എന്റെ കേരളം മേളയിലെത്തിയാൽ കൃഷിയെ അടുത്തറിയാം
കൃഷിയിലെ ആധുനിക സംവിധാനങ്ങൾ അടുത്തറിയാനും കൃഷിഭവനിലെ സേവനങ്ങളറിയാനും സൗകര്യമൊരുക്കി എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ കൃഷി വകുപ്പ്. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റിന് സമീപത്തുളള മൈതാനത്താണ് മേള നടക്കുന്നത്. ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കെത്തിക്കുന്ന തരത്തിലാണ് സ്റ്റാൾ സജ്ജികരിച്ചിരിക്കുന്നത്. കൃഷിയിടത്തിൽ ഡ്രോണുകളുടെ സാധ്യതയെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി ഡ്രോണിന്റെ തത്സമയ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ ബ്രാൻഡായ കേരളഗ്രോ ഉൽപ്പന്നങ്ങളുടെയും മില്ലറ്റ് ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും സ്റ്റാളിലുണ്ട്. കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിലാക്കുന്ന കതിർ ആപ്പ് രജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡസ്കുകളും പവലിയനിൽ തയ്യാറാണ്. വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും സ്റ്റാളിൽ ലഭിക്കും. കേരളത്തിലെ എല്ലാ കർഷകരുടെയും ഉത്പന്നങ്ങൾ സംരഭിക്കുന്ന ക്യാപ്കോം കമ്പനിയുടെ ( കേരള അഗ്രി ബിസിനസ് കമ്പനി ) മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ 1500 സ്ക്വയർ ഫീറ്റിൽ കൃഷി വകുപ്പ് പാലക്കാട് ജില്ല ഒരുക്കിയിരിക്കുന്ന നടീൽ വസ്തുക്കളുടെയും, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും പ്രദർശന വിപണനവും സജീവമാണ്. കൃഷിവകുപ്പ്- ആത്മയുടെ നേതൃത്വത്തിൽ വിവിധ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും ഒരുക്കിയ പ്രദർശന സ്റ്റാളുകൾ ആണ് മേളയിലെ മറ്റൊരു ആകർഷണം. കൂടാതെ കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവുമായി കാർഷിക എൻജിനീയറിങ് വിഭാഗം ഒരുക്കിയ സ്റ്റാളും പ്രസിഷൻ ഫാമിങ് സ്റ്റാളും ജനശ്രദ്ധ ആകർഷിക്കുന്നതാണ്.
- Log in to post comments