Skip to main content

ഏര്‍ലി വാണിങ് സിസ്റ്റം  മനുഷ്യ- വന്യജീവി സംഘര്‍ഷ പരിഹാരത്തിലേക്കുള്ള മികച്ച കാല്‍വെയ്പ്പ് : മന്ത്രി എ.കെ ശശീന്ദ്രന്‍ പാലക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ നടപ്പാക്കിയ ഏര്‍ലി വാര്‍ണിങ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

 

നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏര്‍ലി വാണിങ് സിസ്റ്റം മനുഷ്യ- വന്യജീവി സംഘര്‍ഷ പരിഹാരത്തിലേക്കുള്ള മികച്ച കാല്‍വെയ്പാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മനുഷ്യ- വന്യജീവി സംഘര്‍ഷം എന്ന സംസ്ഥാനത്തെ വലിയൊരു സാമൂഹ്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം മുന്‍കൂട്ടി അറിയുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമായി പാലക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ നടപ്പാക്കിയ ഏര്‍ലി വാര്‍ണിങ് സിസ്റ്റം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങി വരുന്നുണ്ടെന്ന് അറിയിക്കുന്നതാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം. ഈ സംവിധാനം ഫലപ്രദമാണെന്ന് കണ്ടാല്‍ തീര്‍ച്ചയായും സമാനമായ പ്രശ്‌നങ്ങളുള്ള മേഖലയിലേക്ക് വ്യാപിപ്പിക്കുക എന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാട്ടിലെ മൃഗങ്ങളെയെല്ലാം ഇല്ലാതാക്കി വന്യജീവി സംഘര്‍ഷം അവസാനിപ്പിക്കാമെന്ന് ആരും ചിന്തിക്കുമെന്ന് തോന്നുന്നില്ല. കാട്ടിലെ മൃഗങ്ങളും കാടും പുഴയും അരുവിയും എല്ലാം ഉണ്ടെങ്കിലേ പ്രകൃതിയും ഉള്ളൂ എന്ന തിരിച്ചറിവുള്ളവരാണ് കേരളീയ ജനസമൂഹം. ഈ സമൂഹം ഇത്തരം ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ ജയപ്രകാശ്, മലമ്പുഴ  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍.ഇന്ദിര, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആര്‍ ബിന്ദു, സുനിത അനന്തകൃഷ്ണന്‍, എം.വി സജിത, വന്യജീവി വിഭാഗം ഉത്തരമേഖല ഫോറസ്റ്റ്‌സ് ചീഫ് കണ്‍സര്‍വേറ്ററും പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ്‌സ് ചീഫ് കണ്‍സര്‍വേറ്റര്‍ കൂടിയായ ടി. ഉമ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൂടിയായ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഭരണം) പ്രമോദ് ജി.കൃഷ്ണന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസഫ് തോമസ്, മറ്റ് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date