എന്റെ കേരളം പ്രദര്‍ശന-വിപണനമേള ബുധനാഴ്ച (മെയ് 14) മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും - മെയ് 14 മുതല്‍ 20 വരെ - പ്രവേശനം സൗജന്യം - പ്രിയമേറും കലാപരിപാടികള്‍
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന് ബുധനാഴ്ച (മെയ് 14) തുടക്കമാകും. സര്‍ക്കാരുകള്‍ കഴിഞ്ഞ ഒമ്പതുവര്‍ഷകാലയളവില്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന-ജനക്ഷേമ-സേവനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന മേളയ്ക്കാണ് ആശ്രാമം മൈതാനം വേദിയാകുക. വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും, വേറിട്ട രുചികളുടെഫുഡ് കോര്‍ട്ടുകളുമുണ്ടാകും. വിസ്മയ-കൗതുകകാഴ്ചകള്‍ക്കൊപ്പം വേറിട്ട കലാപരിപാടികള്‍ ദിവസവും വൈകിട്ട് ആസ്വദിക്കാം. പ്രവേശനം സൗജന്യം.
ജില്ലാതല ഉദ്ഘാടനം മെയ് 14ന് വൈകിട്ട് നാലിന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ജനറല്‍ കണ്‍വീനറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സ്വാഗതം പറയും. എം.പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, ഡോ സുജിത്ത് വിജയന്‍ പിള്ള, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍, റൂറല്‍ എസ്.പി സാബു മാത്യൂ, സബ് കലക്ടര്‍ നിഷാന്ത് സിഹാര, എ ഡി എം ജി നിര്‍മല്‍കുമാര്‍, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി നഗരംചുറ്റി ബൈക്ക് റാലിയുണ്ടാകും. എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശപ്രചാരണ പരിപാടിയും അനുബന്ധമായുണ്ടാകും.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേള. 55000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 79000 ചതുരശ്ര അടിയിലാണ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും സൗജന്യസേവനങ്ങളും 156 തീം സ്റ്റാളുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 96 കമേഴ്സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉത്പന്ന പ്രദര്‍ശനവും ന്യായവിലയ്ക്കുള്ള വില്‍പനയുമാണുണ്ടാകുക.
കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികള്‍, ഭക്ഷ്യമേള, പുസ്തകമേള, കായിക-വിനോദ-വിജ്ഞാന പരിപാടികള്‍, കാരവന്‍ടൂറിസം പ്രദര്‍ശനം, സ്റ്റാര്‍ട്ടപ്പ്മിഷന്‍ പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്‌പോര്‍ട്‌സ് പ്രദര്‍ശനം, പൊലീസ് ഡോഗ് ഷോ, മിനി തിയറ്റര്‍ ഷോ, ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കായികവിനോദ മേഖല, തല്‍സമയ മത്സരങ്ങള്‍, ക്വിസ്, ഇതരആക്ടിവിറ്റി കോര്‍ണറുകള്‍, സെല്‍ഫി പോയിന്റുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം.
എന്റെ കേരളം: പ്രചാരണത്തിന് ഓട്ടോറിക്ഷകളും
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം പ്രമാണിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തിന് മുന്‍കൈയെടുത്ത് ഓട്ടോ തൊഴിലാളികളും. മികവുറ്റ പരിപാടികളുടേയും കാഴ്ചകളുടേയും സംഗമം എല്ലാവരിലേക്കുമെത്തിക്കുന്നതിനാണ് സാധാരണക്കാരായ തൊഴിലാളികളുടെ പിന്തുണയെന്ന് ആദ്യ സ്റ്റിക്കര്‍ പതിപ്പിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് പറഞ്ഞു.
ചിന്നക്കട ഓട്ടോ സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ വിവിധ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളായ പുഷ്പ്പന്‍, ബിജു, രാജന്‍, ലാലുമണി, അശോകന്‍, ദിലീപ്, കൊച്ചുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
എന്റെ കേരളം മേള സൗജന്യ സേവനങ്ങളുടെ കേന്ദ്രമാകും
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് മെയ് 11 ന് തുടങ്ങി 17 വരെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയ്ക്കൊപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആധാര്‍ എന്‍ റോള്‍മെന്റ്, അപ്ഡേഷന്‍, ആധാര്‍ കാര്‍ഡ് പ്രിന്റിംഗ്, കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ (5 വയസ്സില്‍ താഴെയുള്ളവര്‍), സംശയവിനാരണം, പ്രമേഹം, രക്താദിമര്‍ദം, ഹീമോഗ്ലോബിന്‍ പരിശോധന, ന്യൂട്രീഷ്യന്‍ കൗണ്‍സിലിംഗ്, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ഇ-ഹെല്‍ത്ത് സേവനങ്ങള്‍, മണ്ണ്പരിശോധന, കുടിവെള്ളം ഗുണനിലവാരപരിശോധന, വിവിധ ലൈസന്‍സുകള്‍ എടുക്കുന്നതിന് സംരംഭകര്‍ക്ക് ഉദ്യം, കെ-സ്വിഫ്റ്റ് രജിസ്ട്രേഷന്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കല്‍ തുടങ്ങിയ ഒട്ടേറെ സേവനങ്ങളാണ് ഒരിടത്തുതന്നെ ലഭിക്കുക.
കൃഷി-മൃഗസംരക്ഷണം, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എക്സൈസ്, വനം, പൊതുമരാമത്ത്, കിഫ്ബി, വാട്ടര്‍ അതോറിറ്റി, ജലസേചനം, കെ.എസ്.ഇ.ബി, കെ-ഫോണ്‍, വ്യവസായം, കയര്‍, തൊഴില്‍, ലോട്ടറി, ജി.എസ്.ടി, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ തീം സ്റ്റാളുകളും സജ്ജമാക്കും. ഇതുവഴി വകുപ്പുകളുടെ പ്രവര്‍ത്തനപരമ്പര തിരിച്ചറിയാനാണ് അവസരം.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ കിഫ്ബിയുടെ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം/സേവന സ്റ്റാളുകള്‍, വ്യവസായം, സഹകരണം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലുള്ള വിപണനസ്റ്റാളുകള്‍, കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഫുഡ്കോര്‍ട്ട്, വിവിധസമ്മേളനങ്ങള്‍ക്കും സെമിനാറുകള്‍ക്കും കലാപരിപാടികള്‍ക്കുമുള്ള വിശാലമായവേദി എന്നിങ്ങനെയാണ് പ്രദര്‍ശന മേഖല ഒരുക്കിയിട്ടുള്ളത്.
സെമിനാറുകള്‍, കലാമേളകള്‍
മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍, കലാപ്രകടനങ്ങള്‍, ലഹരിക്കെതിരെ ബോധവത്കരണം തുടങ്ങിയവയും സംഘടിപ്പിക്കും. മെയ് 14ന് ഉച്ചയ്ക്ക് ഒന്നിന് സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭകള്‍ക്കായി രൂപീകരിച്ച അനുയാത്ര റിഥം കലാ ട്രൂപ്പിന്റെ പരിപാടികള്‍ നടക്കും. 15ന് രാവിലെ 10ന് വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികളുടെ സംഘനൃത്തം, ക്ഷേമസ്ഥാപനങ്ങളിലെ കുട്ടികളുടെ പരിപാടികള്‍, അങ്കണവാടി പ്രവര്‍ത്തകരുടെ നാടന്‍പാട്ട്, തിരുവാതിര, കവിതപരായണം, കൈകൊട്ടിക്കളി, പെണ്‍കുട്ടികളുടെ കളരിപ്പയറ്റ്, ലഹരിവിരുദ്ധ ഡാന്‍സ്, കുളത്തുപ്പുഴ തനത് കലാസംഘത്തിന്റെ പരിപാടി, വകുപ്പിന്റെ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച സ്‌കിറ്റ് എന്നിവ അരങ്ങേറും. ഉച്ചയ്ക്ക് ഒന്നിന് എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ജീവിതമാണ് ലഹരി സെമിനാര്‍ നടക്കും.
മെയ് 16ന് ഭാരതീയ ചികിത്സാ വകുപ്പ് സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ 11 വരെ കരള്‍ പ്രവര്‍ത്തനങ്ങളും സുരക്ഷയും വിഷയത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി എസ് രാജ്, കടയ്ക്കല്‍ ആയുഷ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. റസിയ എന്നിവര്‍ സംസാരിക്കും. 11 മുതല്‍ കരള്‍ രോഗങ്ങളും ആയുര്‍വേദവും വിഷയത്തില്‍ അച്ചന്‍കോവില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം കെ അരുണ്‍ മോഹനും ഏരൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ കൃഷ്ണനും പൊതുജനങ്ങളോട് സംവദിക്കും.
മെയ് 17ന് രാവിലെ 10ന് ആരോഗ്യ വകുപ്പ് റാബീസും വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തും. ഉച്ചയ്ക്ക് ഒന്നിന് 'ജൈവ കൃഷി, പ്രകൃതി കൃഷി- അറിവുകളും സാധ്യതകളും' വിഷയത്തെ ആസ്പദമാക്കി കാര്‍ഷിക സെമിനാറുമുണ്ടാകും. 18ന് രാവിലെ 10 മുതല്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പുകളുടെ സെമിനാര്‍, ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഭിന്നശേഷി വിഭാഗത്തലുള്‍പ്പെട്ടവര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, 19ന് ഉച്ചയ്ക്ക് ഒന്നിന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 20ന് രാവിലെ 10.30ന് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍- 'ജനകീയ വിദ്യാഭ്യാസവും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും'.
അഖിലകേരള ക്വിസ് മത്സരത്തിനും എന്റെ കേരളം വേദിയാകും
സംസ്ഥാന മന്ത്രിസഭയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശനവേദിയില്‍ മെയ് 19ന് രാവിലെ 10 മുതല്‍ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന അഖിലകേരള ക്വിസ് മത്സരം നടക്കും. 10-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് സമാപന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും മെമന്റോയും ക്യാഷ് പ്രൈസും മെഡലും വിതരണം ചെയ്യും. പങ്കെടുക്കുന്നതിന് 9447719520, 9747402111 നമ്പറുകളില്‍ ബന്ധപ്പെടുക.
ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കും
സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പ് ''എന്റെ കേരളം' പ്രദര്‍ശന വിപണനമേളയിലെ പ്രധാന വേദിയില്‍ മെയ് 16 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. എം നൗഷാദ് എം.എല്‍.എ വിതരണം നിര്‍വഹിക്കും. കേരള സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ ചെയര്‍പേര്‍സണ്‍ അഡ്വ.എം.വി.ജയഡാളി അധ്യക്ഷയാകും.
മോട്ടര്‍ വാഹന വകുപ്പ് നല്‍കുന്ന തത്സമയ സേവനങ്ങളും
എന്റെ കേരളം വേദിയില്‍ വാഹന ഉടമയുടെ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ വാഹന്‍ സോഫ്‌ട്വെയറില്‍ തത്സമയം അപ്ഡേറ്റ് ചെയ്ത് നല്‍കും. വാഹനത്തിന് ഇ- ചലാന്‍ ഉണ്ടോ എന്നും തത്സമയം അറിയാം. ഇ-ചലാന്‍ തുക തത്സമയം അടയ്ക്കാം. വാഹനത്തിന്റെ നികുതി, ഓവര്‍സ്പീഡ്, ബ്ലാക്ക്‌ലിസ്റ്റ് എന്നിവ ഓണ്‍ലൈനായി തീര്‍പ്പാക്കുന്നതിന് യൂസര്‍ ഐ ഡി-യും പാസ്വേര്‍ഡും നല്‍കും. ആര്‍.സി, ലൈസന്‍സ് സംബന്ധിച്ച് നല്‍കിയിട്ടുള്ള വിവിധ അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയാം. പൂര്‍ത്തിയായ അപേക്ഷകളുടെ ആര്‍ സി, ലൈസന്‍സ് എന്നിവ തത്സമയം പ്രിന്റ് എടുത്ത് നല്‍കും. ലൈസന്‍സുകളുടെ ഡി-ഡുപ്ലിക്കേഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കും. ബോധവത്കരണത്തിന്റെ ഭാഗമായുള്ള ഡിസ്പ്ലേകള്‍, റോഡ് സുരക്ഷ സംബന്ധിച്ച പ്രശ്നോത്തരിയും വിജയികള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനവും നല്‍കും.
എല്ലാ ദിവസങ്ങളിലും കലാപരിപാടികള്‍
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി മെയ് 14 മുതല്‍ 20 വരെ വൈകിട്ട് ഏഴു മുതല്‍ ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പ്രമുഖ കലാകാര•ാര്‍ പങ്കെടുക്കുന്ന കലാവിരുന്ന് ആസ്വദിക്കാം. മെയ് 14ന് കുടുംബശ്രീ അവതരിപ്പിക്കുന്ന പ്രാദേശിക കലാകാര•ാരുടെ പരിപാടി 'കട്ട ലോക്കല്‍'. വൈകിട്ട് എട്ടിന് ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന 'നവോത്ഥാനം നവകേരളം'- മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌കാരം. 15ന് കനല്‍ കലാസംഘം അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍- 'നാടന്‍ വൈബ്സ്'. 16ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അല്‍ഫോന്‍സ് ജോസഫ് ഒരുക്കുന്ന 'ഫില്മി ബീറ്റ്സ'് സംഗീത പരിപാടി. 17ന് ഭദ്ര റെജിന്‍, സുദീപ് പലനാട് ചേര്‍ന്ന് അവതരിപ്പിക്കുന്ന 'സ്റ്റോറിടെല്ലര്‍' മ്യൂസിക്ക് ഷോ. 18ന് മര്‍സി ബാന്‍ഡിന്റെ 'യുവ' സംഗീതരാവ്. 19ന് മെഗാ ഷോ- 'ഹാപ്പി ഈവനിങ്'. സമാപനദിനമായ 20ന് പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേശ് നാരായണ്‍, മധുശ്രീ നാരായണ്‍ അവതരിപ്പിക്കുന്ന സംഗീതവിരുന്ന് 'രാഗോ•ാദം'. പ്രദര്‍ശനത്തിനും കലാപരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്.
