വിനോദവും വിജ്ഞാനവും പകർന്ന് ജലവിഭവ വകുപ്പിൻ്റെ സ്റ്റാളുകൾ
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ
വിനോദവും വിജ്ഞാനവും പകരുകയാണ് ജലവിഭവ വകുപ്പിൻ്റെ സ്റ്റാളുകൾ. ജലശുദ്ധീകരണ പ്രക്രീയ വിശദികരിക്കുന്ന ചെറു മാതൃകകൾ സന്ദർശകരിൽ കൗതുകവും വിജ്ഞാനവും ഉണർത്തുന്നതാണ്. ഡാമുകളിൽ നിന്ന് ഫ്ലോട്ടിംഗ് പമ്പുകൾ ഉപയോഗിച്ച് ജലം എയറേറ്ററിലൂടെ കടത്തിവിട്ട് ക്ലാരിഫോക്കലേറ്ററിലെത്തിച്ച് ശുദ്ധീകരിച്ച് ജലസംഭരണിയിലെത്തിക്കുന്ന ശുദ്ധീകരണ പ്രക്രിയ യുടെ രേഖാ ചിത്രവും, ചെറു മാതൃകയും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ വിവരണങ്ങളും സ്റ്റാളിൽ നിന്ന് നൽകും. ജലസേചന വകുപ്പിൻ്റെ നേതൃത്വത്തിൽ മലങ്കര ഡാം, പട്ടിശ്ശേരി ഡാം, തടയണ ( വിസിബി ) എന്നിവയുടെ ചെറു മാതൃകകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഡാമിലൂടെ സഞ്ചരിക്കുന്നതിൻ്റെ വർച്വൽ റിയാലിറ്റിയും സന്ദർശകർക്ക് അനുഭവിക്കാനാകും. ജലനിധി ജലവിതരണ പ്രക്രിയയുടെ ചെറുമാതൃക, ജലഗുണനിലവാര പരിശോധനക്ക് ഉപയോഗിക്കുന്ന പി.എച്ച് മീറ്റർ, ടർബിഡിറ്റി മീറ്റർ, കണ്ടക്ടിവിറ്റി മീറ്റർ, മണ്ണിന് അടിയിൽ കൂടിയുള്ള ജലവിതരണ പൈപ്പുകളുടെ പൊട്ടലുകൾ കണ്ടെത്താനുപയോഗിക്കുന്ന ശബ്ദ സംവിധാന ഉപകരണം ലീക്ക് ഡിറ്റക്ഷൻ ഡിവൈസ് എന്നിവയും സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച കല്ലുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ജലവിഭവ വകുപ്പിൻ്റെ നേതൃത്വത്തിൽ നിർമ്മാണം പുരോഗമിക്കുന്ന ജല ശുദ്ധീകരണ ശാലയുടെ ചിത്രങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ ജലഗുണനിലവാര പരിശോധനയ്ക്കും സന്ദർശകർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജലസംരക്ഷണ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന ഫോട്ടോ പോയിൻ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഭൂജല പരിപാലന മാർഗങ്ങൾ, ജലവിഭവ വകുപ്പ് ജില്ലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ, നൽകുന്ന സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ലഘുലേഖകൾ, ജല പരിശോധന വിവരങ്ങൾ വിശദമാക്കുന്ന കൈപുസ്തകങ്ങൾ എന്നിവയും സ്റ്റാളുകളിൽ വിതരണം ചെയ്യുന്നുണ്ട്. എൻ്റെ കേരളം പ്രദർശന വിപണന മേള മെയ് 5 ന് സമാപിക്കും. രാവിലെ 10 മുതൽ രാത്രി 7.30 വരെയാണ് സ്റ്റാളുകളുടെ പ്രവർത്തന സമയം. പ്രവേശനം സൗജന്യമാണ്.
ചിത്രം: എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ജലവിഭവ വകുപ്പ് സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളുകൾ
- Log in to post comments