അലങ്കാര മത്സ്യങ്ങളുടെ വർണ കാഴ്ചകളുമായി മത്സ്യ വകുപ്പ് സ്റ്റാൾ
ചുവപ്പും പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ അക്വേറിയത്തിലൂടെ ഓടി കളിക്കുന്ന കുഞ്ഞൻ വർണ മത്സ്യം 'ടെട്രാ' കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആകർഷിക്കുന്നു. വെളുത്ത മത്സ്യ സുന്ദരി ജയ്ൻ്റ് ഗൗരാമിയും, കറുത്ത സുന്ദരി എയ്ഞ്ചലും, ഗോൾഡ് ഫിഷും, കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം കരിമീനും അടക്കം അലങ്കാര മത്സ്യങ്ങളുടെ വർണ കാഴ്ചകളാണ് ജില്ലാ മത്സ്യ വകുപ്പ് എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയിട്ടുള്ളത്.
അലങ്കാര മത്സ്യങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവർക്കും വിൽക്കാനാഗ്രഹിക്കുന്നവർക്കും മത്സ്യ വകുപ്പിൻ്റെ സ്റ്റാളുമായി ബന്ധപ്പെട്ടാൽ കർഷകരുടെ വിവരങ്ങൾ ലഭിക്കും. വീട്ടുമുറ്റത്ത് മത്സ്യക്കുളം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാങ്കേതിക സഹായവും നിർദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും.
ജില്ലയിൽ വ്യാപകമായി നടപ്പാക്കുന്ന പടുതാകുളത്തിലെ മത്സ്യ കൃഷി സംബന്ധിച്ച വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും. പടുതാക്കുളത്തിലെ മത്സ്യ കൃഷിക്ക് 40 ശതമാനം സബ്സിഡി ലഭിക്കും. വനിതാ, പട്ടിക ജാതി വിഭാഗങ്ങൾക്ക് 60 ശതമാനം സബ്സിഡിയും പട്ടിക വർഗ വിഭാഗത്തിന് 100 ശതമാനം സബ്സിഡിയും ലഭിക്കും. തിലാപ്പിയ, ആസാം വാള, അനാബസ്, കാർപ്പ് എന്നീ മത്സ്യങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
പ്രധാനമന്ത്രി മത്സ്യ സംപദാ യോജന, ജനകീയ മത്സ്യ കൃഷി പദ്ധതി, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർ എ എസ്), ബയോ ഫ്ളോക്ക് സിസ്റ്റം, അലങ്കാര മത്സ്യ വിത്തുൽപ്പാദന യൂണിറ്റുകൾ, മത്സ്യ സേവന കേന്ദ്രം, ഫിൻ ഫിഷ് ഹാച്ചറി, ഫിഷ് കിയോസ്ക്കുകൾ, ലൈവ് ഫിഷ് വെൻഡിംഗ് യൂണിറ്റുകൾ, അർധ ഊർജിത മത്സ്യ കൃഷി, പിന്നാമ്പുറ മത്സ്യ വിത്തുല്പാദന യൂണിറ്റുകൾ എന്നിങ്ങനെ ജില്ലയിൽ നടപ്പാക്കുന്ന മത്സ്യ അനുബന്ധ പദ്ധതികളുടെ വിവരങ്ങളും സ്റ്റാളിൽ നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികളായ സമ്പാദ്യ സമാശ്വാസ പദ്ധതി, ലപ്സം ഗ്രാൻ്റ്, ഇ-ഗ്രാൻ്റ്സ്, സൊസൈറ്റി ഫോർ അസിസ്റ്റൻ്റ് ടു ഫിഷർ വിമൻ എന്നിവയുടെ വിശദാംശങ്ങളും സ്റ്റാളിൽ നിന്ന് ലഭിക്കും.
ഫോട്ടോ: എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ ജില്ലാ മത്സ്യ വകുപ്പിൻ്റെ സ്റ്റാളിൽ അലങ്കാര മത്സ്യ പ്രദർശനം വീക്ഷിക്കുന്ന സന്ദർശകർ
- Log in to post comments