എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമായി പൊലീസ് ഡോഗ് ഷോ. സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മേളയിലാണ് പൊലീസ് ഡോഗ് ഷോ ഒരുക്കിയിട്ടുള്ളത്. പാലക്കാട് ജില്ല പൊലീസ് മേധാവിയുടെ കീഴിലെ പാലക്കാട് കെ-9 സ്‌ക്വാഡിലെയും ഷൊര്‍ണൂര്‍ കെ-9 സ്‌ക്വാഡിലെയും ഡോഗുകളാണ് വിവിധ ദിവസങ്ങളിലായി മേളയുടെ ഭാഗമാകുന്നത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന എക്‌സ്‌പ്ലോസീവ് ഡോഗുകള്‍, ലഹരി വസ്തുക്കള്‍ കണ്ടെത്തുന്ന നാര്‍ക്കോട്ടിക് ഡോഗുകള്‍, മോഷണം, കവര്‍ച്ച, കൊലപാതകം തുടങ്ങി കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന ട്രാക്കര്‍ ഡോഗുകള്‍, മൃതദേഹങ്ങള്‍ കണ്ടെത്തുന്ന കടാവര്‍ ഡോഗുകള്‍ എന്നിങ്ങനെ നാല് വിഭാഗത്തില്‍ നിന്നുള്ള ഡോഗുകളാണ് മേളയിലുള്ളത്.
മേള അവസാനിക്കുന്ന ദിവസം വരെ ഡോഗുകള്‍ ട്രേഡിലെ മികവുകള്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കും. അതോടൊപ്പം ഡോഗുകളുടെ അനുസരണ, പൊലീസ് ഡോഗുകളുടെ ഡ്യൂട്ടികളുടെ പ്രദര്‍ശനം, ഡോഗുകളുടെ മൂവ്‌മെന്റ്‌സ്, പൊലീസ് ഡോഗുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരികരിക്കുക, പൊലീസിന്റെ ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ച് ബോധവത്ക്കരണംഎന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊലീസ് ഡോഗിനോടൊപ്പം ഫോട്ടോ എടുക്കുന്നതിനും അവസരം ഉണ്ട്. രണ്ട് ഷോകളായി ആറ് മുതൽ ഏഴ് വരെയും ഏഴ് മുതൽ എട്ട് വരെയുമാണ് പൊലീസ് ഡോഗ് ഷോ നടക്കുന്നത്.
- Log in to post comments