പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കും സിവില്‍ സ്റ്റേഷനിലെ സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിക്കും: ജില്ലാ കലക്ടര്‍
സര്‍ക്കാര്‍ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി.
ദുരന്തനിവാരണ വകുപ്പ് നടത്തിയ സുരക്ഷാഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. പൊതുജനങ്ങള്‍ക്ക് അസൗകര്യമാകാത്ത നിയന്ത്രണങ്ങളാണുണ്ടാകുക. കലക്‌ട്രേറ്റിന്റെ മുന്‍വശത്ത് പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റുസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. എയിഡ്‌പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ചുമതല നല്‍കി.
കലക്ടറേറ്റ് കേന്ദ്രീകരിച്ച് 30 സിസിടിവി ക്യാമറകളും കോടതി പരിസരത്ത് 20 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രവേശനകവാടത്തിന്റെ ദൃശ്യപരിധി ഉറപ്പാക്കി ക്യാമറ സ്ഥാപിക്കും. കോടതി ഉള്‍പ്പെടെ 55 ഓഫീസുകളാണ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്.
മാലിന്യനിര്‍മാര്‍ജനം മാനദണ്ഡങ്ങള്‍ പാലിച്ചു നടപ്പാക്കണം. കലക്ടറേറ്റ് പരിസരത്ത് വിവിധ ഇടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍, അലമാര, ഷെല്‍ഫ് തുടങ്ങിയവ ഉടന്‍നീക്കും. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ദീര്‍ഘക്കാലമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും മാറ്റും.
അഗ്നിസുരക്ഷാ വകുപ്പ് നടത്തിയ ഫയര്‍ സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. അഗ്നിശമന ഉപകരണങ്ങള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും യഥാസമയം റീഫില്‍ ചെയ്ത് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. എമര്‍ജന്‍സി എക്‌സിറ്റില്‍ സഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയില്‍ വസ്തുക്കള്‍ സ്ഥാപിക്കരുതെന്നും വ്യക്തമാക്കി.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ജി നിര്‍മല്‍കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments