Skip to main content
..

ലഹരിക്കെതിരെ കുടുംബശ്രീയുടെ ബാലസംഘവും

കുടുംബശ്രീയുടെ കുട്ടിക്കൂട്ടം ജില്ലാ കലക്ടര്‍ക്ക് മുന്നിലെത്തി കലാപ്രകടനങ്ങളുമായി. ലഹരിക്കെതിരെ പുതുതലമുറയെ ജാഗരൂകരാക്കുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപനത്തിന്റെ ഭാഗമായിരുന്നു പ്രകടനം. കഴിഞ്ഞ ദിവസങ്ങളിലായി കൊട്ടാരക്കര കിലയില്‍ ഒത്തുകൂടി ലഹരിയെന്ന വിപത്തിനെ അകറ്റുന്നതിനായി ആര്‍ജിച്ച അറിവുകളും കുട്ടികള്‍ പങ്കിട്ടു.
അപകടഘട്ടങ്ങളിലും ലഹരിപോലുള്ള വിപത്തികളുടെ വ്യാപനവേളയിലും കുട്ടികള്‍ അപായസൂചനയുമായി മുന്നിലെത്തുന്നത് മാതൃകാപരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തികൂടിയാണ് ഇത്തരം കൂട്ടായ്മകളിലൂടെ സമൂഹമധ്യത്തിലെത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ബ്ലോക്-സി.ഡി.എസ് തലങ്ങളില്‍ തിരഞ്ഞെടുത്ത 50 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. ഇവര്‍ക്കൊപ്പം രക്ഷിതാക്കളും ജില്ലാ കലക്ടറുടെ ചേമ്പറിലെത്തി. എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍,  ജില്ലാ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ അനിസ, മുഹമ്മദ് ഹാരിഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സിന്ദുഷ, വിഷ്ണുപ്രസാദ് , ബ്ലോക്ക് കോഡിനേറ്റര്‍മാരായ പാര്‍വതി, അനു,  ബാലസഭാ ജില്ലാ  റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍, ലയോറ ക്യാമ്പ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി. ഡി. എസ് ഭാരവാഹികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date