മോക് ഡ്രില്ലിന് നേതൃത്വം നൽകിയത് 6,900 ഉദ്യോഗസ്ഥർ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേരളത്തിലുടനീളം മേയ് 7ന് നടത്തിയ മോക് ഡ്രില്ലിന് നേതൃത്വം നൽകിയത് പൊലീസ്, ഫയർ ആന്റ് റസ്ക്യു, ദുരന്തനിവാരണം തുടങ്ങി വിവിധ വകുപ്പുകളിലെ 6,900 ഉദ്യോഗസ്ഥർ. ഇവരെക്കൂടാതെ ഫയർ ആൻഡ് റെസ്ക്യുവിന് കീഴിലുള്ള 1,882 സിവിൽ ഡിഫൻസ് വോളണ്ടിയർമാരും മോക്ഡ്രില്ലിൽ പങ്കാളിയായി.
സംസ്ഥാനത്തെ 163 കേന്ദ്രങ്ങളിലായിരുന്നു വൈകിട്ട് 4 മുതൽ 4.30 വരെ മോക് ഡ്രിൽ സംഘടിപ്പിച്ചത്. ഇതിൽ കാസർകോഡ് ജില്ലയിലായിരുന്നു കൂടുതൽ കേന്ദ്രങ്ങൾ, 63 എണ്ണം. തിരുവനന്തപുരത്ത് 26 കേന്ദ്രങ്ങളിലും പത്തനംതിട്ടയിൽ 16 കേന്ദ്രങ്ങളിലും എറണാകുളത്ത് 12 കേന്ദ്രങ്ങളിലും മോക് ഡ്രിൽ നടന്നു.
വിവിധ വകുപ്പുകളിലെ 1,158 ഉദ്യോഗസ്ഥരും 355 സിവിൽ ഡിഫൻസ് വോളണ്ടിയർമാരുമാണ് തലസ്ഥാനത്തെ മോക് ഡ്രില്ലിൽ ഭാഗമായത്. മോക്ക്ഡ്രിൽ നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചീഫ് സെക്രട്ടറി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ജില്ലകളിലെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർമാർ ഏകോപിപ്പിച്ചു.
സംസ്ഥാനത്തെ മോക് ഡ്രിൽ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ആഭ്യന്തര വകുപ്പ് അഡിഷണൽ ചിഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിച്ചു. മൊക്ക്ഡ്രില്ലിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ ബുധനാഴ്ച വൈകിട്ട് വിലയിരുത്തുകയും ചെയ്തു.
പി.എൻ.എക്സ് 1945/2025
- Log in to post comments