Skip to main content

കുട്ടനാടിനെ അടുത്തറിയാതെ എന്ത് ആലപ്പുഴക്കാരൻ, പുതുതലമുറയ്ക്ക് അറിവ് പകർന്ന് ജലസേചന വകുപ്പ്

എ ഐയുടെ  ഈ  കാലഘട്ടത്തിലും നമ്മുടെ സമ്പദ് ഘടനയുടെ നട്ടെല്ലാണ് കൃഷി. കേരളത്തിൻ്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന  കുട്ടനാടിൻ്റെ കാർഷിക  പാരമ്പര്യവും മഹിമയും  അവിടെ മാത്രമുള്ള അറിവുകളും  പുതു തലമുറക്ക്  പകരാൻ ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ  ജലസേചന വകുപ്പ് അവസരം ഒരുക്കിയിട്ടുണ്ട്.  ഇവിടെ ഒരുക്കിയിട്ടുള്ള കുട്ടനാടിൻ്റെ പാടശേഖരങ്ങളെയും ജലസേചന മാര്ഗ്ഗങ്ങളെയും വ്യക്തമാക്കുന്ന  മിനിയേച്ചർ എല്ലാം ഇഴ കീറി പറഞ്ഞുതരും. 

പച്ചപുതച്ച് പാടങ്ങൾ, ഇവക്കായി കുടപിടിച്ച പോലെ കല്പവൃക്ഷങ്ങൾ,  പുറംബണ്ടുകൾ, മോട്ടോർ ഷെഡ്, പെട്ടിയും പറയും, മോട്ടോർ തറയുടെ വർക്കിംഗ് മോഡൽ വാച്ചാല്‍, പൊതുമട, തൂമ്പ്, തോട് എന്നിവയെല്ലാം  കൃഷിയുമായി എങ്ങനെ അഭേദ്യമായി ബന്ധം പുലർത്തുന്നു എന്ന് മനസിലാക്കുവാൻ സാധിക്കും.

 പുറംബണ്ടുകളുടെ സംരക്ഷണം, ഒന്നാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയ വിവിധ പ്രവർത്തികൾ എന്നിവയെല്ലാം മിനിയേച്ചർ രൂപത്തിൽ ഇവിടെ ഒരുക്കിയിരിക്കുന്നു. നെൽകൃഷിയുടെ പുരോഗതിക്കായി പാടശേഖരങ്ങളെ സംരക്ഷിച്ചു ജലസേചന വകുപ്പ് നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങൾ ഇവിടെനിന്ന് മനസ്സിലാക്കാം.  ഒപ്പം ജലസേചന വകുപ്പ് പാടശേഖരങ്ങളുടെ സംരക്ഷണം എങ്ങനെയാണ് ചെയ്യുന്നതെന്നും സന്ദർശകർക്കായി  വിശദീകരിക്കുന്നുണ്ട്.  പഴയ മോട്ടോർ തറയും പെട്ടിയും പറയും തൂമ്പ് തുടങ്ങിയവയും അവ കൃഷിയിൽ ചെലുത്തിയിരുന്ന പ്രാധാന്യവും പുതുതലമുറയും അറിയാൻ മേള ഉപകരിക്കുന്നു.

date