എന്റെ കേരളം; കണ്ണൂരിന്റെ കലാകാശത്ത് സംഗീതത്തിന്റെ അസുലഭ വിരുന്നൊരുക്കി പണ്ഡിറ്റ് രമേഷ് നാരായണ്‍
'ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുനയാരുടേതാവാം..' ഈ ഗാനത്തിന്റെ അനശ്വരമായ സംഗീതം ഹൃദയത്തിലേറ്റിയവരാണ് ലോക മലയാളികള്‍. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സൗന്ദര്യവും ചലച്ചിത്രഗാന സൗകുമാര്യവും കൊണ്ട് ജനങ്ങള്‍ ഹൃദയത്തിലേറ്റിയ സംഗീതജ്ഞന് പണ്ഡിറ്റ് രമേഷ് നാരായണന്റെ ഗാനങ്ങള്‍ 'എന്റെ കേരളം' വേദിയില്‍ സംഗീത പ്രേമികളുടെ മനം കവര്‍ന്നു. പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച 'ഒരു നറു പുഷ്പമായ്' മെഹ്ഫില്‍ ഖയാലും ഗസലും സിനിമാ സംഗീതവും കൈകോര്‍ത്തു. പ്രിയമുള്ളവനേ...പ്രിയമുള്ളവനേ....വിരഹവുമെന്തൊരു മധുരം, പറയാന്‍ മറന്ന പരിഭവങ്ങള്‍..........,വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ... സ്മരണകള്‍ തിരയായ് പടരും.....ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ കാണികളെ പിടിച്ചിരുത്തി. മധുവന്തി നാരായണന്റെ ആരാധികേ..മഞ്ഞുതിരും വഴിയരികേ....എന്ന ഗാനം ഹൃദയസ്പര്‍ശിയായി. മധുശ്രീ നാരായണനും വേദിയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു. 2015 ലെ മികച്ച പിന്നണി ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവാണ് മധുശ്രീ നാരായണന്. അമ്പിളി സിനിമയിലെ ആരാധികേ എന്ന ഗാനത്തിലൂടെ ജനപ്രീതി നേടിയ ഗായികയാണ് മധുവന്തി നാരായണന്. ഒന്‍പത് പേര് ചേര്‍ന്നാണ് കലാസന്ധ്യ ഒരുക്കിയത്. സംഗീത സന്ധ്യയില്‍ ഷെറോണ് റോയ് ഗോമിന്റെ കീബോര്‍ഡും ബാലഗോപാലന്റെ വയലിനും എമില്‍ ജോസിന്റെ ബാസും വേദിയെ ധന്യമാക്കി. രാജേഷ് കൃഷ്ണ താളവാദ്യവും ആദര്‍ശ് പി ഹരീഷ് ഹാര്‍മോണിയവും ജയലാല്‍ തബലയും ശ്രുതിചേര്ത്തതോടെ കണ്ണൂര്‍ പോലീസ് മൈതാനി സംഗീത സാന്ദ്രമായി. ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായണ്‍ ഗര്‍ഷോം, ഇലയും മുള്ളും, മഗ്രിബ്, മേഘ മല്‍ഹാര്‍, മകള്‍ക്ക്, അന്യര്‍, ശീലാബതി തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
- Log in to post comments