മുഖാമുഖം; ആശംസകളുമായി പ്രിയ എഴുത്തുകാര്‍
മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ടി പത്മനാഭനും എം മുകുന്ദനും മുഖാമുഖം പരിപാടിയില്‍ ആശംസകളുമായെത്തി. ചരിത്രം ഉദിച്ചു പൊങ്ങി നില്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ടി പത്മനാഭൻ വേദിയെ അറിയിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് വേദി അത് ഏറ്റുവാങ്ങിയത്. സര്‍ക്കാര്‍ പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്നത് എല്ലാ മലയാളികളെയും ആവേശം കൊള്ളിക്കുന്നതായി എം മുകുന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ 10 വര്‍ഷം തികയ്ക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ പാവങ്ങള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ശക്തിപെടുത്തുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം മുകുന്ദന്‍ ആവശ്യപ്പെട്ടു. ടൂറിസം രംഗം ശക്തിപ്പെടുത്തുമെന്നും എല്ലാ തരത്തിലുമുള്ള സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ നല്ല ജാഗ്രത ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പാവങ്ങള്‍ക്കും ഒരു നേരം ഭക്ഷണം എന്നത് കോവിഡ് ഘട്ടത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതാണ്. കോവിഡ് കാലത്ത് ഭക്ഷണം ലഭിക്കാത്ത ആളുകള്‍ക്കെല്ലാം ഭക്ഷണം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീട് അത്രത്തോളം ആവശ്യമായി വന്നിട്ടില്ല. ജനകീയ ഹോട്ടലുകളില്‍ കാശില്ലാതെ ഭക്ഷണം ലഭ്യമാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ക്രിയാത്മക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ മുഖാമുഖം
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ എഴുനൂറിലധികം പേര്‍ പങ്കെടുത്തു. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട 16 പേര്‍ മുഖ്യമന്ത്രിയുമായി സംവദിച്ചു.
ജൂണിന് മുമ്പ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും
ജൂണിന് മുമ്പ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായ് 4500 ആപ്ത വളണ്ടിയര്‍മാരും 6500 സന്നദ്ധ വളണ്ടിയര്‍മാരുമുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിന് പുറമേ യുവ ആപ്ത മിത്ര എന്ന പേരില്‍ കമ്മ്യൂണിറ്റി വളണ്ടിയര്‍മാരെ നിയമിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ ഈ മേഖലയില്‍ പരിശീലനം നല്‍കി സജ്ജരാക്കും. ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തിര പ്രതികരണ സേനകള്‍ രൂപീകരിച്ചിട്ടുണ്ട്. ദുരന്ത സാധ്യതാ മുന്നറിയിപ്പ്, രക്ഷാപ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ, ക്യാമ്പ് മാനേജ്മെന്റ് എന്നീ നാല് മേഖലകളില്‍ പരിശീലനം സിദ്ധിച്ച പത്ത് ആളുകള്‍ വീതമുള്ള സേനയെയാണ് രൂപീകരിച്ചിട്ടുള്ളത്. കേരളത്തില്‍ 1054 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്. 10340 പേര്‍ക്ക് തുടര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ആശുപത്രി സുരക്ഷാ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 1280 പൊതുമേഖലാ ആരോഗ്യ കേന്ദ്രങ്ങളിലെ രണ്ട് പ്രതിനിധികള്‍ക്ക് വീതം 2500 പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസികളുടെ ആവാസ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഉന്നതല ആദിവാസി ദുരന്ത നിവാരണ പദ്ധതി വഴി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാട്ടറിവുകള്‍ കൂടി ഇതിനായി പ്രയോജനപ്പെടുത്തും. അടിയന്തിര ഘട്ടങ്ങളില്‍ പെട്ടെന്ന് ഇടപെടുന്നത് പ്രാദേശികമായിട്ടുള്ള ആള്‍ക്കാരാണ്. ശാസ്ത്രീയമായ പരിശീലനത്തിലൂടെ അധ്യാപകരെ ദുരന്ത പ്രതിരോധത്തിന് സജ്ജരാക്കാന്‍ ടീച്ചേഴ്സ് ബ്രിഗേഡും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്യജീവി ശല്യം ശക്തമായ നടപടി സ്വീകരിക്കും
വന്യജീവി ശല്യം പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒന്‍പത് ആര്‍ ആര്‍ ടികള്‍ പുതുതായി രൂപീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സെന്‍സര്‍ വാളുകള്‍, ക്യാമറ ട്രാപ്, അലാറം സിസ്റ്റം എന്നിവയും നടപ്പിലാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം കൂടി ഈ വിഷയത്തില്‍ വേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലേക്കിറങ്ങുന്ന വന്യജീവികള്‍ പ്രധാന പ്രശ്നം തന്നെയാണ്. കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക എന്നുള്ളതാണ് പ്രധാന മാര്‍ഗം. നമ്മുടെ രാജ്യത്ത് ഇത്തരം ജീവികളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. ഈ നിയമത്തില്‍ അയവ് വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റെത്. കാട്ടുപന്നിയുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പ്രശ്നത്തെ ഗൗരവമായിക്കണ്ട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ജലാശയങ്ങള്‍ വൃത്തിയാക്കിയും പുതിയ മഴവെള്ള സംഭരണികള്‍ ഉണ്ടാക്കിയും സസ്യങ്ങള്‍ വളര്‍ത്തിയും അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്തും വന്യജീവികള്‍ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ കാടുകളില്‍ ഒരുക്കും. വനങ്ങളിലെ 1436 കുളങ്ങളും 308 വാട്ടര്‍ ഹോളുകളും വയലുകളും പുല്‍മേടുകളും ഇതിനോടകം തന്നെ പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മിഷന്‍ സോളാര്‍ ഫെന്‍സിങ്ങിന്റെ ഭാഗമായി 848 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ്ങ് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ 120 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ്ങ്, പത്ത് കിലോമീറ്റര്‍ വേവ് ഫെന്‍സിങ്ങ്, 68 കിലോമീറ്റര്‍ ആന കിടങ്ങ് ഇതൊക്കെ ഈ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രീയ അറവുശാലകള്‍ വേണം
ശാസ്തീയ അറവുശാലകള്‍ ഉണ്ടാവുക എന്നുള്ളത് വളരെ പ്രധാനമാണ്. ശാസ്ത്രീയ അറവുശാലകള്‍ ഇല്ലാത്ത പ്രശ്നം സമൂഹത്തെ നന്നായി ബാധിക്കുന്നുണ്ട്. കൂടുതല്‍ ശാസ്ത്രീയ അറവുശാലകള്‍ നിര്‍മ്മിക്കാന്‍ നേതൃത്വം കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ ആറളം ഫാമില്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കും. ചെറിയ ഹോട്ടലുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ളത് കാലത്തിനനുസരിച്ചുള്ള മാറ്റമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ചെറിയതോതിലുള്ള കാര്യങ്ങള്‍ക്ക് അംഗീകാരം കൊടുക്കാന്‍ സാധിക്കുമോ എന്ന നിര്‍ദേശം പരിശോധിക്കും.
സ്റ്റേഡിയത്തിന് പ്രത്യേക ശ്രദ്ധ
ഫുട്ബോള്‍ രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. കായിക മന്ത്രിയുടെ പ്രത്യേക ശ്രദ്ധ ഇതിലുണ്ട്. സ്റ്റേഡിയങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പോര്‍ട്സ് കോട്ടയിലൂടെ ജോലി ലഭിച്ചവര്‍ സ്പോര്‍ട്സ് രംഗത്ത് തന്നെ പരിശീലകരായി വരുന്നത് ചര്‍ച്ച ചെയ്യും. എല്ലാ കുട്ടികളും നീന്തല്‍ പഠിക്കണം. നീന്തല്‍ പരിശീലനം കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തിന് കൂടുതല്‍ ശ്രദ്ധ
സോഷ്യല്‍ മീഡിയയിലെ വര്‍ഗീയ പ്രചരണം ഗൗരവമായ പ്രശ്നമായാണ് കാണുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് നല്ല പിന്തുണ തന്നെയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആവശ്യമായ സഹായവും പിന്തുണയും തുടര്‍ന്നും ലഭ്യമാക്കും. ഹരിത കര്‍മ്മ സേനയുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പ്രത്യേകമായി പരിശോധിച്ചു നടപടി എടുക്കും. തലശ്ശേരി ജില്ലാ കോടതിയിലെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയും പുരാരേഖകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലെ 284 ശുപാര്‍ശകളില്‍ 155 എണ്ണം ഇതുവരെ നടപ്പാക്കിയിട്ടുണ്ട്. 11 ശുപാര്‍ശകള്‍ മന്ത്രിസഭ മുമ്പാകെ പോകേണ്ടതാണ്. ബാക്കിയുള്ള സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി നടപ്പാക്കാന്‍ കഴിയുന്നവയല്ല. അത് കേന്ദ്രവുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിന് ആറളം ഫാമില്‍ സ്ഥലം എടുക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി പദ്മനാഭന്‍, എം മുകുന്ദന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പണ്ഡിറ്റ് രമേശ് നാരായണന്‍, പ്രൊഫ. യു.സി മജീദ്, കെ.കെ മാരാര്‍, പി.കെ മായിന്‍ മുഹമ്മദ് (വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്), ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാള്‍, യങ് എന്റ്ര്പ്രണര്‍ഷിപ്പ് ഫോറം ചെയര്‍മാന്‍ നിര്‍മ്മല്‍ നാരായണന്‍, ആന്തൂര്‍ നഗരസഭ ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ടി.വി സുമ, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി.കെ രമേശ് കുമാര്‍, കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കാവിയല്‍, ഫുട്ബോള്‍ താരം ബിനീഷ് കിരണ്‍, കുസാറ്റ് ശാസ്ത്രഞ്ജന്‍ എം.ജി മനോജ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ മുന്‍ എംഎഡി ഡോ പി.വി മോഹനന്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണ്‍ കെ ആര്യ എന്നിവര്‍ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രിയോട് സംവദിച്ചു.
- Log in to post comments