Skip to main content

സംരംഭകര്‍ക്ക് ആശ്വാസമായി ബാങ്കേഴ്സ് മീറ്റ്

പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലെ സംരംഭങ്ങള്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ ആശ്വാസകരമായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച ബാങ്കേഴ്സ് മീറ്റ്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് പരിപാടി സംഘടിപ്പിച്ചത്. പി നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങളാണ് ജില്ലക്ക് അനുയോജ്യമായിട്ടുള്ളതെന്നും ആ മേഖല പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംരംഭകര്‍ക്ക് ആവശ്യമായ വായ്പ അനുവദിക്കുന്നതിനുള്ള നടപടികള്‍ ബേങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. സംരംഭകര്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. ആ സാധ്യതകള്‍ സംരംഭകള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. ദിനേശ് അധ്യക്ഷത വഹിച്ചു. അഞ്ജന ദേവ്, സി കെ മുജീബ് റഹ്‌മാന്‍ പ്രസംഗിച്ചു. പി സ്മിത സ്വാഗതവും എ അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. വ്യവസായ വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ച സംരംഭകര്‍ക്ക് വിവിധ ബാങ്കുകള്‍ അനുവദിച്ച വായ്പ വിതരണം ചെയ്തു. ബാങ്ക് പ്രതിനിധികളും സംരംഭകരുമായുള്ള മുഖാമുഖവും നടന്നു. എസ്.ബി.ഐ, കാനറ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ പത്തോളം ബാങ്കുകളുടെയും സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ ബാങ്കേഴ്സ് മീറ്റില്‍ പങ്കെടുത്തു.

date