Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയിലെ തിരക്ക്

എന്റെ കേരളം, സരസ് മേളകള്‍ ആഘോഷമാക്കി കോഴിക്കോട്

 

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയും കുടുംബശ്രീ ദേശീയ സരസ് മേളയും ആഘോഷമാക്കി കോഴിക്കോട്. മേള ഏഴ് ദിവസം പിന്നിട്ടപ്പോള്‍ പതിനായിരങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപ ജില്ലകളില്‍നിന്നുമായി കുടുംബസമേതം പ്രദര്‍ശന നഗരിയില്‍ എത്തിയത്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെ തുടരുന്ന മേളയില്‍, സര്‍ക്കാറിന്റെ വികസനക്കാഴ്ചകളും സേവനങ്ങളും മറ്റു ആകര്‍ഷണങ്ങളും കാണാനും അറിയാനും ആസ്വദിക്കാനുമായി നിലക്കാത്ത ജനപ്രവാഹമാണ്. മേളയോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ അരങ്ങേറിയ കലാപരിപാടികളെ നിറഞ്ഞ സദസ്സാണ് വരവേറ്റിരുന്നത്. 

വേനലവധിക്കാലം ആഘോഷമാക്കാന്‍ കുടുംബസമേതമാണ് ആളുകള്‍ എത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെ എന്റെ കോഴിക്കോട് സെല്‍ഫി പോയിന്റ്, ഐപിആര്‍ഡിയുടെ മാഗസിന്‍ കവര്‍പേജ് ഫോട്ടോ ബൂത്ത്, വിനോദസഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഫോട്ടോ പോയിന്റ് എന്നിവിടങ്ങളിലും മറ്റും ഫോട്ടോയെടുക്കാനും കായിക വകുപ്പൊരുക്കിയ ഗെയിമുകളില്‍ പങ്കാളികളാകാനും പ്രായഭേദമന്യേ ആളുകള്‍ ആവേശത്തോടെയാണ് മുന്നോട്ടുവരുന്നത്.  

ദേശീയ സരസ് മേളയോടനുബന്ധിച്ചുള്ള ഫുഡ്‌കോര്‍ട്ട് രാത്രി 12 വരെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള രുചിക്കൂട്ടുകള്‍ ആസ്വദിക്കാന്‍ ആളുകള്‍ ഒഴുകിയെത്തുന്നുണ്ടെങ്കിലും ചിട്ടയായ ക്രമീകരണങ്ങളും കൂപ്പണുകളുമായി തിരക്ക് നിയന്ത്രിക്കാനാവുന്നു. സരസ് മേളയിലെ വിപണന സ്റ്റാളുകളില്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്റെ കേരളം മേളയിലെ സപ്ലൈക്കോ, കൈത്തറി, ഖാദി, വനം വകുപ്പ്, മില്‍മ, കണ്‍സ്യുമര്‍ഫെഡ് തുടങ്ങിയ സ്റ്റാളുകളില്‍നിന്നും വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. 

രസകരമായ കളികളും ചിന്തിപ്പിക്കുന്ന ചോദ്യോത്തര മത്സരങ്ങളും മേളയില്‍ എത്തുന്നവരെ ആകര്‍ഷിക്കുന്നു. വ്യത്യസ്ത കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ക്രിയേറ്റിവിറ്റി കോര്‍ണര്‍, കാലിക പ്രാധ്യാന്യമുള്ള വിഷയങ്ങളെ അടിസ്ഥാമാനമാക്കിയുള്ള സെമിനാറുകള്‍, ലഹരിക്കെതിരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ക്യാമ്പയിനിന്റെ ഭാഗമായ കായിക പ്രദര്‍ശനം എന്നിവയോടൊപ്പം കണ്ടുമറഞ്ഞ ഒരുപിടി നല്ല സിനിമകള്‍ കാണാനും അവസരമൊരുക്കിയിട്ടുണ്ട്. മേള മെയ് 12ന് സമാപിക്കും.

date