കേരളീയരുടെ ആത്മാഭിമാനത്തിന്റെ ദൃശ്യവിരുന്ന് ബുധനാഴ്ച (മെയ് 14) ആശ്രാമം മൈതാനത്ത്
കേരളത്തിന്റെ നവോത്ഥാന പൈതൃകം മുതല്‍ നവ കേരള നിര്‍മ്മിതിയിലേക്കുള്ള യാത്രകളുള്‍പ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മള്‍ട്ടിമീഡിയ ഡിജിറ്റല്‍ ഷോ 'നവോത്ഥാനം. നവകേരളം' മെയ് 14ന് രാത്രി എട്ടിന് കൊല്ലം ആശ്രാമം മൈതാനത്ത് അവതരിപ്പിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പബ്ലിക് റിലേഷന്‍ വകുപ്പിന്റെ സംഘാടനത്തിലാണ് ഈ സവിശേഷ ദൃശ്യവിരുന്ന് അരങ്ങിലെത്തുന്നത്.
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് കീഴിലുള്ള ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും, നാടക-ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ ആണ് ഈ ദ്യശ്യവിരുന്നിന്റെ ആശയവും സംവിധാനവും നിര്‍വഹിക്കുന്നത്. ചരിത്ര ബോധത്തെയും, കാലാനുസൃത പ്രതിരോധങ്ങളെയും, കലയുടെ ആധുനിക അവതരണ സാധ്യതകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടിയാണ് നവോത്ഥാനത്തിലൂടെ ശ്രമിയ്ക്കുന്നത് .
പതിവ് സ്റ്റേജ് ഷോകളുടെ അവതരണ മാതൃകകള്‍ക്കപ്പുറം, സാമൂഹ്യ നവോത്ഥാനങ്ങളെയും, മാനവീയ പ്രതിരോധങ്ങളെയും, ഭരണമികവിനെയും, പ്രവാസ ജീവിതത്തിന്റെ സമാഗമങ്ങളെയും അടയാളപ്പെടുത്തുന്ന കലാസാംസ്‌കാരിക ദൃശ്യാനുഭവമാണ്.
പ്രളയവും കോവിഡ് മഹാമാരിയും അതിജീവിച്ച കേരളം, സാമൂഹിക നീതിയുടെയും ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളുടെയും വിജയകഥകളും ഈ ഷോയിലൂടെ ദൃശ്യവല്‍ക്കരിക്കുന്നു. ലോകം മുഴുവന്‍ വിശകലനം ചെയ്ത പ്രവാസി ജീവിതത്തിന്റെ വേദനകളും പ്രതീക്ഷകളും, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അതിന്റെ നിര്‍ണ്ണായകതയും, അവതരണത്തില്‍ ശക്തമായി പ്രതിപാദിക്കുന്നു.
ചലച്ചിത്രം, സംഗീതം, നാടകം, ശില്പകല, ചിത്രകല, നൃത്തം, ഡിജിറ്റല്‍ മീഡിയാ പ്രൊജക്ഷനുകള്‍,അത്യാധുനിക ഡിജിറ്റല്‍ ലൈറ്റിംഗ് സാധ്യതകള്‍ എന്നിവയുടെ സഹകരണത്തിലൂടെ നവോത്ഥാനം. നവകേരളം മലയാളിയുടെ ആത്മാഭിമാനത്തില്‍ പ്രജ്വലിപ്പിക്കുന്ന ഒരു ദൃശ്യ വിസ്മയമായി മാറുന്നു.
ഈ ദൃശ്യവിരുന്നിന്റെ ഭാഗമായി കേരളത്തിലെ വിവിധ കലാ വിഭാഗങ്ങളിലെ പ്രശസ്തരും പരിചയസമ്പന്നരുമായ എഴുപതിലധികം കലാകാരരും ടെക്‌നീഷ്യ•ാരും അടങ്ങുന്ന സംഘമാണ് നവോത്ഥാനത്തെ അരങ്ങിലെത്തിക്കുന്നത്.
- Log in to post comments