട്ട്
സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പ്രധാന ആകർഷണമായി കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ റോബോട്ട്. മേക്കർ ലാബ്സ് (ഐ.ആർ.സി.ഐ) വികസിപ്പിച്ച റോബോട്ടാണ് സ്റ്റാളിലെ പ്രധാന ആകർഷണം. മേളയിലെത്തുന്ന ആളുകളോട് സംസാരിക്കുകയും ഷേക്ക് ഹാൻഡ് നൽകുകയും ചെയ്യുന്ന റോബോട്ടാണ് പ്രദർശനത്തിലുള്ളത്.
മേക്കർ ലാബ്സാണ് റോബോട്ട് വികസിപ്പിച്ചത്. നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ വ്യക്തമാക്കുന്ന സ്റ്റാളിൽ എക്സ് ബോസോൺ എ.ഐയുടെ മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന രീതിയും പ്രദർശിപ്പിക്കുന്നുണ്ട്. ഈർപ്പം, വെള്ളം, വളം, സൂര്യപ്രകാശം തുടങ്ങിയവ കൃത്രിമമായെത്തിച്ച് ഇലയായി വിളവെടുക്കുന്ന കൃഷികൾ ചെയ്യാവുന്ന തരത്തിലാണ് ഈ യന്ത്രം നിർമിച്ചിട്ടുള്ളത്. ഫ്യൂസലേജ് സൊല്യൂഷൻസിന്റെ കൃഷിക്കായുള്ള ഡ്രോണുകൾ, സീറോ വാട്ട് ഓട്ടോമേഷന്റെ ഗുണങ്ങൾ, നിയർ ടു മീ ആപ്പിന്റെ വിവരങ്ങൾ എന്നിവയും സ്റ്റാളിൽ ലഭ്യമാണ്.
നൂതന സാങ്കേതികത വിദ്യ ഉപയോഗിച്ച് സ്റ്റാർട്ട് അപ്പ് മിഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.
- Log in to post comments